ad
Deshabhimani

കുട്ടികൾക്ക്‌ സാറന്മാരില്ല; 
അധ്യാപകർക്ക്‌ ഡ്യൂട്ടി ടെൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 12, 2026, 02:00 AM | 1 min read

കണ്ണൂർ

ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പകുതിയോളം അധ്യാപകർക്ക്‌ സെൻസസ്‌ ചുമതലയിലായതോടെ പഠനം താളംതെറ്റുമോ എന്ന ആശങ്കയിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും. ജില്ലയിൽ അയ്യായിരത്തോളംപേർക്ക്‌ സെൻസസ്‌ ചുമതലയുണ്ട്‌. 2025–26ലെ കണക്കനുസരിച്ച്‌ ഹയർസെക്കൻഡറി വരെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലായി ജില്ലയിൽ 16,119 അധ്യാപകരുണ്ട്‌. താൽക്കാലികക്കാരെയും അംഗീകാരം ലഭിക്കാത്തവരെയും മാറ്റിയാൽ എണ്ണം 14000ൽ താഴെയാകും. ഇവരിൽ അയ്യായിരം പേരും ഇപ്പോൾ സ്‌കൂളിലെത്തുന്നില്ല. ഹയർസെക്കൻഡറി അധ്യാപകർക്ക്‌ സൂപ്പർവിഷൻ ചുമതലയാണെന്നതിനാൽ അധ്യയനസമയം അധികം നഷ്‌ടപ്പെടില്ല. ഫീൽഡ്‌ പ്രവർത്തനംനടത്തുന്ന അധ്യാപകരാണ്‌ പാഠഭാഗങ്ങൾ സമയപരിധിക്കുള്ള തീർക്കാൻ സാധിക്കാതെയും അമിതജോലിഭാരത്താലും ദുരിതത്തിലാകുന്നത്‌. ജൂലൈ ഒന്ന് മുതൽ 30വരെയാണ് രാജ്യത്ത്‌ സെൻസസിന്റെ ഒന്നാംഘട്ടം. വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് ഇ‍ൗ ഘട്ടത്തിൽ. ഒരു അധ്യാപകൻ 200 വീടുകളുള്ള ഒരു ക്ലസ്റ്റർ പൂർത്തിയാക്കണം. സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ വൈകിട്ട് വീടുകളിലെത്തി വിവരമെടുക്കാനാണ്‌ നിർദേശം. ഇങ്ങനെ രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെയുള്ള അധ്യാപനത്തിനുശേഷം സെൻസസിന്റെയും ജോലിഭാരം ചുമക്കേണ്ട ഗതികേടിലാണ്‌ അധ്യാപകർ. സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കുംമുന്പ്‌തന്നെ ഡ്യൂട്ടി ലഭിച്ചവരെ കൂട്ടത്തോടെ പരിശീലനത്തിനയച്ചും ഹൈസ്‌കൂൾ അധ്യാപകരെ എസ്എസ്എൽസി പുനർമൂല്യനിർണയത്തിനായി വിടുതൽചെയ്‌തും സ്‌കൂൾ തുറന്ന ആദ്യ ആഴ്‌ചയിൽത്തന്നെ അധ്യയനം താറുമാറായിരുന്നു. മെയ്‌ 31ന്‌ വിരമിച്ച അധ്യാപകർക്കുപകരം നിയമനംനടത്താത്തതും അർഹമായ പ്രമോഷൻ നൽകാത്തതും പ്രധാനാധ്യാപകരുടെ ‘പൂർണ അധികച്ചുമതല’ നൽകിയ അധ്യാപകർക്ക്‌ സെൻസസ്‌ ഡ്യൂട്ടി നൽകിയതും ദുരിതം ഇരട്ടിപ്പിച്ചു. ആക്ഷേപങ്ങൾ 15നുള്ളിൽ അറിയിച്ച്‌ തുടർപ്രക്രിയകൾക്കുശേഷം മാത്രമേ പുതിയ നിയമനത്തിന്‌ ഫൈനൽ ലിസ്‌റ്റ്‌ തയ്യാറാക്കൂ. ഇതിനിടയിൽ കെ ടെറ്റ്‌ യോഗ്യത സംബന്ധിച്ചുള്ള അനിശ്‌ചിതത്വങ്ങളുമുണ്ട്‌. അക്കാദമിക് കലണ്ടർപ്രകാരം ഓണപ്പരീക്ഷയ്‌ക്കുമുമ്പ് പാഠങ്ങൾ തീർക്കേണ്ട സമയമാണിത്. സെൻസസ്‌ ചുമതലയിൽ ജൂലൈയിൽ മാത്രം 23 അധ്യയന ദിവസങ്ങൾ നഷ്ട‌മാകും. ചുരുങ്ങിയ പ്രവൃത്തിദിനങ്ങൾക്കുള്ളിൽ സിലബസ് തീർക്കേണ്ട സമ്മർദ്ദം അധ്യാപകർക്കുണ്ട്‌. സ്‌കൂൾ തുറക്കുംമുന്പ്‌ മുന്നൊരുക്കം നടത്താത്തതാണ്‌ പ്രതിസന്ധിക്കിടയാക്കിയത്‌. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ അടിയന്തരമായി നികത്തണം. സെൻസസ് പരിശീലനം വിദ്യാലയ പ്രവർത്തനത്തെ തടസപ്പെടുത്താതെ ക്രമീകരിക്കണമെന്നാണ്‌ അധ്യാപകരുടെ ആവശ്യം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home