അണ്ടലൂർ കാവിൽ ദൈവത്താറിന്റെ തിരുമുടിയുയർന്നു

ധർമടം
അണ്ടലൂർ കാവിൽ ദൈവത്താറിന്റെ തിരുമുടിയുയർന്നു. തിങ്കൾ രാത്രി ഒന്പതരയോടെയാണ് തിരുമുടി ഉയർന്നത്. ദൈവത്താർ, അങ്കക്കാരൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾക്കൊപ്പം വില്ലുകാരുടെ ക്ഷേത്ര പ്രദക്ഷിണവുമായി അണ്ടലൂർകാവ് ഇനി മൂന്ന് രാപകൽ നീളുന്ന ആഘോഷലഹരിയിലാവും. രാമായണ കഥയെ ആസ്പദമാക്കിയുള്ള കെട്ടിയാട്ടങ്ങളാണ് അണ്ടലൂരിലേത്. തിങ്കൾ പുലർച്ചെ സീതയും മക്കളും (അതിരാളവും മക്കളും) കെട്ടിയാടിയതോടെയാണ് അണ്ടലൂരിൽ തെയ്യാട്ടത്തിന് തുടക്കമായത്. പകൽ മൂന്നോടെ മേലേക്കാവിൽ ബാലി സുഗ്രീവനും ബപ്പൂരനും കെട്ടിയാടി. തൂവ്വക്കാരി, മലക്കാരി, പൊന്മകൻ, പുതുച്ചേകോൻ, നാഗഭാഗവതി, നാഗകണ്ഠൻ, വേട്ടക്കൊരുമകൻ തുടങ്ങിയ തിറയാട്ടങ്ങളും അരങ്ങിലെത്തി. കെട്ടിയാട്ടങ്ങൾക്ക് തുടക്കമായതോടെ അണ്ടലൂരിലെ വീടുകൾ അതിഥി സൽക്കാരത്തിന്റെ തിരക്കിലാണ്. അവലും മലരും പഴവുമാണ് വിരുന്നെത്തുന്നവർക്കുള്ള പ്രധാന വിഭവം. ചൊവ്വാഴ്ച പുലർച്ചെ പാലയാട് ദേശവാസികളുടെ കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു താഴെ കാവിലെ ആട്ടത്തിന് ശേഷമുള്ള ദൈവത്താറിന്റെ തിരിച്ചെഴുന്നള്ളത്ത്. വെള്ളി പുലർച്ചെ തിരുമുടി അറയിൽ തിരിച്ചുവയ്‌ക്കുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.










0 comments