വൈറസ് പരിശോധനാ ഫലം ലഭിച്ചു
മരിച്ച അഞ്ചുവയസ്സുകാരന് പേവിഷബാധ സ്ഥിരീകരിച്ചു

കണ്ണൂർ
പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. പുണെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശോധനാഫലത്തിലാണ് രോഗ സ്ഥിരീകരണം. വ്യാഴാഴ്‌ചയാണ് കുട്ടിയുടെ രക്തസാമ്പിളും നട്ടെല്ലിൽനിന്ന് കുത്തിയെടുത്ത നീരിന്റെ സാമ്പിളും പരിശോധിച്ചതിന്റെ ഫലം ലഭിച്ചത്. തമിഴ്‌നാട് സേലം സ്വദേശികളായ മണികണ്ഠന്റെയും ജാതിയയുടെയും മകൻ ഹരിത്തിന് മെയ് 31ന് പയ്യാമ്പലത്തെ വാടകവീട്ടിൽവച്ചാണ് തെരുവുനായയുടെ കടിയേറ്റത്. അന്നുതന്നെ ജില്ലാ ആശുപത്രിയിൽനിന്ന് പേവിഷബാധയ്‌ക്കെതിരായ റാബീസ് വാക്‌സിൻ നൽകിയിരുന്നു. പിന്നീട് രോഗലക്ഷണം കണ്ടതോടെ കണ്ണൂരിൽ ചികിത്സതേടി. പേവിഷബാധ സംശയത്തെ തുടർന്ന് ജൂൺ 17ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അന്നുതന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. കെ സുദീപ് തുടങ്ങി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽബോർഡ് രൂപീകരിച്ച് ചികിത്സയും ആരംഭിച്ചിരുന്നു. കണ്ണിനുചുറ്റും കടിയേറ്റതിനാൽ മസ്‌തിഷ്‌ക നാഡീവ്യൂഹത്തിലേക്ക് പെട്ടെന്ന് പേവിഷബാധ കയറിയതിനാൽ വാക്‌സിന്റെ ഫലപ്രാപ്‌തിയില്ലാതായതായിരിക്കാമെന്ന് മെഡിക്കൽബോർഡ് വിലയിരുത്തിയിരുന്നു. 12 ദിവസം വെന്റിലേറ്റർ സഹായത്തോടെ അതിജീവിച്ച ഹരിത്ത് 28ന് പകൽ പതിനൊന്നോടെയാണ് മരിച്ചത്. കണ്ണൂർ കോർപറേഷന്റെ അനാസ്ഥയെ തുടർന്ന് തെരുവുനായയുടെ കടിയേറ്റ ഹരിത്ത് മരിച്ചശേഷം കുട്ടിക്ക് പേവിഷബാധയല്ലെന്നും മെഡിക്കൽ കോളേജിൽനിന്ന് മതിയായ ചികിത്സ നൽകിയില്ലെന്നും ആരോപിച്ച് ഡെപ്യൂട്ടി മേയർ പി ഇന്ദിരയുൾപ്പെടെ കുട്ടിയുടെ മൃതദേഹം തടഞ്ഞുവച്ച് ആശുപത്രിയിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചിരുന്നു.









0 comments