ഐഐടി ബോംബെ ഹോസ്റ്റലിൽ തീപിടിത്തം; അഞ്ച് പേർക്ക് പരിക്ക്

മുംബൈ: ഐഐടി ബോംബെ ഹോസ്റ്റലിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടിത്തം. രണ്ട് വിദ്യാർഥികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. അൻഷ് അഹിർവാർ (12), തഹ്സീബ് ആലം (9), ഈശ്വർ സിങ് (37), ശിവ്കുമാർ സിങ് (34), അനിൽകുമാർ യാദവ് (23) എന്നിവർക്കാണ് പരിക്കേറ്റത്.
പവായിലെ ക്യാമ്പസിൽ വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൈപ്പിലുണ്ടായ ചോർച്ചയാണ് തീപിടുത്തത്തിന് കാരണം. പൊലീസും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ജീവനക്കാരും സ്ഥലത്തെത്തി കെട്ടിടത്തിൽ നിന്നും ആളുകളെ പുറത്തെത്തിച്ചു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ഘാട്‌കോപ്പറിലെ രാജവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരിൽ നാല് പേരെ കസ്തൂർബ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.









0 comments