ഇൗ സങ്കടങ്ങൾ പെരുവഴിയിലാകരുത്

ഒഴിഞ്ഞു പോകാൻ കോർപറേഷൻ ആരോഗ്യവിഭാഗം നോട്ടീസ് നൽകിയതിനെത്തുടർന്ന് പയ്യാമ്പലത്തെ തട്ടുകടകളും ബങ്കുകളും അടച്ചിട്ടപ്പോൾ
ആദർശ് ലക്ഷ്‌മണൻ
Published on Jun 30, 2026, 02:00 AM | 1 min read
കണ്ണൂർ
കണ്ണൂർ മാർക്കറ്റിൽ പൊടുന്നനെ ആരംഭിച്ച വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടി നഗരത്തിലാകെ വ്യാപിപ്പിക്കുകയാണ് കോർപറേഷൻ. വർഷങ്ങളായി പയ്യാമ്പലം ബീച്ച് റോഡിൽ ബങ്കുകളിലും തട്ടുകടകളിലുമായി കച്ചവടം നടത്തുന്ന മുപ്പത്തിയഞ്ചിലേറെപേർക്കാണ് കോർപറേഷൻ ആരോഗ്യ വിഭാഗം ഒഴിയാൻ നോട്ടീസ് നൽകിയത്. ഇതിനെതിരെ കച്ചവടക്കാർ സംസ്ഥാന വഴിയോര കച്ചവട തർക്കപരിഹാര സെല്ലിനെ സമീപിച്ചു. തുടർന്ന് റിട്ട. ജഡ്ജി എം എ നിസാർ ഉൾപ്പെട്ട കമീഷൻ സ്റ്റേ ഉത്തരവ് നൽകി. കച്ചവടക്കാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്താനും ഉത്തരവിട്ടു. കൗൺസിൽ യോഗതീരുമാനം കർശനമായി നടപ്പാക്കുമെന്നാണ് മേയർ പി ഇന്ദിരയുടെ വാശി. പയ്യാമ്പലത്തെ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് റോഡ് മുതൽ പള്ളിയാംമൂലവരെയാണ് ബങ്കുകളും തട്ടുകടകളും പെട്ടിക്കടകളുമുള്ളത്. രണ്ടുമുതൽ 10 വർഷത്തിലധികമായി ഇവിടെ ഇവരുണ്ട്. ബീച്ച് റോഡിൽ അപകടമുണ്ടായാൽ പൊലീസ്, അഗ്നിരക്ഷാ സേന വാഹനങ്ങൾക്ക് പെട്ടെന്ന് എത്താനാകാത്തതിന് കാരണം ബങ്കുകളും തട്ടുകടകളുമുണ്ടാക്കുന്ന ഗതാഗതക്കുരുക്കാണെന്ന വിചിത്ര വാദമാണ് കോർപറേഷൻ ഉയർത്തുന്നത്. ബീച്ച് റോഡിൽ വാക്ക് വേയോട് ചേർന്ന് ഇന്റർലോക്ക് പാകിയ വശത്താണ് ബങ്കുകളും തട്ടുകടകളും. റോഡിലേക്ക് കടന്ന് ഒരു കടയുമില്ല. അലക്ഷ്യമായ വാഹനപാർക്കിങാണ് ഗതാഗത കുരുക്കിന്റെ യഥാർഥ കാരണം. അനധികൃത പാർക്കിങ് തടയാതെ ആ കുറ്റം വഴിയോര കച്ചവടക്കാരുടെ മേൽ ചാർത്തി തടിതപ്പാനാണ് ശ്രമം. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കലാണ് കോർപറേഷൻ ചെയ്യേണ്ടത്. അഥവാ ഒഴിപ്പിക്കുകയാണെങ്കിൽ പകരം സംവിധാനം കണ്ടെത്തി നൽകണമെന്ന സർക്കാർ ഉത്തരവുമുണ്ട്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തുകയാണ്. ലോണെടുത്തും കടം വാങ്ങിയും ഇവിടെ കച്ചവടം ചെയ്യുന്നവരുടെ നേർക്ക് ദയാദാക്ഷിണ്യമില്ലാതെ കലിതുള്ളുകയാണ് ഭരണാധികാരികൾ. മഴ കനത്തതോടെ കച്ചവടത്തിൽ വലിയ ഇടിവുണ്ടായി. ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും കിട്ടുന്ന കച്ചവടംകൊണ്ടാണ് പിടിച്ചുനിൽക്കുന്നത്. ഒഴിപ്പിക്കൽ ഭീഷണി വന്നതോടെ ജീവിതം വഴിമുട്ടുമോയെന്ന ഭയത്തിലാണ് ഇവർ. കാരണം കണ്ണൂർ മാർക്കറ്റിൽനിന്നും നേരത്തെ കോർപറേഷൻ ഒഴിപ്പിച്ച വഴിയോര കച്ചവടക്കാരുടെ ജീവിതം ഇവർക്ക് മുന്നിലുണ്ട്. ഇരുട്ടുപടർത്തിയ ആ ജീവിതങ്ങളെക്കുറിച്ച് നാളെ .











0 comments