യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

കഴക്കൂട്ടം
അയിരൂപ്പാറയിൽ യുവാവിനെ ആളില്ലാത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് കുടുംബം. അയിരൂപ്പാറ മരുതംമൂട് എഎസ് മൻസിലിൽ എ അമിൻഷാ (21)യെയാണ് കഴിഞ്ഞ 25ന് രാവിലെ വീടിനുസമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം പറയുന്നു. സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് അമീർ നെടുമങ്ങാട് ഡിവൈഎസ്‌പിക്ക് പരാതി നൽകി. പ്ലാസ്റ്റിക് കയറിൽ കഴുക്കോലിൽ കെട്ടിതൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കാലുകൾ രണ്ടും തറയിൽ മുട്ടിക്കിടന്നതും കാലുകളിൽ മുറിവുണ്ടായിരുന്നതുമാണ് സംശയത്തിനുകാരണം. ബന്ധുക്കളും നാട്ടുകാരും അന്നുതന്നെ ദുരൂഹത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പോത്തൻകോട് പൊലീസ് ഗൗരവമായി കേസ് അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ യൂണിഫോമില്ലാത്ത പൊലീസുകാരൻ തട്ടിക്കയറുകയും അധിക്ഷേപിക്കുകയും ചെയ്തതായി പിതാവ് അമീർ പറഞ്ഞു. മകന്റെ ജനനേന്ദ്രിയം ചവിട്ടിക്കലക്കിയ നിലയിലായിരുന്നുവെന്നും കാലിന്റെ രണ്ടുവിരലുകൾ മുറിച്ചുമാറ്റിയിരുന്നെന്നും സംശയമുണ്ടെന്ന് പിതാവ് പൊലീസിനോട് പറഞ്ഞപ്പോൾ അധിക്ഷേപിച്ചിറക്കി. എഫ്ഐആർ വായിച്ച് കേൾപ്പിക്കാതെ മൂത്തമകനെക്കൊണ്ട് നിർബന്ധിച്ച് ഒപ്പിട്ട് വാങ്ങിയെന്നും ഫോട്ടോഗ്രാഫറെ കൊണ്ടുവന്ന പേരുപറഞ്ഞ് 3000 രൂപ തന്റെ കൈയിൽനിന്ന് വാങ്ങിയെന്നും അമീർ ആരോപിക്കുന്നു.








0 comments