ad
Deshabhimani

പെട്ടിപ്പാലത്ത്‌ വൻ അപകടം

സ്വകാര്യബസുകൾ കൂട്ടിയിടിച്ച്‌ 
70 പേർക്ക്‌ പരിക്ക്‌

പെട്ടിപ്പാലത്തുണ്ടായ അപകടത്തിൽ തകർന്ന ബസുകളിലൊന്ന്
വെബ് ഡെസ്ക്

Published on Aug 13, 2026, 02:30 AM | 1 min read

തലശേരി

പുന്നോല്‍ പെട്ടിപ്പാലത്ത് ദേശീയപാതയില്‍ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ ഉള്‍പ്പെടെ 70 പേര്‍ക്ക് പരിക്ക്. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ഗംഗോത്രി ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ജാഗ്‌ലയണ്‍ ബസുമാണ്‌ ബുധൻ പകൽ 12.10 ഓടെ കൂട്ടിയിടിച്ചത്‌. അമിതവേഗത്തിലെത്തിയ ജാഗ്‌ലയണ്‍ ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന ഗോംഗോത്രിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസുകളുടെ മുന്‍ഭാഗം തകര്‍ന്നു. ഡ്രൈവര്‍മാര്‍ കാബിനില്‍ കുടുങ്ങി. ദേശീയപാതയിൽ ഒന്നരമണിക്കൂറോളം ഗതാഗതം മുടങ്ങി. പരിക്കേറ്റവര്‍ക്ക് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും തലശേരിയിലെ സഹകരണ–സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ കൂടുതല്‍പേര്‍ക്കും തലയ്ക്കും മൂക്കിനുമാണ് പരിക്ക്‌. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കര്‍ണാടക സ്വദേശി ഭരത് (37) ഉള്‍പ്പെടെ നാലുപേരെയാണ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബസുകൾ കൂട്ടിയിടിച്ച ശബ്ദവും യാത്രക്കാരുടെ നിലവിളിയും കേട്ട് പരിസരവാസികളും ദേശീയപാതയിലൂടെ കടന്നുപോയ വാഹനങ്ങളിലുള്ളവരും ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ന്യൂമാഹി, തലശേരി സ്‌റ്റേഷനുകളിലെ പൊലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആംബുലന്‍സുകളിലും നാട്ടുകാരുടെ വാഹനങ്ങളിലുമാണ്‌ ആശുപത്രിയിലെത്തിച്ചത്‌. ഗംഗോത്രി ബസ്‌ ഡ്രൈവര്‍ മുജിതാബിന്റെ കാലിന്‌ പൊട്ടലേറ്റു. ജാഗ്‌ലയണ്‍ ബസിലെ ഡ്രൈവര്‍ അഹമ്മദിനും പരിക്കേറ്റു. കാരായി രാജന്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി ഒ ടി ഷബീര്‍, തലശേരി എഎസ്‌പി ഡോ. നന്ദഗോപന്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവവര്‍ ജനറല്‍ ആശുപത്രിയിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home