ad
Deshabhimani

ഒഴിപ്പിക്കൽ ജീവിതത്തിൽനിന്നുതന്നെ

അടച്ചിട്ട കണ്ണൂർ സ്റ്റേഡിയം കോർണറിലെ തട്ടുകട

അടച്ചിട്ട കണ്ണൂർ സ്റ്റേഡിയം കോർണറിലെ തട്ടുകട

avatar
ആദർശ്‌ ലക്ഷ്‌മണൻ

Published on Jul 02, 2026, 02:41 AM | 1 min read


കണ്ണൂർ ​

അന്നന്നത്തെ അന്നത്തിനുവേണ്ടി വെയിലും മഴയുമേറ്റ്‌ ജീവിതം കരുപ്പിടിപ്പിക്കുന്ന വഴിയോര കച്ചവടക്കാരെ നഗരത്തിൽ നിലംതൊടീക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ്‌ കണ്ണൂർ കോർപറേഷൻ. കണ്ണൂർ മാർക്കറ്റിലും പയ്യാമ്പലത്തും ആരംഭിച്ച ഒഴിപ്പിക്കൽ നടപടി നഗരത്തിലാകെ വ്യാപിപ്പിക്കാനാണ് യുഡിഎഫ് ഭരണസമിതി തീരുമാനം. തട്ടുകടകൾ, ബങ്കുകൾ, പെട്ടിക്കടകൾ, മറ്റ് തെരുവോര വ്യാപാരങ്ങൾ എന്നിവ വരും ദിവസങ്ങളിൽ ഒഴിപ്പിക്കും. പാചകം വൃത്തിഹീനമാണെന്നാണ്‌ തട്ടുകടകൾക്കെതിരെ നടപടിയെടുക്കാൻ കാരണമായി പറയുന്നത്. പഴകിയതും മായം കലർന്നതുമായ ഭക്ഷണം വിളമ്പുന്ന വൻകിട ഹോട്ടലുടമകൾക്കുവേണ്ടിയാണിതെന്ന്‌ തട്ടുകടയിലെ തൊഴിലാളികൾ പറയുന്നു. വൻകിട ഹോട്ടലുകളിൽനിന്നുൾപ്പെടെ എത്രയോ തവണ പഴകിയ ഭക്ഷണം പിടിച്ചിട്ടുണ്ട്‌. അവർക്കെതിരെ നടപടി ഉണ്ടാകാറില്ല. അവരെ സംരക്ഷിച്ച്‌ നിർത്തി അവരുടെ കച്ചവടം വർധിപ്പിക്കാനാണ് തട്ടുകടകളെ ഒഴിപ്പിക്കുന്നതെന്നാണ് ഒരു വിഭാഗം തട്ടുകടക്കാർ പറയുന്നത്‌. ഒഴിപ്പിക്കുന്നവരിൽ തെരുവോര കച്ചവടം ജീവനോപധിയായുള്ളവരെ പുനരധിവസിപ്പിക്കുമെന്നും പക്ഷേ, മഴക്കാലം കഴിഞ്ഞേ ഇത് നടപ്പാക്കൂയെന്നുമാണ്‌ മേയർ പി ഇന്ദിര പറയുന്നത്. അതുവരെ ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന വഴിയോര കച്ചവടക്കാരുടെ ചോദ്യത്തിന്‌ ആർക്കും ഉത്തരമില്ല. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയവരും ഭിന്നശേഷിക്കാരും വയോജനങ്ങളുമുൾപ്പടെ വലിയൊരു വിഭാഗം ആളുകളുടെ ജീവിതമാണ് കോർപ്പറേഷന്റെ ഒഴിപ്പിക്കൽ നടപടിയിലൂടെ ഇരുട്ടിലാവുന്നത്. മഴ ആരംഭിച്ചതോടെ വഴിയോര കച്ചവടക്കാർ കടുത്ത പ്രതിസന്ധിയിലാണ്. കച്ചവടം വളരെ കുറവാണ്‌. വരുമാനം കുറഞ്ഞു. ഭൂരിഭാഗംപേരും വീട്ടിലിരിപ്പാണ്‌. നോട്ടീസ് കൈപ്പറ്റിയാൽ 24 മണിക്കുറിനുള്ളിൽ വഴിയോര കച്ചവടക്കാർ സ്വയമൊഴിഞ്ഞുപോകണമെന്നാണ് കോർപറേഷൻ പറയുന്നത്. ഒഴിപ്പിക്കലിനെതിരെ കച്ചവടക്കാർ നിയമപരമായി നീങ്ങാതിരിക്കാനാണ് സമയപരിധി ചുരുക്കിയതെന്ന്‌ വഴിയോര കച്ചവടക്കാർ പറയുന്നു. വഴിയോര കച്ചവടക്കാരായ പാവപ്പെട്ടവരുടെ ഉപജീവനമാർഗം ഇല്ലാതാക്കി ഒഴിപ്പിക്കുന്നതിൽ കോർപറേഷൻ ആരോഗ്യവിഭാഗത്തിലെ ഒരു കൂട്ടം ഉദ്യോഗസ്ഥർക്കും വിയോജിപ്പുണ്ട്. വെൻഡിങ് സോൺ നിശ്ചയിച്ച്, ലൈസൻസ് നൽകി വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്ന കോർപറേഷന്റെ വാക്ക്‌ വിശ്വാസത്തിലെടുക്കാൻ കച്ചവടക്കാരും തയ്യാറല്ല. (അവസാനിച്ചു)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home