വി വിനോദിനെ അനുസ്മരിച്ചു

പഴയങ്ങാടി
സിപിഐ എം മാടായി ഏരിയാ സെക്രട്ടറിയായിരുന്ന വി വിനോദ് അനുസ്മരണം സംഘടിപ്പിച്ചു. വിപ്ലവകാരിയും നാടിനേറെ പ്രിയപ്പെട്ടവനുമായ വിനോദ് അർബുദത്തെ തുടർന്ന് ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. എരിപുരം പിസിസി ഹാളിൽ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഒരു മാർക്‌സിസ്‌റ്റ് എന്തായിരിക്കണമെന്ന് സമൂഹത്തെ സ്വജീവിതംകൊണ്ട് പഠിപ്പിച്ച കരുത്തുറ്റ സംഘാടകനും മികിച്ച പാർടി കേഡറുമായിരുന്നു വി വിനോദെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. നന്നായി വായിക്കുകയും എഴുതുകയും അവയെക്കുറിച്ച് മികവാർന്ന രീതിയിൽ ഗൃഹപാഠംചെയ്‌ത് മികച്ചരീതിയിൽ അവതരിപ്പിക്കുകയും ചെയ്‌ത സഖാവിനെയാണ് നഷ്ടമായത്. രാഷ്ട്രീയ എതിരാളികൾക്കുപോലും പ്രിയപ്പെട്ടവനാകാൻ വിനോദിന് കഴിഞ്ഞത് എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവരുടെയാകെ നേതാവായി പ്രവർത്തിക്കാൻ കഴിഞ്ഞതുകൊണ്ടാണെന്ന് അദ്ദേഹം അനുസ്‌മരിച്ചു.സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ പത്മനാഭൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വിജിൻ എംഎൽഎ, പി ഗോവിന്ദൻ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം ശ്രീധരൻ, സിഐടിയു മാടായി ഏരിയാ സെക്രട്ടറി ഇ പി ബാലൻ, ഏരിയാ പ്രസിഡന്റ് ഐ വി ശിവരാമൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ആർ അജിത, എഴുത്തുകാരൻ പ്രൊഫ. മുഹമ്മദ് അഹമ്മദ്, സി എം വേണുഗോപാലൻ എന്നിവർ സംസാരിച്ചു.










0 comments