വയനാട് കള്ളാടി മണ്ണിടിച്ചിൽ: 7 മരണം; ഹിമാചൽ സ്വദേശിക്കായി ഇന്നും തിരച്ചിൽ തുടരും

കൽപ്പറ്റ: വയനാട് കല്ലാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആൾക്കായുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടരും. അപകട മേഖലയിലെ സോൺ ഒന്ന്, രണ്ട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് വ്യാപകമായ തിരച്ചിൽ നടത്താൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശ് സ്വദേശിയായ ബിക്രം സിങ് റാണയെയാണ് ഇനി കണ്ടെത്താനുള്ളത്.
അപകടത്തിൽപ്പെട്ട മറ്റൊരാളുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. മീനാക്ഷി പാലത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. നിർമ്മാണ കമ്പനിയിലെ സർവേയറായി ജോലി ചെയ്തിരുന്ന ബംഗാൾ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്.
കല്ലാടിയിലുണ്ടായ വലിയ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇതുവരെ ഏഴുപേർക്കാണ് ജീവൻ നഷ്ടമായത്. കാണാതായ അവസാനത്തെ ആളെയും കണ്ടെത്താനായി അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും പ്രാദേശിക കൂട്ടായ്മകളും ചേർന്നാണ് ഇന്ന് തിരച്ചിൽ ഊർജ്ജിതമാക്കുന്നത്. അപകടത്തിൽ മരിച്ച മൂന്ന് അതിഥിത്തൊഴിലാളികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബാംചെയ്‌ത് തുരങ്കപാത നിർമാണ കമ്പനിക്ക് കൈമാറിയിരുന്നു.
അതേസമയം മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടിയിലെയടക്കം നാഷണൽ ഹൈഡ്രോളജി മിഷന്റെ വയനാട്ടിലെ മഴമാപിനികളും നദീജലമാപിനികളും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. നാഷണൽ ഹൈഡ്രോളജി പ്രോജക്‌ടിന്റെ ഭാഗമായി ആറ് മഴമാപിനികളും അഞ്ച് നദീജലമാപിനികളുമാണ് ജില്ലയിൽ പ്രവർത്തിച്ചിരുന്നത്. കേന്ദ്രസർക്കാർ ഫണ്ട് വെട്ടിക്കുറച്ചതോടെയാണ് 11 കേന്ദ്രങ്ങളും മൂന്നുമാസമായി പ്രവർത്തനരഹിതമായത്.
കള്ളാടി, മാനന്തവാടി, തിരുനെല്ലി, കൽപ്പറ്റ, വാഴവറ്റ, മീനങ്ങാടി എന്നിവിടങ്ങളിൽനിന്ന് മഴയുടെ അളവും ബാവലി, കേളോത്തുംകടവ്, കാക്കവയൽ, മുത്തങ്ങ, മാനന്തവാടി എന്നിവിടങ്ങളിൽനിന്ന് നദീജല അളവും ശേഖരിച്ചിരുന്നു. കാലാവസ്ഥ മുന്നറിയിപ്പടക്കം നൽകാൻ ഇവ ഉപയോഗിച്ചു. ഫണ്ടില്ലാത്തതിനാൽ ഇവിടങ്ങളിൽ ടെൻഡർ ക്ഷണിച്ച് റീഡേഴ്‌സിനെ നിയോഗിക്കാനായില്ല.










0 comments