കണ്ണൂരിന്റെ സ്‌നേഹത്തിൽ കടന്നപ്പള്ളി

ജസ്ന ജയരാജ്
Published on Mar 31, 2026, 02:30 AM | 2 min read
കണ്ണൂർ
കണ്ണൂരിന്റെ നഗരഹൃദയം സ്‌നേഹത്താൽ പൊതിയുകയാണ് പ്രിയ എംഎൽഎയെ. പത്തുവർഷത്തെ വികസനം മനുഷ്യന്റെ നേരനുഭവമാക്കിത്തീർത്ത രാമചന്ദ്രൻ കടന്നപ്പള്ളി എന്ന ജനപ്രതിനിധിയുടെ സ്ഥാനം കണ്ണൂർ ജനതയുടെ നെഞ്ചിലാണ്. അത്രയും ആഴത്തിലുള്ള സ്‌നേഹബഹുമാനങ്ങളുടെ മനോഹരമായ കാഴ്‌ചകളാണ് സ്ഥാനാർഥിയുടെ സ്വീകരണകേന്ദ്രങ്ങളിൽ നിറയുന്നത്. തിങ്കൾ പുലർച്ചെ അഞ്ചുമുതൽ കടന്നപ്പള്ളി തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി. രാവിലെ നേരെ പോയത് ആയിക്കര ഹാർബറിലേക്കാണ്. എംഎൽഎയ്‌ക്ക് സ്‌നേഹനിർഭര വരവേൽപാണ് മത്സ്യത്തൊഴിലാളികളൊരുക്കിയത്. ഹാർബറിലും തീരപ്രദേശത്തെ വീടുകളിലും നേരിട്ടെത്തി വോട്ടർഭ്യർഥിച്ചു. പകൽ മൂന്നോടെ കണ്ണൂക്കരയിലാണ് പൊതുപര്യടനം തുടങ്ങിയത്. സ്‌ത്രീകളും കുട്ടികളടക്കമുള്ള ആൾക്കൂട്ടമാണ് പ്രിയനേതാവിനെ കാത്ത് സ്വീകരണകേന്ദ്രത്തിലുണ്ടായിരുന്നത്. കണ്ണൂർ മണ്ഡലത്തിൽ കഴിഞ്ഞ പതതുവർഷക്കാലമുണ്ടായ ജനപക്ഷ വികസനത്തെക്കുറിച്ച് ആമുഖമായി എൽഡിഎഫ് നേതാക്കൾ സംസാരിച്ചു. പിന്നാലെയെത്തിയ സ്ഥാനാർഥിയും വികസനത്തിൽനിന്നാണ് തുടങ്ങിയത്. പത്ത് വർഷക്കാലത്തിനുള്ളിൽ 1647 പദ്ധതികൾ യാഥാർഥ്യമാക്കാൻ കൂടെനിന്ന ജനങ്ങൾക്ക് കടന്നപ്പള്ളി നന്ദി പറഞ്ഞു. ‘വികസനത്തിനായിമാത്രമല്ല, ഇടതുപക്ഷം ജയിക്കേണ്ടത് കേരളത്തിന്റെ മതനിരപേക്ഷതയുടെ ആവശ്യമാണ്. എല്ലാവർക്കും അവരവർക്ക് ഇഷ്‌ടമുള്ള മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടാകണം. അതാണ് ഇടതുപക്ഷം ഉറപ്പുനൽകുന്നത്.’ മനുഷ്യജീവിതങ്ങൾക്കുമേലുള്ള വർഗീയ കടന്നുകയറ്റങ്ങളെ ഓർമിപ്പിച്ചായിരുന്നു സ്ഥാനാർഥിയുടെ പ്രസംഗം. വോട്ടുചെയ്യാനുള്ള ചിഹ്നം ടെലിവിഷനാണ് എന്നും സ്ഥാനാർഥി ഓർമപ്പെടുത്തി. അണ്ടത്തോട്, സിറ്റി, തയ്യിൽ, ബർണശേരി, എസ് എൻ പാർക്ക്, താളിക്കാവ്, കണ്ണൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം നാസിക് ബാൻഡ് അകന്പടിയോടെയായിരുന്നു സ്വീകരണം. കക്കാട് വായനശാല, കണ്ണോത്തുംചാൽ ആറുകണ്ടിമുക്ക്, കാവിച്ചേരി, എടച്ചൊവ്വ, അതിരകം, ഐഎംടി സ്‌കൂൾ എന്നിവിടങ്ങളിലെല്ലാം യുവാക്കളുൾപ്പെടെ വൻനിരയാണ് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത്. എളയാവൂർ നോർത്ത് ജനശക്തിക്ലബ് പരിസരത്താണ് പര്യടനം സമാപിച്ചത്. സിനിമാനടൻ ഭീമൻ രഘു ചേലോറയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയത് ജനങ്ങൾക്ക് ആവേശമായി. എൽഡിഎഫ് നേതാക്കളായ കെ പി സഹദേവൻ, കെ പി സുധാകരൻ, യു ബാബു ഗോപിനാഥ്, കെ ഷഹറാസ്, ഇ പി ആർ വേശാല, എൻ ബാലകൃഷ്‌ണൻ, പി മൊഹസീന, വെള്ളോറ രാജൻ, രാഗേഷ് മന്ദന്പേത്ത്, പി അജയകുമാർ, വൈഷ്‌ണവ് മഹേന്ദ്രൻ, കെ പി പ്രശാന്ത്, പി മമ്മൂട്ടി, സി ധീരജ്, കെ കെ ജയപ്രകാശ്, കെ ഷഹറാസ്, എം പി അനിൽകുമാർ, അസ്ലം പിലാക്കൽ, കെ വി ദിനേശൻ, സി ടി ശ്രീശൻ എന്നിവർ സംസാരിച്ചു










0 comments