പിഎം ശ്രീ: പിൻവാങ്ങാൻ കഴിയില്ലെന്നത് പെരുംനുണ– കെ കെ രാഗേഷ്

കണ്ണുർ പിഎം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറാൻ കഴിയില്ലെന്ന വി ഡി സതീശന്റെ വാദം പെരും നുണയാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് പ്രസ്‌താവനയിൽ പറഞ്ഞു. പഞ്ചാബിലെ ആം ആദ്മി പാർടി സർക്കാർ 2022 ൽ ഒപ്പുവച്ച പിഎം ശ്രീ ധാരണപത്രം 2023 ജൂലൈയിൽ റദ്ദു ചെയ്തിട്ടുണ്ട്. പിഎം ശ്രീയിൽ ചേരാനും ചേരാതിരിക്കാനും ധാരണപത്രം റദ്ദുചെയ്യാനും പദ്ധതിയിൽ ചേർന്നശേഷം പിൻവാങ്ങാൻ പോലും കഴിയുമെന്ന മുൻകാല അനുഭവം രാജ്യത്തുണ്ട്. പിഎംശ്രീ ധാരണപത്രം റദ്ദുചെയ്യപ്പെട്ട കേരളത്തിൽ നിയമപരമായി ഒരു ബാധ്യതയും നിലവിലില്ല. ഭിന്നശേഷി സംവരണ വിഷയത്തിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേരളം പിഎം ശ്രീ പദ്ധതിയിൽനിന്നും പിൻവാങ്ങി എന്നാണ് പറഞ്ഞിരിക്കുന്നത്. അതിൽനിന്ന് കേരളം പിഎം ശ്രീ പദ്ധതിയിൽ ചേർന്നിട്ടില്ല എന്നത് സുവ്യക്തമാണ്. പൊതുവിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ അജൻഡയ്ക്ക് പൂർണമായും കീഴ്പ്പെട്ട യുഡിഎഫ് സർക്കാരിന്റെ ഡീലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത് എന്നും കെ കെ രാഗേഷ് പറഞ്ഞു.










0 comments