വരാനിരിക്കുന്നത് വളം പ്രതിസന്ധി
ഫാക്ടിൽ പ്ലാന്റുകൾ നിശ്ചലമാകുന്നു

കെ പി വേണു
Published on Jul 11, 2026, 03:18 AM | 1 min read
കളമശേരി
പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച സാഹചര്യവും മാനേജ്മെന്റ് കെടുകാര്യസ്ഥതയും കേന്ദ്ര സർക്കാർ നിലപാടുകളും വൻകിട പൊതുമേഖലാ വളം വ്യവസായശാലയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിനെ (ഫാക്ട്) പ്രതിസന്ധിയിലേക്ക് നയിക്കുന്നു. രാജ്യത്ത് വളം ആവശ്യകത വർധിക്കുമ്പോൾ ഫാക്ടിൽ പ്ലാന്റുകൾ ഓരോന്നായി നിശ്ചലമാകുന്നു. അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവും ഭാരിച്ച വിലയും സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽത്തന്നെ കനത്ത നഷ്ടമാണ് കമ്പനിയെ കാത്തിരിക്കുന്നത്. പ്ലാന്റ് പ്രവർത്തനം മുടങ്ങിയതോടെ മുന്നൂറിലേറെ കരാർ തൊഴിലാളികളുടെ ജീവിതവും അനിശ്ചിതത്വത്തിലാകുകയാണ്.
കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാസവളത്തിന് വലിയ ആവശ്യമുള്ള സമയമാണ് ജൂലൈ, ആഗസ്‌ത് മാസങ്ങൾ. സാധാരണനിലയിൽ ഉൽപ്പാദനം വർധിപ്പിക്കേണ്ട സാഹചര്യമാണ് ഇത്. എന്നാൽ, സ്റ്റോക്കൊഴിക്കൽ വിൽപ്പനയാണ് ഇപ്പോൾ നടക്കുന്നത്. ഏതാനും ദിവസംകൊണ്ട് അതും നിലയ്ക്കും. അസംസ്കൃതവസ്തുക്കൾ ലഭിക്കുന്നത് കുറഞ്ഞതോടെ ഉദ്യോഗമണ്ഡലിൽ ഫാക്ടംഫോസ്, ഡൈ അമോണിയം സൾഫേറ്റ് എന്നിവയുടെ ഉൽപ്പാദനം നിർത്തി.
അമോണിയം സൾഫേറ്റ് പ്ലാന്റ് അടുത്ത ദിവസങ്ങളിൽ അടയ്ക്കും. ഇറക്കുമതിക്ക് കേന്ദ്ര സബ്സിഡി ലഭിക്കുന്നതിനാൽ അമോണിയം സൾഫേറ്റ് ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ ലാഭം മാർക്കറ്റിൽനിന്ന് വാങ്ങുന്നതാണ്. സൾഫർ വില വർധിച്ചതോടെ സൾഫ്യൂറിക് ആസിഡ് പ്ലാന്റും അടച്ചു. കൊച്ചി ഡിവിഷനിൽ ഫാക്ടംഫോസ് ഉൽപ്പാദനം വെട്ടിക്കുറച്ചു.
തകിടം മറിച്ചത് കെടുകാര്യസ്ഥത
യുദ്ധസാഹചര്യം പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ടെങ്കിലും 2023–24 സാമ്പത്തിക വർഷംമുതൽതന്നെ ഫാക്ട് പിന്നോട്ടടിക്കാൻ തുടങ്ങി. 2022–-23 സാമ്പത്തിക വർഷം കമ്പനി 613 കോടി ലാഭത്തിലായിരുന്നു. തുടർന്ന് അത് നിലനിർത്താനായില്ല. 2024-–25ൽ 40 കോടിയായി ലാഭമിടിഞ്ഞു. കഴിഞ്ഞവർഷം 40 കോടി നഷ്ടത്തിലേക്ക് മാറി. ഇതിൽ നാലാംപാദത്തിലെ രണ്ടു മാസം മാത്രമാണ് യുദ്ധസാഹചര്യം ബാധിച്ചത്. 2026-–27 ലെ ഒന്നാംപാദ വാർഷിക നഷ്ടം 100 കോടി കവിയുമെന്നാണ് സൂചന.










0 comments