തീരദേശ സ്വകാര്യവൽക്കരണത്തിനെതിരെ സിപിഐ എം പ്രതിഷേധത്തിര

തീരദേശമേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി വെെപ്പിൻ ഗോശ്രീ ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
തീരദേശമേഖല സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ പ്രതിഷേധത്തിര. വൈപ്പിന്‍ ഗോശ്രീ ജങ്ഷനില്‍ സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്‌നം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.
മിഷന്‍ സമുദ്രയ്ക്ക് ബജറ്റില്‍ തുക വകയിരുത്തി തീരദേശ മേഖലകളെ പൂർണമായി ബഹുരാഷ്ട്രകുത്തകകള്‍ക്ക് തീറെഴുതിയ മുഖ്യമന്ത്രി വി ഡി സതീശന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസത്തില്‍ ധനസഹായംപോലും മുടക്കിയെന്ന് സി എന്‍ മോഹനന്‍ പറഞ്ഞു. ബ്ലൂ ഇക്കോണമിയെന്നത് സമുദ്രസമ്പത്ത് വിറ്റുതുലയ്ക്കാനും തീരമേഖലയിലെ ജനതയെ നാശത്തിലേക്ക് തള്ളിയിടാനുമുള്ള വഴിയാണ്. ട്രോളിങ് നിരോധനകാലത്ത് സൗജന്യ റേഷനും സംസ്ഥാന സര്‍ക്കാര്‍ മുടക്കി. കടലാക്രമണം തടയാനും മത്സ്യത്തൊഴിലാളികള്‍ക്ക് പെന്‍ഷനും ധനസഹായവും മുടക്കമില്ലാതെ നല്‍കാനും സി എൻ മോഹനൻ ആവശ്യപ്പെട്ടു.
2006ല്‍ എല്‍ഡിഎഫ് സര്‍ക്കാർ കൊണ്ടുവന്ന മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം തിരികെ പ്രാബല്യത്തിലാക്കണമെന്ന് സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ആവശ്യപ്പെട്ടു. വി ഡി സതീശൻ സര്‍ക്കാര്‍ കേരളത്തിലെ ജനത്തെ കേന്ദ്ര താല്‍പ്പര്യങ്ങള്‍ക്കായി ഒറ്റിക്കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമുദ്രസമ്പത്തും മത്സ്യമേഖലയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് തകര്‍ക്കുകയാണെന്നും തീരദേശത്തെ പ്രശ്നങ്ങളെപ്പറ്റി എറണാകുളത്തെ എംപി ഒന്നും സംസാരിക്കുന്നില്ലെന്നും ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു.
ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോണ്‍ ഫെര്‍ണാണ്ടസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എന്‍ ഉണ്ണിക്കൃഷ്ണന്‍, ഏരിയ സെക്രട്ടറി എ പി പ്രിനില്‍, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ബി ഷൈനി, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി യേശുദാസ് പറപ്പിള്ളി, പ്രസിഡന്റ് കെ ജെ ആന്റണി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എം റിയാദ്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ ഇ വി സുധീഷ് തുടങ്ങിയവർ സംസാരിച്ചു.










0 comments