ഇതാ, പച്ചയുടെ മോഹിപ്പിക്കുന്ന കാഴ്‌ചകൾ

പച്ചപ്പട്ടുടുത്ത് മയ്യിൽ പഴയ വില്ലേജ് ഓഫീസ് പരിസരത്തെ അക്വഡറ്റ് പാലത്തിൽ നിന്നുള്ള പ്രകൃതിയുടെ പനോരമിക് ചിത്രം. ഫോട്ടോ: പി ദിലീപ് കുമാർ

സ്വന്തം ലേഖകൻ
Published on Jul 11, 2026, 02:49 AM | 1 min read
മയ്യിൽ
അക്വഡറ്റ് പാലത്തിൽ മുകളിൽനിന്ന് നോക്കുന്നിടത്തെല്ലാം പച്ചയുടെ നിറഭേദങ്ങളാണ്. വയലുകളിൽ പുഷ്‌ടിയോടെ വളരുന്ന ഞാറിന് മഞ്ഞ കലർന്ന പച്ചനിറം. ചിറയിൽ തലയുയർത്തി നിൽക്കുന്ന തെങ്ങിനും കവുങ്ങിനും കരിംപച്ച. അതിനുമപ്പുറത്ത് ദൂരെ കാണുന്ന മലകളിൽ ഇരുട്ടുനിറഞ്ഞ പച്ച. നോക്കെത്താ ദൂരത്തോളം മോഹിപ്പിക്കുന്ന കാഴ്‌ചകളാണ് ചെറുപഴശ്ശി പഴയ വില്ലേജ് ഓഫീസ് പരിസരത്തെ അക്വഡറ്റ് പാലത്തിൽ. പാലത്തിന് കീഴെ വെള്ളം നിറഞ്ഞുനിൽക്കുന്ന ക്ഷേത്രക്കുളം കാണാം. പഴശി ജലസേചന പദ്ധതിക്കായി നിർമിച്ച നീർപ്പാലത്തിന് മുകളിൽനിന്നും പ്രകൃതിഭംഗി ആസ്വദിക്കാൻ ആളുകൾ ധാരാളമെത്തുന്നു. മഴക്കാലത്താണ് ഇവിടുത്തെ കാഴ്‌ചകൾക്ക് ചന്തമേറുക. മനോഹരമായ പ്രകൃതി ഭംഗി അപാരമായ വൈബാണ്. ഇരുഭാഗത്തുമായി നീണ്ടുപരന്നുകിടക്കുന്ന വയലാണ് കാഴ്‌ചയിൽ ഏറ്റവും പ്രധാനം. അനേകം കൂറ്റൻ തൂണുകളിൽ ഉയർന്നുനിൽക്കുന്ന നീളമുള്ള പാലവും രസമുള്ള കാഴ്‌ച. ഫോട്ടോ ഷൂട്ടിനായാണ് പലരും ഇവിടെ വരാറുള്ളത്. യു ട്യൂബർമാരിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും ഇൗയിടെ പാലത്തിന്റെ ആകാശദൃശ്യങ്ങൾ പ്രചരിച്ചതോടെ ധാരാളം പേർ ഇവിടേക്ക് എത്തുന്നുണ്ട്. മയ്യിൽ ടൗണിൽനിന്ന് രണ്ടുകിലോമീറ്റർ അകലെയാണ് ഇൗ കാഴ്‌ചപ്പൂരം. മയ്യിൽ വില്ലേജ് ഓഫീസ് റോഡിലൂടെയും മയ്യിൽ– കുടുക്കിമൊട്ട റോഡിലൂടെയും ഇവിടേക്ക് എത്താം.











0 comments