Deshabhimani

യൂണിഫോമണിഞ്ഞ് വന്നാൽ വിദ്യാർഥികൾക്ക് 35 രൂപ​യ്​ക്ക്​​ ഉ‍ൗണ്​

പുതിയേടത്ത്​ സതീശനും ഭാര്യ ലതയും ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നു
avatar
ഇ പ്രഭാകരൻ

Published on Jul 28, 2025, 02:30 AM | 1 min read

തോട്ടട

ഇത് ഹോട്ടൽ കൈരളി... തോട്ടട ഗവ. ഐടിഐക്ക്‌ എതിർവശത്തുള്ള ഈ ഹോട്ടൽ തുടങ്ങിയിട്ട് വർഷം നാലായി. ഇവിടെ വിദ്യാർഥികൾക്ക് ഉച്ചയൂണ് വയറുനിറയെ കഴിക്കാം. മീൻകറിയും വറവും പച്ചടിയും സാമ്പാറും അച്ചാറും ഒക്കെയായി.... വെറും 35 രൂപയ്ക്ക്. പക്ഷേ, ഒരു നിബന്ധനുണ്ട്​. യൂണിഫോമിൽ വരണം. വലിയന്നൂർ ഒറേൻകുന്നിലെ പുതിയേടത്ത് സത്യനും അനുജൻ സതീശനും കൈരളി ഹോട്ടൽ തുടങ്ങിയ അന്നുമുതൽ ഇവിടെ വിദ്യാർഥികൾക്ക് പ്രത്യേക നിരക്കാണ്. വിദ്യാലയം ഏതുമാകട്ടെ. യൂണിഫോമിലാണോ, എങ്കിൽ ഊണിന് 35 മതി. ചെറുപ്പത്തിൽ അനുഭവിക്കേണ്ടിവന്ന ജീവിത സാഹചര്യങ്ങൾ നൽകിയ തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. ഒരു വിദ്യാർഥി പോലും പണമില്ലാതെ വിശന്നിരിക്കരുതെന്നുമുണ്ട്​ സത്യന്​. പലരും സൗജന്യമായി ഇവിടെനിന്ന്​ ഭക്ഷണം കഴിക്കുന്നു. ഹോട്ടൽ തുടങ്ങിയ നാളുകളിൽ ഊണിന് 30 രൂപയായിരുന്നു. മറ്റ്​ ഹോട്ടലുടമകൾ പരാതിയുമായി എത്തിയപ്പോഴാണ് നിരക്ക് 35 രൂപയാക്കിയത്. മറ്റുള്ളവർക്ക് 55.ഇലക്ട്രിഷ്യനായിരുന്ന സത്യൻ ഈ മേഖലയിൽ എത്തിയത് യാദൃശ്ചികമായാണ്​. കണ്ണൂരിലെ സ്വകാര്യ നഴ്സിങ്​ കോളേജിലെ മെസ്സ് ഏറ്റെടുത്ത് നടത്തിയായിരുന്നു തുടക്കം. അഞ്ച് വർഷം നല്ല രീതിയിൽ മെസ്സ് തുടർന്നു. നഴ്സിങ്​ കോളേജിലെ പ്രിൻസിപ്പലിന്റെ നിർദ്ദേശത്തെ തുടർന്നാണ് തോട്ടട ഗവ. ഐടിഐയിലെ ക്യാന്റീൻ നടത്തിപ്പിലെത്തിയത്. നാലുവർഷത്തെ ക്യാന്റീൻ നടത്തിപ്പിനുശേഷമാണ്​ ഹോട്ടൽ കൈരളി ആരംഭിക്കുന്നത്. പ്രവാസിയും ഇലക്ട്രീഷ്യനുമായിരുന്ന അനിയൻ സതീശനാണ് ഹോട്ടലിൽ, ജ്യേഷ്ഠൻ സത്യന് ഹോട്ടലിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങിക്കുന്ന ചുമതലയും. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിന്റെ ഉത്തരവാദിത്തങ്ങളുമായി സത്യന്റെ ഭാര്യ വിചിത്രയും സതീശന്റെ ഭാര്യ ലതയുമുണ്ട്. ക്ലാസില്ലാത്ത ദിവസങ്ങളിൽ സത്യന്റെ മക്കളായ ആദിത്യനും ദേവാനന്ദും സതീശന്റെ മകൻ ആദർശും ഇവർക്ക്​ കൂട്ടിനായി ഹോട്ടലിലെത്തും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home