ad
Deshabhimani

വികസനവും ക്ഷേമവും തകർക്കുമെന്ന്‌ ഭരണസമിതിയുടെ പ്രമേയം

ജില്ലാ പഞ്ചായത്തിന്റെ വികസനഫണ്ടിൽ സംസ്ഥാന സർക്കാർ വെട്ടിയത്‌ 12.73 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 24, 2026, 02:45 AM | 1 min read

കണ്ണൂർ

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്ന്‌ വെട്ടിയത്‌ 12.73 കോടി രൂപ. 2026– 27 വർഷത്തെ ജില്ലാ പഞ്ചായത്ത്‌ ബജിറ്റിൽ ഉൾപ്പെടുത്തുകയും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതുമായ പദ്ധതികളിൽ 3,61,95,000 രൂപയാണ്‌ സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ വെട്ടിക്കുറച്ചത്‌. 9.11 കോടി രൂപ ധനകാര്യ കമീഷൻ ഗ്രാന്റും വെട്ടിക്കുറച്ചു. 2025–26ൽ അനുവദിച്ച്‌ പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയതാണ്‌ ഇ‍ൗ തുക. ജില്ലാ പഞ്ചായത്തിന്റെ വികസനക്ഷേമ പദ്ധതികളെയാകെ താറുമാറാക്കുന്നതാണ്‌ ഇ‍ൗ നടപടി. ഭരണസമിതി ചുമതലയേറ്റ്‌ നാലുമാസം തികയുന്പോഴും പുതിയ സാന്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡു കൈമാറിയിട്ടില്ല. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ കഴിഞ്ഞ സാന്പത്തിക വർഷത്തെ മൂന്നാം ഗഡു തുകയായ 16 കോടി രൂപയും ലഭിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ഉൾപ്പെടെ സ്‌തംഭിപ്പിക്കുന്നതാണ്‌ പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ വേണമെന്ന്‌ ആവശ്യപ്പെടുന്ന പ്രമേയം ജില്ലാ പഞ്ചായത്ത്‌ ഐകകണ്‌ഠ്യേന പാസാക്കി. വൈസ്‌ പ്രസിഡന്റ്‌ ടി ഷബ്‌നയാണ്‌ ഇത്‌ സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്‌. ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച വികസന ഫണ്ട്‌ പുനസ്ഥാപിക്കണമെന്ന്‌ പ്രമേയം ആവശ്യപ്പെട്ടു. വികലാംഗർക്കുള്ള മുച്ചക്ര വാഹനം വിതരണം മുതൽ ആശുപത്രികളിലെ മരുന്ന്‌ വിതരണവും ജീവനക്കാരുടെ ശന്പളവും ഉൾപ്പെടെ പ്രതിസന്ധിയിലാണെന്ന്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ പറഞ്ഞു. ധനകാര്യ കമീഷൻ ഗ്രാന്റ്‌ വെട്ടിക്കുറച്ചത്‌ ശുചിത്വപ്രവർത്തനങ്ങളെയും മാലിന്യ സംസ്‌കരണത്തെയും തകർക്കും. ആദ്യത്തെ നാലുമാസം ചെയ്‌തുതീർക്കേണ്ട വികസനം പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാനും പ്രയാസം നേരിടുമെന്നും ബിനോയ്‌ കുര്യൻ പറഞ്ഞു. രജനി മോഹൻ, പി പി പവിത്രൻ, എസ്‌ ജയശ്രീ, മുസ്‌തഫ കോടിപ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു. പിഎംജിഎസ്‌വൈ പദ്ധതിയിൽ പൂർത്തിയാക്കിയ റോഡുകൾ അഞ്ചുവർഷം പൂർത്തിയാകുന്ന മുറയ്‌ക്ക്‌ കരാറുകാർ അറ്റകുറ്റപ്പണി പൂർത്തിയാക്കി ജില്ലാ പഞ്ചായത്തിന്‌ കൈമാറണമെന്ന്‌ യോഗം തീരുമാനിച്ചു. കൈമാറ്റം വൈകുന്നത്‌ ആസ്‌തിയിൽ യഥാസമയം ഉൾപ്പെടുത്തുന്നതിന്‌ തടസമാകുന്നു. ഇത്‌ ജില്ലാ പഞ്ചായത്തിന്‌ സാന്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി പ്രസിഡന്റ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home