ad
Deshabhimani

ബിജെപിയിൽ ഫണ്ട്‌ കുംഭകോണം: 47 മണ്ഡലത്തിൽ കോടികൾ വെട്ടിച്ചു: പി വി ജീജോ

BJP.jpg
വെബ് ഡെസ്ക്

Published on Jul 11, 2026, 04:15 AM | 1 min read

​കോഴിക്കോട്‌ : നിയമസഭാ തെരഞ്ഞെടുപ്പിൽ 47 മണ്ഡലങ്ങളിൽ ബിജെപി നേതാക്കൾ ഫണ്ട്‌ വെട്ടിച്ചെന്ന്‌ റിപ്പോർട്ട്‌. സംസ്ഥാന ട്രഷറർ ഇ കൃഷ്‌ണദാസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. വിശദ കണക്കെടുപ്പിന് ദേശീയനേതൃത്വം പ്രത്യേക ഓഡിറ്റ്‌ സംഘത്തെ നിയോഗിച്ചു. ഫണ്ട്‌ വിനിയോഗവും കണക്കും പരിശോധിക്കാൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിനോദ്‌ ധാവ്‌ളെ, കേന്ദ്രസഹമന്ത്രി ശോഭ കരന്ത്‌ലാജെ, അപരാജിത സാരംഗി എംപി എന്നിവരെ ചുമതലപ്പെടുത്തി. ഓഡിറ്റർമാരുടെ റിപ്പോർട്ടും ഇവർ പരിശോധിക്കും. ഒരു നിയമസഭാമണ്ഡലത്തിന്‌ മൂന്ന്‌ കോടി രൂപ നേതൃത്വം കൈമാറിയിരുന്നു. ഇതിന്‌ പുറമേ സ്ഥാനാർഥികൾ, ജയസാധ്യത ഇവയെല്ലാം വിലയിരുത്തി ഇരുപതുകോടിവരെ നൽകിയ മണ്ഡലങ്ങളുണ്ട്‌.

പലയിടത്തും ഒരുകോടിയിൽ താഴെ മാത്രമാണ്‌ ചെലവഴിച്ചത്‌. ഒന്നിനും കണക്കില്ല. ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാർഥികളടക്കം പ്രത്യേക കോക്കസ്‌ ഫണ്ട്‌ കൈയടക്കിയതായും കണ്ടെത്തി. പരിശോധനയുടെ ഭാഗമായി ഓഡിറ്റ്‌ സംഘം വിവിധ ജില്ലകളിലെത്തി പരിശോധന ആരംഭിച്ചു. പാർടിക്ക്‌ പുറത്തുള്ള ഓഡിറ്റർമാരുടെ സംഘത്തെയാണ്‌ പ്രാഥമിക കണക്കെടുപ്പിന്‌ നിയോഗിച്ചത്‌. ഓഡിറ്റ്‌ സമിതിക്ക്‌ മുന്പാകെ രേഖകളുമായി എത്താനാണ്‌ സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഭാരവാഹികൾക്കും കിട്ടിയ നിർദേശം.

ആഗസ്‌ത്‌ ആദ്യം ഓഡിറ്റ്‌ റിപ്പോർട്ട്‌ അഖിലേന്ത്യാ നേതൃത്വത്തിന്‌ കൈമാറും. തെരഞ്ഞെടുപ്പിന്റെ മറവിൽ വിവിധതലങ്ങളിൽ നേതാക്കൾ അഴിമതി നടത്തിയതായാണ്‌ പ്രാഥമിക വിലയിരുത്തൽ. സംസ്ഥാന ജനറൽ സെക്രട്ടറിയടക്കമുള്ള പ്രബലർക്കെതിരായാണ്‌ പ്രധാന ആരോപണം. വിഷയം കത്തിക്കയറുമ്പോഴും സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ മ‍ൗനത്തിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home