ad
Deshabhimani

വരവേൽക്കുന്നു

പയ്യന്നൂരിന്റെ ഹൃദയച്ചുവപ്പ്

പയ്യന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനനെ കാഞ്ഞിരപ്പൊയിലിൽ എം മൽഹാർ കീറ്റാർ വായിച്ചു സ്വീകരിച്ചപ്പോൾ  ഫോട്ടോ/ സുമേഷ് കോടിയത്ത്

പയ്യന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനനെ കാഞ്ഞിരപ്പൊയിലിൽ എം മൽഹാർ കീറ്റാർ വായിച്ചു സ്വീകരിച്ചപ്പോൾ ഫോട്ടോ/ സുമേഷ് കോടിയത്ത്

avatar
ജസ്‌ന ജയരാജ്‌

Published on Mar 28, 2026, 02:00 AM | 2 min read


പെരിങ്ങോം

"അല്ല ഇതാര് നിന്റെ പരീക്ഷ കഴിഞ്ഞുവാ?’ യൂണിഫോം പോലും മാറാതെത്തിയ കൊച്ചുമിടുക്കിയോടാണ് സ്ഥാനാർഥിയുടെ ചോദ്യം. ഇനീം പരീക്ഷയുണ്ട് എന്ന് പറഞ്ഞപ്പോ ഉഷാറാക്കണം കേട്ടോ.....എന്ന ആശംസ. അത്രയും നിഷ്‌കളങ്കമായ സ്‌നേഹംകൊണ്ടാണ് ടി ഐ മധുസൂദനൻ എന്ന പൊതുപ്രവർത്തകൻ നാടിനെ ചേർത്തുപിടിക്കുന്നത്. പയ്യന്നൂർ മണ്ഡലത്തിലെ ഓരോ മനുഷ്യനെയും ആഴത്തിലറിയുന്ന ടി ഐ മധുസൂദനൻ അവർക്ക് ജനപ്രതിനിധി മാത്രമല്ല, സ്വന്തം മധുവേട്ടനാണ്. മലയോരമേഖലയായ പെരിങ്ങോത്തെ പര്യടനത്തിൽ അളവറ്റ സ്‌നേഹവും ആവേശവും നിറച്ചാണ് ജനസഞ്ചയം സ്ഥാനാർഥിയെ എതിരേറ്റത്. പാനോത്തെ ആദ്യസ്വീകരണകേന്ദ്രത്തിൽ ഉജ്വല വരവേൽപ്പായിരുന്നു നാടിന്റെ സ്വന്തം എംഎൽഎയ്ക്ക്. തുടർന്ന് കാളിശ്വരത്തും കാപ്പാട്ടുചാലിലും ഇടതുപക്ഷത്തെ നെഞ്ചോടുചേർത്ത ജനത തെരഞ്ഞെടുപ്പ് ആവേശത്തിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ജനകീയ എംഎൽഎയും പൊതുപ്രവർത്തകനുമായ മധുസൂദനനെതിരെ നടന്ന വ്യാജപ്രചാരണങ്ങളെ തകർത്തെറിയാൻമാത്രം കരുത്തുണ്ടായിരുന്നു അവിടെ ഉയർന്നുകേട്ട മുദ്രാവാക്യങ്ങൾക്ക്. കഴിഞ്ഞ അഞ്ചുവർഷത്തെ വികസനപ്രവർത്തനങ്ങൾ ഓർമിപ്പിച്ചായിരുന്നു പൈലറ്റ് വണ്ടിയിലെത്തിയ എൽഡിഎഫ് നേതാക്കളുടെ പ്രസംഗം. പാർടിയെ ശുദ്ധീകരിക്കാനെന്ന് പറഞ്ഞവർ യുഡിഎഫിനൊപ്പം പോയകാര്യം ജനം തിരിച്ചറിഞ്ഞുവെന്നും നേതാക്കൾ പറഞ്ഞു. ഒരുകോടി രൂപ തടയണയ്ക്കായി അനുവദിച്ച തവിടിശേരി ഗ്രാമംപോലെ സ്വീകരണകേന്ദ്രങ്ങളെല്ലാം എംഎൽഎയുടെ ഇടപെടലിൽ വികസനമെത്തിയ ഗ്രാമങ്ങളായിരുന്നു. കാഞ്ഞിരപ്പൊയിലെത്തിയപ്പോൾ വേറിട്ട സ്വീകരണമൊരുക്കിയത് "നൂറു പൂക്കളെ നൂറു നൂറു പൂക്കളെ.... എന്ന് കീറ്റാർ വായിച്ചെത്തിയ ഒമ്പതാംക്ലാസുകാരൻ മൽഹാറാണ്. അൽപം സമകാലികരാഷ്ട്രീയം പറഞ്ഞായിരുന്നു ടി ഐ മധുസൂദനൻ വോട്ടഭ്യർഥിച്ചത്. " എന്തും പറയാമെന്നാണ് യുഡിഎഫ് ധരിക്കുന്നത്. ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുംപോലും. ഓടിക്കൊണ്ടിരുന്ന ബസ്സുകളെ കട്ടപ്പുറത്തിരുത്തിയവരാണിത് പറയുന്നത്’. യുഡിഎഫിന്റെ നെറികെട്ട രാഷ്ട്രീയം ഓർമിപ്പിക്കാനും സ്ഥാനാർഥി മറന്നില്ല. ​കെ പി നഗർ, വയക്കര, പട്ടുവം കേന്ദ്രങ്ങളിലെല്ലാം ഉച്ചവെയിലിന്റെ കാഠിന്യം മറന്നാണ് പ്രിയപ്പെട്ട എംഎൽഎയെ കാണാൻ ജനങ്ങളെത്തിയത്. കൊല്ലാട, പാണ്ടിക്കടവ് ചൂണ്ട, ഓലയമ്പാടി, താറ്റ്യേരി, പേരൂൽ സൗത്ത് എന്നിവിടങ്ങളിലെല്ലാം നാസിക് ബാൻഡും ചെണ്ടയും മുത്തുക്കുടയുമെല്ലാമുള്ള ഉത്സവ പ്രതീതിയിലാണ് സ്ഥാനാർഥിയെ വരവേറ്റത്. പയ്യന്നൂരിന്റെ വികസനം തുടരാൻ പ്രിയപ്പെട്ട എംഎൽഎ തുടരണമെന്ന വികാരമാണ് സ്വീകരണ കേന്ദ്രങ്ങളിലെല്ലാം പ്രകടമായത്‌. എൽഡി എഫ് നേതാക്കളായ പി സന്തോഷ്, പി ശശിധരൻ, സരിൻ ശശി, എം രാഘവൻ, കെ കെ ജോയ്, ഇക്ബാൽ പോപ്പുലർ , പി ഗംഗാധരൻ , ഒ കെ ശശി , കെ വി പത്മനാഭൻ , പി പി അനിഷ , പി ജയൻ, പി സജികുമാർ, എം പ്രസാദ്, പി ശ്യാമള, പി വി രമേശൻ, രജനി മോഹൻ, അഞ്ജലി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home