Deshabhimani

അർധരാത്രി എസ്എഫ്ഐ നേതാക്കളെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് ഗുജറാത്ത്, യുപി പൊലീസ്; അടിച്ചമർത്താൻ നീക്കം

Satyesha Leauva police cutody Surjeet Bhawan

എസ്‌എഫ്‌ഐ ഗുജറാത്ത്‌ സംസ്ഥാന സെക്രട്ടറി സത്യേശ ലേവയെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തപ്പോൾ (ഇടത്), സിപിഐ എം പഠനകേന്ദ്രമായ ഡൽഹി ഹർകിഷൻസിങ് സുർജിത്‌ ഭവനിൽ ഡൽഹി പൊലീസെത്തിയപ്പോൾ (വലത്)

വെബ് ഡെസ്ക്

Published on Oct 09, 2026, 06:42 AM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിക്കായുള്ള ഡൽഹിയിൽ പ്രക്ഷോഭം കനക്കവെ എസ്എഫ്ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് കേന്ദ്ര ഇന്റലിജൻസും പൊലീസും. ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനകളും സിജെപിയും ശനിയാഴ്‌ച ജന്തർമന്തറിൽ ആരംഭിക്കുന്ന സംയുക്ത പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിന്റെ ഭാ​ഗമായാണ് നടപടി. വ്യാഴം അർധരാത്രിയോടെയാണ് ​ഗുജറാത്തിലെയും യുപിയിലെയും എസ്എഫ്ഐ നേതാക്കളുടെ വീടുകളിൽ പൊലീസ് ഇരച്ചെത്തി നേതാക്കളെ കസ്റ്റഡിയിലെടുത്ത്.


എസ്‌എഫ്‌ഐ ഗുജറാത്ത്‌ സംസ്ഥാന സെക്രട്ടറി സത്യേശ ലേവ, ഡിവൈഎഫ്‌ഐ യുപി സംസ്ഥാന സെക്രട്ടറി രാജ്‌ കുമാർ, സിജെപി ദേശീയ വക്താവ്‌ ദീപക്‌ ബല്യാൻ തുടങ്ങിയവരെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു. യുപിയിൽ എസ്‌എഫ്‌ഐ സഹാരൻപുർ ജില്ലാ കൺവീനർ ആരിഫിനെ വീട്ടിൽനിന്ന്‌ പിടിച്ചുകൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ തടവിലിട്ടു. യുപിയിൽ എസ്‌എഫ്‌ഐ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ പൊലീസ്‌ റെയ്‌ഡ്‌ നടത്തി. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്‌ദുൾ വഹാബ്‌ അടക്കമുള്ളവരെ സമരത്തിൽനിന്ന്‌ പിൻമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ ഫോണിൽ പൊലീസ് ഭീഷണി തുടരുകയാണ്‌. പുണെയിൽനിന്ന് ഡൽഹിയിക്ക് പുറപ്പെട്ട മുപ്പതോളം എഐഎസ്എഫ് പ്രവർത്തകരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്‌തു.






പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ എത്തുന്ന എസ്‌എഫ്‌ഐ പ്രവർത്തകരെ തേടി ഡൽഹിയിലെ സിപിഐ എം പഠനകേന്ദ്രമായ ഹർകിഷൻസിങ് സുർജിത്‌ ഭവനിലും വ്യാഴം രാത്രി ഡൽഹി പൊലീസെത്തി. രാത്രി ഒൻപതരയോടെയാണ്‌ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിൽ വലിയ ലാത്തികളും പൈപ്പുകളുമായി എത്തിയത്‌. എസ്എഫ്ഐ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ തുടങ്ങിയവർ സുർജിത്‌ ഭവനിൽ ഉണ്ടായിരുന്നു. നേതാക്കൾ ജന്തർമന്തർ സമരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനിടെയാണ് പൊലീസ്‌ എത്തിയത്‌. ഏറെസമയം ഓഫീസ് വളപ്പിൽ നിലയുറപ്പിച്ചു. മൂന്നുദിന കേന്ദ്ര കമ്മിറ്റി യോഗം വെള്ളിയാഴ്ച രാവിലെ ആരംഭിക്കാനിരിക്കെയാണ് പൊലീസിന്റെ കടന്നുകയറ്റം.


പ്രക്ഷോഭത്തിന്റെ ചാലകശക്തികൾ ഇടതുപക്ഷവും സിജെപിയുമാണെന്നാണ്‌ കേന്ദ്ര ഇന്റലിജൻസ്‌ നിഗമനം. സിജെപിക്കുപുറമെ സിപിഐ എം, സിപിഐ എംഎൽ, എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്‌എഫ്‌, എഐവൈഎഫ്‌, ഐസ നേതാക്കളുടെ സഞ്ചാരവും പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നുണ്ട്‌. വെള്ളി രാത്രിമുതൽ ക‍ൂടുതൽ നേതാക്കളെ കരുതൽ തടങ്കലിലാക്കാനാണ്‌ ഡൽഹി പൊലീസിന്റെ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home