എളുപ്പവഴിയൊരുക്കി തൂക്ക് മരപ്പാലം

ആറളം ഫാം അന്പത്തഞ്ച് പ്രദേശത്തെ വിയറ്റ്‌നാം ഉന്നതിയുമായി ബന്ധിപ്പിക്കാൻ ആദിവാസി പുനരധിവാസ മേഖലയിലെ താമസക്കാർ നിർമിച്ച താൽക്കാലിക തൂക്കുമരപ്പാലം
ഇരിട്ടി
യാത്രയ്‌ക്ക് എളുപ്പവഴി കണ്ടെത്താൻ ആദിവാസി കുടുംബങ്ങൾ പരന്പരാഗത രീതിയിൽ നിർമിച്ച തൂക്ക് മരപ്പാലം ആറളം ഫാം ആദിവാസി മേഖലക്കും വിയറ്റ്‌നാം ഉന്നതിക്കും തുണയായി. കക്കുവ പുഴക്ക് കുറുകെയാണ് നൂറോളം മനുഷ്യരുടെ അധ്വാനവും നാടിന്റെ ഗ്രാമീണ എൻജിനിയറിങ് മികവും ചേർത്ത് ആറളം ഫാം ബ്ലോക്ക് പതിമൂന്നിലെ അന്പത്തഞ്ച് പ്രദേശത്തെ വിയറ്റ്‌നാം ഉന്നതിയുമായി കൂട്ടിയിണക്കുന്ന തൂക്കുപാലം യാഥാർഥ്യമായത്. മരക്കന്പുകളും മരത്തടികളും വടങ്ങളും കന്പികളും ചേർത്ത് പുഴയോരത്തെ കൂറ്റൻ മരങ്ങളിൽ ഞാത്തിയിട്ട നിലയിലാണ് പാലം. കയറിയാൽ ഇളകിയാടുന്ന നിലയിലാണ് ഇതിന്റെ ഘടന. ഫാമിലും വിയറ്റ്‌നാം ഉന്നതിയിലുമുള്ള താമസക്കാർക്ക് കാൽനടക്ക് ഉപകരിക്കും. വിയറ്റ്‌നാം ഉന്നതിക്കാർക്കും ഫാമിലെ അന്പത്തഞ്ച് മേഖലയിലെ അറുപതോളം കുടുംബങ്ങൾക്കും പാലം വഴി എളുപ്പത്തിൽ കീഴ്‌പ്പള്ളിയിൽ എത്താം. പാലമില്ലാത്ത അവസ്ഥയിൽ അഞ്ച് കിലോമീറ്റർ ചുറ്റിവേണം കീഴ്‌പ്പള്ളിയിലും വിയറ്റ്‌നാമിലുള്ള കടകളിൽ എത്താൻ. വിയറ്റ്‌നാമുകാർക്ക് ഫാമിൽനിന്ന് തീറ്റപ്പുൽ ശേഖരിച്ച് തിരികെ പോകാനും താൽക്കാലിക മരപ്പാലം തുണയാവും. രണ്ടാഴ്‌ചത്തെ അധ്വാനം വഴിയാണ് പാലം നിർമിച്ചത്. പാലം നിർമിതിക്ക് പഞ്ചായത്തിൽനിന്നും സാന്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തദ്ദേശീയർ.











0 comments