കെപിസിസി പുനഃസംഘടന; വിലങ്ങായി മുഖ്യമന്ത്രി

തിരുവനന്തപുരം:
കെപിസിസി പുനഃസംഘടന നടക്കാത്തത് മുഖ്യമന്ത്രി വി ഡി സതീശന്റെ പിടിവാശിയിലെന്ന് നേതാക്കൾ. പുനഃസംഘടന സംബന്ധിച്ച് അഭിപ്രായം ആരായാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയോടാണ് ചില മുതിർന്ന നേതാക്കൾ ഇക്കാര്യം അറിയിച്ചത്.
പുതിയ നേതൃത്വം വരുംമുമ്പേ സർക്കാരുമായി ബന്ധപ്പെട്ടും ബോർഡ്, കോർപറേഷൻ തസ്‌തികകളിലേക്കും പരമാവധി നിയമനം നടത്താനാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. പ്ലീഡർ നിയമനങ്ങളിലടക്കം നേതാക്കളുടെ പരസ്യപ്രതിഷേധം സതീശൻ വകവച്ചിട്ടില്ല.
എന്നാൽ, മുഖ്യമന്ത്രിക്ക് കൂടി സ്വീകാര്യനായ കെപിസിസി പ്രസിഡന്റ് വേണമെന്ന ആവശ്യം നടപ്പാകാനിടയില്ല. കെ സി വേണുഗോപാലിന്റെ നോമിനിയാകും പ്രസിഡന്റാകുക. എംപിയോ എംഎൽഎയോ പ്രസിഡന്റാകുന്നതിൽ തടസ്സമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയതോടെ ജോസഫ് വാഴയ്‌ക്കൻ തഴയപ്പെടും. അതേസമയം, മാത്യു കുഴൽനാടൻ അടക്കമുള്ളവരെ പരിഗണിക്കാമെന്ന സൂചനയുമുണ്ട്.
ഇന്ദിരാഭവന് ഉടൻ നാഥനുണ്ടാകണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കൾ പ്രതികരിച്ചത്.
തന്നെ വേണ്ട സമയത്തൊന്നും പരിഗണിച്ചില്ലെന്ന പരാതിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശും കെപിസിസി പ്രസിഡന്റാവാൻ ശ്രമിക്കുന്നുണ്ട്.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹ്‌നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, നിയമസഭയിലേക്ക് മത്സരിച്ച ടി ശരത്‌ചന്ദ്ര പ്രസാദ് തുടങ്ങിയവരും പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കരുക്കൾ നീക്കുന്നു.










0 comments