ad
Deshabhimani

അതിജീവനത്തിന്റെ അരങ്ങേറ്റം

പഞ്ചാരി മേളം

പയ്യന്നൂർ എംആർസിഡിയിലെ വിദ്യാർഥികൾ പഞ്ചാരി മേളത്തിൽ അരങ്ങേറ്റം കുറിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Jan 09, 2025, 11:43 PM | 1 min read


പയ്യന്നൂർ

വെല്ലുവിളികളോട്‌ പോരാടി പഞ്ചാരിമേളത്തിൽ കൊട്ടിക്കയറി പയ്യന്നൂരിലെ മലബാർ റിഹാബിലിറ്റേഷൻ സെന്റർ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് (എംആർസിഡി) വിദ്യാർഥികൾ. പയ്യന്നൂർ സുധിയുടെ ശിക്ഷണത്തിലാണ് 14 പേരുടെ അരങ്ങേറ്റം. രക്ഷിതാക്കളെയും അധ്യാപകരെയും അതിശയിപ്പിച്ച്‌ കൈത്തഴക്കം വന്നവരെപ്പോലെ കുട്ടികൾ കൊട്ടിക്കയറിയപ്പോൾ അത് അതിജീവനത്തിന്റെ മറ്റൊരു ചരിത്രം കുറിക്കുകയായിരുന്നു. കെ എം വൈശാഖ്, പി ഇ ജയകൃഷ്ണൻ, ശിവപ്രസാദ്, കെ മനോജ്, പി ശശി, എം രാമു, കെ വി അക്ഷയ്, കെ വി സുരേഷ്, കെ ടി ബാബു, കെ മണികണ്ഠൻ, എം പ്രസീത, കെ വി ആതിര, കെ കെ മേഘ, കെ മേഘ എന്നിവരാണ് അരങ്ങേറ്റംകുറിച്ചത്. ഇവർക്കൊപ്പം കൊമ്പും കുഴലുമായി സുധിയും സഹപ്രവർത്തകരും അകമ്പടിയായെത്തി. ഫോക് ലാൻഡ് പരിശീലനത്തിനും അരങ്ങേറ്റത്തിനുമുള്ള ഭൗതിക സാഹരച്യങ്ങളും ഒരുക്കി. ചെണ്ടമേളത്തിൽ ഏറെ ശ്രമകരമാണ് പഞ്ചാരി പഠനം. ഗുരു മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നിർദേശപ്രകാരമാണ്‌ പയ്യന്നൂർ സുധി ഈ വെല്ലുവിളിയേറ്റെടുത്തത്‌. 2023ൽ എംആർസിഡിയുടെ 20–-ാം വാർഷികം ഉദ്ഘാടനംചെയ്യാൻ പയ്യന്നൂർ ഗാന്ധി പാർക്കിലെത്തിയ മട്ടന്നൂർ ശങ്കരൻകുട്ടിയെ ബാൻഡ് മേളത്തോടെയായിരുന്നു കുട്ടികൾ വരവേറ്റത്. വേദിയിൽവച്ച്‌ ഡോ. വി സി രവീന്ദ്രൻ കുട്ടികളെ ചെണ്ടമേളം അഭ്യസിപ്പിക്കുമോയെന്ന് ചോദിച്ചു. കുട്ടികളുടെ സർഗശേഷി തിരിച്ചറിഞ്ഞാണ്‌ മട്ടന്നൂർ ശിഷ്യനോട്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌. പ്രിൻസിപ്പൽ എ ശോഭ, അധ്യാപികമാരായ കെ സിന്ധു, പി ആശ എന്നിവർ സുധിയുടെ സഹായികളുമായി. പഞ്ചാരിമേളം അരങ്ങേറ്റം കഥകളി നടൻ ടി ടി കൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. ഫോക്‌ലാൻഡ് ചെയർമാൻ ഡോ. വി ജയരാജൻ അധ്യക്ഷനായി. പ്രിൻസിപ്പൽ എ ശോഭ, മുൻ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കെ വി ശശിധരൻ നമ്പ്യാർ, കെ പി ശ്രീധരൻ, കെ രവീന്ദ്രൻ, ടി കെ സന്തോഷ്, പി സി ഗണേശൻ, പയ്യന്നൂർ സുധി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home