ഐസിയുവിൽ വിയർത്ത് അർബുദബാധിതർ


സ്വന്തം ലേഖകൻ
Published on Oct 09, 2026, 03:11 AM | 1 min read
കൊച്ചി
എറണാകുളം ജനറൽ ആശുപത്രിയിൽ അതിതീവ്ര പരിചരണം ആവശ്യമായ അർബുദബാധിതരെ പ്രവേശിപ്പിക്കുന്ന ഓങ്കോളജി ഐസിയുവിൽ എയർ കണ്ടീഷനർ പ്രവർത്തനരഹിതമായിട്ട് രണ്ടാഴ്‌ച. രോഗത്തിന്റെ വേദനയ്‌ക്കുപുറമെ, കനത്ത ചൂടും സഹിക്കാനാകാതെ രോഗികൾ ഉരുകുകയാണ്. രണ്ടാഴ്‌ച പിന്നിട്ടിട്ടും സർക്കാർ ഇടപെടലുണ്ടായിട്ടില്ല.
പന്ത്രണ്ട് കിടക്കകളുള്ള ഐസിയുവില്‍ കീമോതെറാപ്പിക്ക് വിധേയരായവരുമുണ്ട്. പ്രത്യേക പരിചരണം വേണ്ടവരാണ് ഓങ്കോളജി വിഭാഗത്തിലെ ഐസിയുവില്‍ കഴിയുന്നത്.
‘എസി തകരാറിലാണെങ്കിലും ഫാനുകള്‍ ഉണ്ടല്ലോ’ എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, വെന്റിലേഷനില്ലാത്ത മുറിയിൽ ഫാന്‍ പ്രവർത്തിപ്പിക്കുന്നതുകൊണ്ട് മാത്രം പ്രയോജനമില്ലെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു.
ജനറല്‍ ആശുപത്രിയോടുചേര്‍ന്നുള്ള സ്‌പെഷ്യാലിറ്റി കാന്‍സര്‍ ബ്ലോക്കിന്റെ അഞ്ചാംനിലയിലാണ് ഓങ്കോളജി ഐസിയു. അഞ്ചാംനിലയിലായതിനാൽതന്നെ ചൂടേറും. എയർ കണ്ടീഷനർ പ്രവർത്തനരഹിതമാണെന്ന് രോഗികളുടെ ബന്ധുക്കൾ അധികൃതരോട് പരാതിപ്പെട്ടിരുന്നു. എയർ കണ്ടീഷനറിന്റെ കംപ്രസര്‍ തകരാറിലാണെന്നും സ്‌പെയർ പാർട്‌സ് ലഭ്യമല്ലാത്തതുമൂലമാണ് നന്നാക്കാൻ വൈകുന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം.
ന്യൂട്രോപീനിയ ഐസിയുവിലും രണ്ടു മാസംമുമ്പ് എസി തകരാറിലായിരുന്നു. കീമോതെറാപ്പി കഴിഞ്ഞശേഷം കൗണ്ട് കുറഞ്ഞ രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും ഒടുവിലാണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. യുഡിഎഫ് സർക്കാരിന്റെ നിരന്തര അലംഭാവത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.









0 comments