വഴി ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തും, മാല പൊട്ടിച്ച് കടന്നുകളയും; ഹോട്ടൽ മാനേജർ പിടിയിൽ

പ്രതീകാത്മക ചിത്രം
മുക്കം: റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ കള്ളൻ പിടിയിൽ. ചേവായൂർ കോട്ടക്കുന്ന് വില്ലിക്കാട് സ്വദേശി ഷനൂപ് (26) ആണ് കുന്ദമംഗലം പൊലീസിന്റെയും സ്പെഷ്യൽ സ്ക്വാഡിന്റെയും വലയിലായത്. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ മാനേജരായി ജോലി ചെയ്യുന്ന ഇയാൾ, ഒഴിവുസമയങ്ങളിലാണ് ബൈക്കിലെത്തി മോഷണം നടത്തിയിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ചാത്തമംഗലത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന പൂളപ്പറമ്പ് സ്വദേശിനി ദേവകിയമ്മയുടെ ഒന്നര പവന്റെ മാലയാണ് ഇയാൾ കവർന്നത്. ആശുപത്രി കഴിഞ്ഞ് മടങ്ങുകയായിരുന്ന ദേവകിയമ്മയുടെ അടുത്ത് പ്രതി ബൈക്കിലെത്തി വഴി ചോദിച്ചു.
വഴി പറഞ്ഞു കൊടുത്തതിന് ശേഷം കുറച്ചുദൂരം മുന്നോട്ട് പോയ പ്രതി, പെട്ടെന്ന് ബൈക്ക് തിരിച്ചു വരികയായിരുന്നു. ദേവകിയമ്മയുടെ അടുത്തെത്തിയ ഉടൻ കഴുത്തിലെ മാല ബലമായി പൊട്ടിച്ചെടുത്ത് ഇയാൾ ബൈക്കിൽ പാഞ്ഞുപോയി. മാല നഷ്ടപ്പെട്ട ഉടൻ ദേവകിയമ്മ കുന്ദമംഗലം പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടത്തി. സമാനമായ രീതിയിൽ മുൻപ് മോഷണം നടത്തിയവരുടെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഷനൂപിലേക്ക് അന്വേഷണം എത്തിയത്. വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ സ്വർണം പിടിച്ചുപറി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










0 comments