പയ്യന്നൂരിലെ അക്രമം പ്രതികളെ ഉടൻ പിടികൂടണം: എൽഡിഎഫ് ഡിവൈഎസ്‌പി ഓഫീസ് മാർച്ച് 6 ന്

പയ്യന്നൂർ പയ്യന്നൂരിലുണ്ടായ അക്രമ സംഭവങ്ങളിലെ യഥാർഥ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഡിവൈഎസ്‌പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. ബികെഎം ജങ്‌ഷൻ കേന്ദ്രീകരിച്ച് ആറിന് രാവിലെ 10 ന് നടക്കുന്ന മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്യും. പയ്യന്നൂരിലെ മത്സ്യകർഷകൻ ടി പുരുഷോത്തമന്റെ ചെമ്മീൻ ഫാമിലെ ഷെഡ് കത്തിയതിലും വെള്ളൂർ ചേനോത്ത് പി വി പ്രസന്നന്റെ ബൈക്ക് കത്തിച്ചതിലും വെള്ളൂർ രാമൻ കുളത്തിന് സമീപം വി വി കമലാക്ഷിയുടെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതിലും വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റിയംഗം വി കെ കൃഷ്ണന്റെ വീട്ടിലെ പൂച്ചെട്ടികൾ തകർത്തതിലും പ്രതികളെ കണ്ടെത്തിയിട്ടില്ല. ജൂലൈ 22ന് വൈകിട്ട് എട്ടിനും 23ന് രാവിലെ ആറിനും ഇടയിലുള്ള സമയത്താണ് ചെമ്മീൻ ഫാമിലെ ഷെഡ് കത്തിനശിച്ചത്. വാർത്താ ചാനലുകളിൽ നടത്തിയ പ്രതികരണത്തിൽ ഫാം ഉടമ പറഞ്ഞത് സാധാരണ എല്ലാ ദിവസവും ഷെഡിൽ ജീവനക്കാർ ഉണ്ടാകാറുണ്ടെന്നും സംഭവ ദിവസം ഉണ്ടായിരുന്നില്ലെന്നുമാണ്. ഇത് ദുരൂഹമാണ്. ജനുവരി 26ന് രാത്രിയിലാണ് വെള്ളൂർ ചേനോത്തെ പി വി പ്രസന്നന്റെ വീടിന് സമീപം നിർത്തിയിട്ട രണ്ട് ബൈക്കുകളിൽ ഉപയോഗിക്കാത്ത പഴയ ബൈക്കാണ് വീടിന് സമീപത്തുനിന്ന് അമ്പതുമീറ്റർ ദൂരേക്ക് മാറ്റി കത്തിച്ചത്. സംഭവത്തിനു പിന്നിൽ സിപിഐ എം – എൽഡിഎഫ് പ്രവർത്തകരാണ് എന്നു തോന്നിക്കും വിധമായിരുന്നു സിപിഐ എമ്മിൽനിന്ന് പുറത്താക്കിയ വെള്ളൂരിലെ നേതാവിന്റെ അനുയായി കൂടിയായ പ്രസന്നന്റെ പ്രതികരണം. ഏപ്രിൽ 20ന് രാത്രി 10.50 ന് വി വി കമലാക്ഷിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു. അത് പ്രചാരണ ബോർഡിൽ തട്ടി പൊട്ടുകയും ചെയ്തിരുന്നു. ഇതും സിപിഐ എം പ്രവർത്തകരാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ നേതൃത്വത്തിൽ നടന്നത്. ഫേക് ഐഡികളിലൂടെ സിപിഐ എം നേതാക്കൾക്കും എൽഡിഎഫ് സ്ഥാനാർഥിക്കുമെതിരെ വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും നടന്നിരുന്നു. ഇതിനെതിരെ പരാതികൾ നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. പ്രതികളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎസ്‌പിയെ കണ്ട് എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ പ്രതികളെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആറിന് ഡിവൈഎസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്താൻ എൽഡിഎഫ് തീരുമാനിച്ചത്. വാർത്താസമ്മേളനത്തിൽ പി സന്തോഷ്, കെ വി ബാബു, വി ബാലൻ, പി ജയൻ, കെ ഹരിഹർ കുമാർ, പി വി ദാസൻ എന്നിവർ പങ്കെടുത്തു.








0 comments