അങ്കണവാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരാക്കണം: സിഐടിയു

ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ അവകാശദിനാചരണവും പ്രകടനവും യോഗവും സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്സ് (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ ദേശീയ അവകാശദിനം ആചരിച്ചു.
അങ്കണവാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരാക്കി ആനുകൂല്യങ്ങൾ അനുവദിക്കുക, ഐഎൽസി നിർദേശിച്ച അവകാശങ്ങൾ ഉടൻ നടപ്പാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, സംഘടിക്കുന്നതിനുള്ള തൊഴിലാളികളുടെ അവകാശം പുനഃസ്ഥാപിക്കുക, 2020 -ലെ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദിക്കുക, ഐസിഡിഎസിനെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, ഒഴിവുകൾ നികത്തുക, അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അങ്കണവാടി പ്രവർത്തനങ്ങൾ രാജ്യത്താകമാനം ഏകീകൃതമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശദിനാചരണം സംഘടിപ്പിച്ചത്. അവകാശദിനാചരണവും പ്രകടനവും യോഗവും സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
എഐഎഫ്എഡബ്ല്യു ജില്ലാ പ്രസിഡന്റ് പി സി സലോമി അധ്യക്ഷയായി. സംസ്ഥാന ട്രഷറർ ടി വി സൂസൺ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ആലുവ ഏരിയ സെക്രട്ടറി പി എം സഹീർ, എഐഎഫ്എഡബ്ല്യു ജില്ലാ സെക്രട്ടറി കെ എസ് രഞ്ജിനി, സി പി റോസിലി എന്നിവർ സംസാരിച്ചു.











0 comments