കാപ്പ കൗൺസിലർക്ക് അവധി
തദ്ദേശവകുപ്പ് ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്ത് തടിയൂരി സർക്കാർ

തിരുവനന്തപുരം
കാപ്പ കേസിൽ തടവിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന് ആഭ്യന്തരവകുപ്പ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ അവധി അനുവദിച്ചതിൽ ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരി യുഡിഎഫ് സർക്കാർ. കത്ത് നൽകിയതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് തദ്ദേശവകുപ്പിൽ അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമയെയാണ് സസ്പെൻഡ് ചെയ്തത്. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന പ്രതിക്ക് നിയമപരമായി അർഹതയില്ലാത്ത ആനുകൂല്യങ്ങളും എസ്കോർട്ട് പരോളും ലഭ്യമാക്കാൻ ഫയലിൽ കൂട്ടിച്ചേർത്തൽ വരുത്തിയെന്നതാണ് ഉദ്യോഗസ്ഥയ്ക്ക് മേൽ ചുമത്തിയ കുറ്റം. സുഗതന് അവധിനൽകി കോർപറേഷൻ ഭരണം നിലനിർത്താൻ ബിജെപിയെ സഹായിച്ചതിനുപിന്നിൽ പഴയ കോ–ലീ–ബി സഖ്യം പ്രവർത്തിച്ചുവെന്ന വിമർശം രൂക്ഷമായപ്പോൾ എല്ലാം ഉദ്യോഗസ്ഥരുടെ തലയിലിട്ട് തടിയൂരാനുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുഖേന സുഗതന്റെ അവധിയപേക്ഷ ഒരുമാസംമുന്പ് (ജൂൺ 22ന്) ചീഫ് സെക്രട്ടറിക്കും ആഭ്യന്തരവകുപ്പിനും ലഭിച്ചിരുന്നു. ഈ അപേക്ഷ ആഭ്യന്തരവകുപ്പ് അഭിപ്രായത്തിനായി തദ്ദേശവകുപ്പിലേക്കും അയച്ചു. ജൂലൈ 13ന് ആഭ്യന്തരവകുപ്പ് (രഹസ്യവിഭാഗം–എ) വകുപ്പ് സുഗതന് അനുകൂലമായ സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു. ഇൗ സർക്കുലർ ഉയർത്തിപ്പിടിച്ചാണ് മേയർ വി വി രാജേഷ് സുഗതന് അനധികൃതമായി ആറുമാസത്തേക്ക് അവധി നൽകിയത്. മുസ്ലിംലീഗും കോൺഗ്രസും ഭരിക്കുന്ന വകുപ്പുകളുടെ ഇടപെടലിലൂടെയാണ് ജയിലിൽകഴിയുന്ന സുഗതന് അവധിക്ക് അവസരമൊരുങ്ങിയതെന്ന് തെളിഞ്ഞിരുന്നു. സുഗതന്റെ അപേക്ഷ തദ്ദേശവകുപ്പ് നിരസിച്ച് തിരിച്ചയച്ചതാണെന്നും ഇതിന്മേൽ ആഭ്യന്തരവകുപ്പ് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത് അറിയില്ലെന്നുമുള്ള നിലപാടിലായിയുന്നു മന്ത്രി കെ എം ഷാജി.








0 comments