ad
Deshabhimani

സ്റ്റാഫ്‌ നിയമനം മുതൽ മദ്യനയം വരെ; പ്രശ്‌നങ്ങൾക്കിടയിൽ 
ലീഗ്‌ പ്രവർത്തകസമിതി

Muslim Youth League workers Child Abuse Case
വെബ് ഡെസ്ക്

Published on Jul 11, 2026, 04:05 AM | 1 min read

കോഴിക്കോട്‌: പിഎം ശ്രീ, മദ്യനയം, മന്ത്രിമാരുടെ സ്റ്റാഫ്‌ നിയമനം, വിഴിഞ്ഞം ഓഹരിക്കച്ചവടം ഉൾപ്പെടെ, വിവാദങ്ങൾക്കിടയിൽ നേതൃയോഗം നടത്താൻ മുസ്ലിംലീഗ്‌. 18ന്‌ കോഴിക്കോട്‌ ലീഗ്‌ ഹ‍ൗസിൽ പകൽ മൂന്നിനാണ്‌ പ്രവർത്തകസമിതി ചേരുന്നത്‌. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ യോഗമാണിത്‌. ഒന്നരമാസത്തെ ഭരണം നിരാശപ്പെടുത്തുന്നതാണെന്ന വികാരം ലീഗിൽ ശക്തമാണ്‌. മന്ത്രിമാർക്കെതിരെയും പലതലങ്ങളിൽ പ്രതിഷേധമുണ്ട്‌. സ്‌റ്റാഫ്‌ നിയമനത്തിൽ പാർടി വികാരം മന്ത്രിമാർ മാനിച്ചില്ലെന്ന അഭിപ്രായവും വ്യാപകം. മലപ്പുറം, കോഴിക്കോട്‌ ജില്ലാകമ്മിറ്റികൾക്കാണ്‌ കടുത്ത അതൃപ്‌തി. ജില്ലാകമ്മിറ്റികൾ നൽകിയ പട്ടികയിൽനിന്ന്‌ വിരലിലെണ്ണാവുന്നവരെയാണ്‌ പരിഗണിച്ചത്‌.

എംഎസ്‌എഫ് എതിർപ്പ്‌ പരസ്യമാക്കി. യൂത്ത്‌ ലീഗിനും അമർഷമുണ്ട്‌. സർക്കാർ അഭിഭാഷക നിയമനത്തിലും പാർടി താൽപ്പര്യം മാനിക്കപ്പെട്ടില്ല. നേതാക്കളുടെ അടുപ്പക്കാർ പദവികൾ സ്വന്തമാക്കിയത്‌ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായി. അഞ്ച്‌ എംഎൽഎമാരെ ജയിപ്പിച്ചിട്ടും മന്ത്രിപദം ലഭിക്കാത്തതിൽ കോഴിക്കോട്‌ ജില്ലാകമ്മിറ്റിക്ക്‌ നീരസം. പിഎം ശ്രീ, മദ്യനയം എന്നിവയിലെ നിലപാട്‌ നേതൃത്വത്തിന് വ്യക്തമാക്കേണ്ടിവരും. മുഖ്യമന്ത്രി വി ഡി സതീശന്റെ ശൈലിയോടുള്ള വിയോജിപ്പും മന്ത്രി കെ എം ഷാജിയുടെ അനവസരത്തിലെ പ്രസ്‌താവനകളും ചര്‍ച്ചയാകും. ഭരണം ലഭിച്ച് മാസങ്ങൾക്കുശേഷം വിളിച്ച യോഗം പ്രഹസനമാണെന്ന്‌ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ചർച്ചകൾ ഒഴിവാക്കാനാണ്‌ യോഗം വൈകിട്ട്‌ വിളിച്ചതെന്നും ഇവർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home