ഭാസ്കര രവിയുടെ വട്ടെഴുത്ത് പിണറായിയിൽ

പിണറായി ശിവ-പാർവ്വതി ക്ഷേത്രത്തിലെ വട്ടെഴുത്ത് ലിഖിതത്തിന്റെ പകർപ്പെടുക്കുന്ന ഗവേഷക എൻ പി അഞ്ജുഷ
ടി കെ അനൂപ്
Published on Jul 17, 2026, 02:00 AM | 1 min read
പിണറായി
പിണറായി ശിവ-പാർവതി ക്ഷേത്രത്തിൽ ചേരപ്പെരുമാക്കന്മാരുടെ കാലത്തേതെന്ന് കരുതുന്ന അപൂർവ വട്ടെഴുത്ത് ശിലാലിഖിതം കണ്ടെത്തി. ക്ഷേത്രപരിസരത്ത് ലഭിച്ച പൊട്ടിയ കരിങ്കല്ലിന്റെ ഇരുവശങ്ങളിലുമായി രേഖപ്പെടുത്തിയ ലിഖിതം പത്തോ, പതിനൊന്നോ നൂറ്റാണ്ടിലേതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാജാവിന്റെ പേരും ഭരണവർഷവും രേഖപ്പെടുത്തിയ ഭാഗം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ലിപിശൈലിയും അവശേഷിക്കുന്ന ഉള്ളടക്കവും അടിസ്ഥാനമാക്കി ഇത് ചേരപ്പെരുമാൾ ഭരണകാലത്തേതാണെന്ന് ഗവേഷകർ പറയുന്നു. ക്ഷേത്രത്തിലെ നിത്യപൂജയും ദൈനംദിന ചെലവുകളും തടസ്സപ്പെടാതിരിക്കാൻ ഏർപ്പെടുത്തിയ വ്യവസ്ഥകളാണ് ലിഖിതത്തിലുള്ളത്. ശ്രീകോവിലിലെ നിത്യച്ചെലവ് മുടക്കുന്നവർ "അച്ഛനെക്കൊന്ന് അമ്മയെ ഭാര്യയാക്കിയ നീചന് തുല്യരാകും’ എന്ന കടുത്ത വാക്യമാണ് രേഖയിൽ കൊത്തിവച്ചിരിക്കുന്നത്. കുടിയാന്മാർ ബാധ്യതകൾ നിർവഹിക്കാതിരുന്നാൽ ആരതിക്കായി പന്ത്രണ്ടരക്കാണം സ്വർണം നൽകണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ഭാഗങ്ങൾ കാലപ്പഴക്കത്താൽ ജീർണിച്ച നിലയിലായതിനാൽ പൂർണമായി വായിച്ചെടുക്കാൻ സാധിച്ചിട്ടില്ല. രാജാവിന്റെ പേര് രേഖയിൽ ലഭ്യമല്ലെങ്കിലും ഇത് ചേരപ്പെരുമാളായ ഭാസ്കരരവിയുടെ ഭരണകാലത്തേതാകാമെന്നാണ് നിഗമനം. അടുത്തിടെ ധർമടത്തിനടുത്ത മേലൂർ കിരാതമൂർത്തി ക്ഷേത്രത്തിലും ഭാസ്കരരവിയുടെ കാലത്തെ വട്ടെഴുത്ത് ലിഖിതം കണ്ടെത്തിയിരുന്നു. ആ കണ്ടെത്തലുമായി പിണറായിയിലെ ശിലാലിഖിതത്തിന് സാമ്യമുണ്ടെന്നും ഗവേഷകർ വിലയിരുത്തുന്നു. കേരള പുരാവസ്തു വകുപ്പിലെ കെ കൃഷ്ണരാജ് ആണ് ലിഖിതം വായിച്ച് പ്രാഥമിക പഠനം നടത്തി ചരിത്രപ്രാധാന്യം വ്യക്തമാക്കിയത്. ലിഖിതത്തിന്റെ പകർപ്പ് ഗവേഷകയായ എൻ പി അഞ്ജുഷയാണ് എടുത്തത്. വടക്കൻ കേരളത്തിലെ ചേരപ്പെരുമാൾ ഭരണകാലത്തെ ക്ഷേത്രഭരണരീതികളും സാമൂഹിക വ്യവസ്ഥകളും മനസ്സിലാക്കാൻ ഈ കണ്ടെത്തൽ വെളിച്ചം പകരുമെന്നാണ് വിലയിരുത്തൽ.










0 comments