ad
Deshabhimani

ഡിവൈഎഫ്‌ഐ ജില്ലാസമ്മേളനം സമാപിച്ചു

ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ അണിചേരുക

ഡിവൈഎഫ്‌ഐ ജില്ലാസമ്മേളനത്തിന്റെ സമാപനംകുറിച്ച് തലശേരിയിൽ നടന്ന പ്രകടനം

ഡിവൈഎഫ്‌ഐ ജില്ലാസമ്മേളനത്തിന്റെ സമാപനംകുറിച്ച് തലശേരിയിൽ നടന്ന പ്രകടനം

വെബ് ഡെസ്ക്

Published on Jul 02, 2026, 02:42 AM | 2 min read

തലശേരി

(കൂത്തുപറന്പ്‌ രക്തസാക്ഷിനഗർ) ​സമൂഹത്തിന്റെ സമാധാനത്തിനും യുവതലമുറയുടെ സുരക്ഷിതമായ ഭാവിക്കും ഭീഷണിയായ ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാസമ്മേളനം അഭ്യർഥിച്ചു. വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് വിവിധതരത്തിലുള്ള മയക്കുമരുന്നുകൾ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യം അതീവ ആശങ്ക പടർത്തുന്നതാണ്. വസ്തുക്കളുടെ വിതരണശൃംഖലയിൽ വിദ്യാർഥികളും യുവാക്കളും അകപ്പെടുകയാണ്. ​ ലഹരി സംഘങ്ങൾക്ക്‌ യുവത്വത്തെ വിട്ടുകൊടുക്കില്ലെന്നും മയക്കുമരുന്ന്‌ മാഫിയാ സംഘങ്ങൾക്കെതിരായ ജനകീയ ക്യാന്പയിന്‌ ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. ​പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസം പ്രവർത്തന–സംഘടനാ റിപ്പോർട്ടിലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി സരിൻ ശശി, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവർ മറുപടി നൽകി. സംഘാടക സമിതി തയ്യാറാക്കിയ പത്രം സംസ്ഥാന ഭാരവാഹികൾ പ്രകാശിപ്പിച്ചു. പി എം അഖിൽ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം വിജിൻ, എം ഷാജർ എന്നിവർ സംസാരിച്ചു. പി വി സച്ചിൻ നന്ദി പറഞ്ഞു. പുതിയ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ​സമ്മേളന സമാപനം കുറിച്ചുള്ള പ്രകടനം പ്രതിനിധി സമ്മേളന നഗരിയായ കൂത്തുപറന്പ്‌ രക്തസാക്ഷി നഗറിൽനിന്നാരംഭിച്ച്‌ പുതിയബസ്‌സ്‌റ്റാൻഡിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ അനുശ്രീ അധ്യക്ഷയായി. ജില്ല സെക്രട്ടറി മുഹമ്മദ്‌ അഫ്‌സൽ സ്വാഗതം പറഞ്ഞു. യുവധാര സംഘടിപ്പിക്കുന്ന ലോകകപ്പ്‌ പ്രവചന മത്സര വെബ്‌സൈറ്റ്‌ ഫുട്‌ബോൾ താരം പി കെ മിഥുൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, എ എൻ ഷംസീർ, എം ഷാജർ, എം വിജിൻ, സരിൻ ശശി, സി കെ രമേശൻ എന്നിവർ സംസാരിച്ചു.


സ്ത്രീസുരക്ഷാ പദ്ധതി 
നിർത്തലാക്കരുത്‌:
ഡിവൈഎഫ്‌ഐ

തലശേരി

സ്‌ത്രീസുരക്ഷാ പദ്ധതി നിർത്താനുള്ള നീക്കത്തിൽനിന്ന്‌ സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. എൽഡിഎഫ്‌ ഭരണകാലത്ത് 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കായാണ്‌ പദ്ധതി നടപ്പാക്കിയത്‌. പ്രതിമാസം 1000 രൂപ സ്ത്രീകൾക്ക് ലഭിക്കുന്ന പദ്ധതിയിൽ ഇതുവരെ 20 ലക്ഷത്തോളം പേർ അംഗങ്ങളായി. യുഡിഎഫ്‌ സർക്കാർ വന്നതിനുശേഷം സ്ത്രീസുരക്ഷാ പദ്ധതിയെ തകർക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. പിണറായി സർക്കാർ തുടങ്ങിവച്ച ക്ഷേമ പദ്ധതികൾ അന്ധമായ രാഷ്ട്രീയ വിരോധത്താൽ തകർക്കാനുള്ള നീക്കം അപലപനീയമാണ്. സ്ത്രീസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവർക്ക്‌ അടിയന്തരമായി പണം നൽകണമെന്നും പദ്ധതി മുന്നോട്ട്‌ കൊണ്ടുപോകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പിഎംഎവൈ വീടുകളിൽ കേന്ദ്ര സർക്കാരിന്റെ ലോഗോ നിർബന്ധമാക്കണമെന്ന പ്രസ്‌താവന മന്ത്രി കെ എം ഷാജി പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതിപ്പണവും ഭരണസംവിധാനവും ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതികളെ വ്യക്തികളുടെയോ രാഷ്ട്രീയ പാർടികളുടെയോ പ്രചാരണോപാധിയാക്കി മാറ്റുന്നത്‌ ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല. എൽഡിഎഫ് ഭരണത്തിലിരുന്നപ്പോൾ ഇതിനെതിരെ ശക്തമായ രംഗത്ത് വരികയും ലോഗോ പതിക്കുന്നത് വീട് ലഭിക്കുന്നവരുടെ ആത്മാഭിമാനത്തെ ബാധിക്കുന്നതിനാൽ നടപ്പാക്കാനാവില്ലെന്ന്‌ വ്യക്തമാക്കിയതുമാണെന്നും പ്രമേയത്തിൽ വ്യക്തമാക്കി.


കെ അനുശ്രീ പ്രസിഡന്റ്‌, 
മുഹമ്മദ്‌ അഫ്‌സൽ സെക്രട്ടറി

​തലശേരി ​ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി മുഹമ്മദ്‌ അഫ്‌സലിനെയും കൂത്തുപറന്പ്‌ രക്തസാക്ഷി നഗറിൽ ചേർന്ന സമ്മേളനം തെരഞ്ഞെടുത്തു. വി കെ നിഷാദ്, എ പി അൻവീർ, ഷിബിൻ കാനായി (വൈസ് പ്രസിഡന്റ്‌), പി എം അഖിൽ, പി പി അനിഷ, പി പി സിദിൻ (ജോ. സെക്രട്ടറി), മുഹമ്മദ്‌ സിറാജ് (ട്രഷറർ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ. ​കണ്ണൂർ ജില്ലയിലെ ഡിവൈഎഫ്‌ഐയുടെ ചരിത്രത്തിൽ ആദ്യമായാണ്‌ വനിത ജില്ലാപ്രസിഡന്റാവുന്നത്‌. സിപിഐ എം ജില്ലാകമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്തംഗവും എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്‌ കെ അനുശ്രീ. സിപിഐ എം ജില്ലാകമ്മിറ്റി അംഗമായ മുഹമ്മദ്‌ അഫ്‌സൽ നിലവിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാണ്‌. 55 അംഗ ജില്ലാ കമ്മിറ്റിയെയും 17 അംഗ സെക്രട്ടറിയറ്റിനെയും 57 സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാസമ്മേളനം തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home