കറുത്ത നാളുകളിലെ മുറിവ്
അതുണങ്ങില്ല

എൻ കെ സുജിലേഷ്
Published on Jun 22, 2025, 03:00 AM | 2 min read
കണ്ണൂർ
‘‘ഞാനും അച്ഛനും സാങ്കൽപ്പിക കസേരയിലാണ്. തളർന്നുതുടങ്ങിയിരുന്നു. മലപ്പുറത്തുനിന്നുള്ള എംഎസ്‌പിക്കാർ വന്ന വണ്ടിയുടെ ഡ്രൈവർ സ്‌റ്റേഷനിലെ മേശപ്പുറത്തുനിന്ന് റൂളറെടുത്തു. കാലിന്റെ മുട്ടിന് ആഞ്ഞൊരടി. അത്തരമൊരു വേദന അതിനുമുമ്പോ ശേഷമോ ജീവിതത്തിലുണ്ടായിട്ടില്ല.’’ അടിയന്തരാവസ്ഥ ഏൽപ്പിച്ച മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല കെ കെ നാരായണന്റെ ശരീരത്തിലും മനസിലും. ഒരുമാസത്തോളമാണ് നിയമപാലകരും കോൺഗ്രസ് ഗുണ്ടകളും കൊടിയ ഭീകരത അഴിച്ചുവിട്ടത്. എ കെ ജിയുടെ സന്ദർശനത്തോടെയാണ് അക്രമങ്ങൾക്ക് അറുതിയായത്–- കെ കെ നാരായണൻ ഓർത്തെടുക്കുന്നു. അർധഫാസിസ്‌റ്റ് ഭീകരവാഴ്‌ചയുടെ മറവിൽ പെരളശേരിയിലും പരിസരങ്ങളിലും പൊലീസും കോൺഗ്രസ് ഗുണ്ടകളും 33 ദിവസമാണ് ജനജീവിതം നിശ്‌ചലമാക്കിയത്. സിപിഐ എം പെരളശേരി ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ചാണ് കോൺഗ്രസുകാർ സമാനതകളില്ലാത്ത ഭീകരതയ്‌ക്ക് തുടക്കമിട്ടത്. എ കെ ജി മന്ദിരം ഗ്രന്ഥാലയത്തിനുനേരെയും കല്ലേറുണ്ടായി. മമ്പറം അടക്കമുള്ള സമീപ പ്രദേശങ്ങളിൽനിന്ന് അടുത്ത ദിവസങ്ങളിലും കോൺഗ്രസുകാരെത്തി അക്രമത്തിനുമുതിർന്നപ്പോൾ ചെറുത്തുനിൽപ്പുണ്ടായി. സംഘർഷത്തിൽ പരിക്കേറ്റ ഒരാൾ അടുത്ത ദിവസവും മറ്റൊരാൾ കുറച്ചുദിവസം കഴിഞ്ഞും മരിച്ചു. ഇതിന്റെപേരിലാണ് പൊലീസും കോൺഗ്രസുകാരും നരവേട്ട തുടങ്ങിയത്. 1976 ഒക്‌ടോബർ 17ന് എ കെ ജി മന്ദിരം വായനശാല ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കോൺഗ്രസ് അക്രമികൾ തകർത്തു. ഫർണിച്ചറുകൾ വെട്ടിപ്പൊളിച്ച സംഘം പുസ്‌തകങ്ങൾ റോഡിൽ കൂട്ടിയിട്ട് തീയിട്ടു. സിപിഐ എം പ്രവർത്തകർക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതി. കടകളും സ്ഥാപനങ്ങളും തുറക്കാൻ സമ്മതിച്ചില്ല. പഞ്ചായത്ത് പൂർണമായി അടച്ചിടുന്ന അവസ്ഥയിൽ വീടുകളിൽ പട്ടിണി പുകഞ്ഞു. സിപിഐ എം പ്രവർത്തകരുടെ വീടുകൾക്കുനേരെയും അക്രമം നടന്നു. കലക്ടർ കോയ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പെരളശേരിയിലെത്തി. ജനങ്ങൾക്ക് പരാതി പറയാമെന്ന് അറിയിച്ചതോടെ കെ കെ നാരായണനെയാണ് പാർടി ചുമതലപ്പെടുത്തിയത്. ‘‘അക്രമികൾ പെരളശേരിയിൽ തമ്പടിച്ചിരുന്നു. കൊടുവാളും വടികളും മറ്റും കൈയിലുണ്ട്. ഒറ്റയ്‌ക്കാണ് പെരളശേരിയിലെത്തിയത്. ചുറ്റുംനിന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കലക്ടറോട് കാര്യങ്ങൾ പറഞ്ഞുതീർത്ത് അവിടെനിന്ന് എങ്ങിനെയോ രക്ഷപ്പെടുകയായിരുന്നു.’’ അടുത്ത ദിവസങ്ങളിലും അക്രമം ആവർത്തിച്ചു. സംഭവങ്ങളറിഞ്ഞ് ഇ എം എസ് പെരളശേരിയിലെത്തി. വിവരമറിഞ്ഞ് പരിസരത്തെ സ്‌ത്രീകളുടെ വലിയ സംഘം എത്തിയിരുന്നു. പൊലീസിന്റെ വിലക്കുള്ളതിനാൽ ഇ എം എസ് അവിടെയെത്തിയവരോട് ഒന്നും സംസാരിച്ചില്ല. ‘‘അന്ന് രാത്രി പൊലീസ് വീടുവളഞ്ഞു. എന്നെയും അച്ഛനെയും പിടിച്ച് മൂന്നു പെരിയയിലെ താൽകാലിക പൊലീസ് ക്യാമ്പിൽ കൊണ്ടുപോയി. അവിടെനിന്ന് ചക്കരക്കൽ പൊലീസ് സ്റ്റേഷനിലേക്കും. വണ്ടിയിൽ കോൺഗ്രസുകാരും ഉണ്ടായിരുന്നു. സ്റ്റേഷനിൽ അടിവസ്ത്രംമാത്രമാണ് അനുവദിച്ചത്. ഭീകരമായ ഭേദ്യമുറകളായിരുന്നു. എല്ലാ ദിവസവും സാങ്കൽപിക കസേരയിൽ ഇരുത്തും. പരിക്ക് പുറത്തുകാണാതിരിക്കാൻ ചൂരൽകൊണ്ടാണ് അടി. ഇവിടെ വെച്ചായിരുന്നു എംഎസ്‌പിക്കാരുടെ ഡ്രൈവറുടെ അടി’’. പെരളശേരിയിലെ അതിക്രമങ്ങൾ അറിഞ്ഞ് എ കെ ജിയെത്തി. അതിക്രമങ്ങൾ നിർത്താനാവുന്നില്ലെങ്കിൽ ഞാനിവിടെ നിരാഹാരമിരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചു. "ഇതോടെയാണ് എന്നെയും അച്ഛനെയും വിട്ടത്. ഒരു കേസിൽപ്പോലും പ്രതിചേർക്കാതെയായിരുന്നു 11 ദിവസം ലോക്കപ്പിലിട്ടത് ’ മുൻ എംഎൽഎ കൂടിയായ കെ കെ നാരായണൻ ഓർത്തെടുക്കുന്നു.









0 comments