Deshabhimani

വിളയുന്നു, കൂട്ടായ്‌മയുടെ കുട്ടിപ്പാഠം

വിളവെടുത്ത പച്ചക്കറികളുമായി മാവിലായി എൽപി സ്കൂളിലെ  കുട്ടികളും അധ്യാപകരും

വിളവെടുത്ത പച്ചക്കറികളുമായി മാവിലായി എൽപി സ്കൂളിലെ കുട്ടികളും അധ്യാപകരും

avatar
ഇ പ്രഭാകരൻ

Published on Mar 06, 2026, 02:30 AM | 1 min read

മാവിലായി

ഇളംകാറ്റിൽ ഇളകിയാടുന്ന പടവലവും, പാവലും, പയറും കാഴ്ചയുടെ വിസ്മയം ഒരുക്കുന്നു. വിഷുവിന് മുന്പ്‌ വിളവെടുക്കാൻ പാകമായ വെള്ളരി, ഇടതൂർന്ന ഇലകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഇളവനും, മത്തനും. ആളോളം വലിപ്പത്തിൽ വളർന്ന്, നിറയെ കായ്ച്ചുനിൽക്കുന്ന വെണ്ട. വെള്ളയും വയലറ്റും നിറത്തിൽ വഴുതന. ചീര, പൊട്ടിക്ക, കക്കിരി...... തീർന്നില്ല. ഇലക്കുമ്പിളിൽ വിരിഞ്ഞുനിൽക്കുന്ന കോളിഫ്ലവർ. കുലകുലയായി പച്ചമുളകും, തക്കാളിയും. മധുരം വിളമ്പാൻ വത്തക്കയും, സ്ട്രോബെറിയും വേറെ. ബത്താസുമുണ്ട്‌. മാവിലായി എൽപി സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ വിളയുന്നത് പച്ചക്കറികൾ മാത്രമല്ല അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ്മയുടെ വിജയഗാഥകൂടിയാണ്. മാവിലായി സ്കൂൾ ചിറയിലെ 30 സെന്റ്‌ വയലിൽ പ്രധാനാധ്യാപകൻ സഹദേവനും സഹപ്രവർത്തകരും കുട്ടികളും നട്ടുനനച്ച് വിളവെടുക്കുന്ന പച്ചക്കറികളിലും വൈവിധ്യമേറെ. കാലത്ത് വിളവെടുപ്പും, കൃഷി പരിപാലനവും. വൈകിട്ട് നന. ഇതാണ് കൃഷി രീതി. രാവിലെ ഒന്പതിന് മുന്പ്‌ കൃഷിയിടത്തിലെത്തുന്ന മാഷും കുട്ടികളും ദിവസവും പതിനഞ്ച് കിലോയോളം പച്ചക്കറികൾ വിളവെടുക്കുന്നു. ഇതിൽ ഏറിയ പങ്കും കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനെടുക്കും. സമൃദ്ധവും വൈവിധ്യവുമാണ് സ്കൂളിലെ മെനു. ബാക്കി വരുന്ന പച്ചക്കറികൾ കുട്ടികൾക്ക് വീട്ടിലേക്ക് കൊടുത്തുവിടും. 1996 ലാണ് സഹദേവൻ മാവിലായി എൽപി സ്കൂളിൽ അധ്യാപകനായി ചേരുന്നത്. 98 മുതൽ പ്രധാനാധ്യാപകനായി. കഴിഞ്ഞ പതിനഞ്ചു വർഷമായി മാഷിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ചെയ്യുന്നു. 20 സെന്റിൽ നെൽകൃഷി. ഇതിനു പുറമെ മഞ്ഞൾ കൃഷിയും. 300 കിലോയിലധികം വിവിധ പച്ചക്കറികളുമായി കഴിഞ്ഞ വർഷം മൂന്നുപെരിയയിൽ ചന്ത നടത്തിയിരുന്നു. ഒരു വർഷത്തേക്കുള്ള മഞ്ഞൾ പൊടിയും, മുളക് പൊടിയും ഇവർ സ്വന്തമായി ഉണ്ടാക്കുന്നുമുണ്ട്. അക്കാദമികതലത്തിലും മാവിലായി എൽപി സ്കൂളിന് നൂറുമേനിയാണ്. എല്ലാ വർഷവും നാലാംക്ലാസിലെ കുട്ടികളിൽ 80 ശതമാനവും എൽഎസ്എസ് നേടുന്നവരാണ്. മാഷിനൊപ്പം പിന്തുണയുമായി അമൃത, വന്ദന, ജ്യോതി, നിമിഷ എന്നീ അധ്യാപികമാരുമുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home