ad
Deshabhimani

അടിയന്തരാവസ്ഥയിൽ 
കോൺഗ്രസും വേട്ടയാടി

ED imposes fine on newsclick
വെബ് ഡെസ്ക്

Published on Jun 12, 2026, 03:02 AM | 1 min read

ന്യൂഡൽഹി: കള്ളക്കേസിൽ കുടുക്കി മോദി സർക്കാർ ഏഴുമാസം ജയിലിലടച്ച പ്രബിർ പുർകായസ്‌തയെ അടിയന്തരാവസ്ഥക്കാലത്ത്‌ കോൺഗ്രസും വേട്ടയാടിയിരുന്നു. വ്യാജരേഖകളടക്കം ചമച്ച്‌ മിസാകുറ്റം ചുമത്തി ഒരു വർഷമാണ്‌ കോൺഗ്രസ്‌ സർക്കാർ പ്രബിറിനെ ജയിലിലടച്ചത്‌. അടിയന്തരാവസ്ഥാഘട്ടത്തിൽ ജെഎൻയുവിൽ പിഎച്ച്‌ഡി വിദ്യാർഥിയായിരുന്നു പ്രബിർ.

1975 സെപ്‌തംബർ 25 നാണ്‌ ഡൽഹി പൊലീസ്‌ ക്യാമ്പസിൽനിന്ന്‌ ബലമായി തട്ടിക്കൊണ്ടുപോയി ജയിലിലിട്ടത്‌. സഞ്ജയ്‌ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു അറസ്റ്റ്‌. വിദ്യാർഥി യൂണിയൻ അംഗം അശോക്‌ ലതാ ജയിനിനെ ക്യാമ്പസിൽനിന്ന്‌ പുറത്താക്കിയതിനെതിരെ ക്യാമ്പസിൽ ക്ലാസുകൾ ബഹിഷ്‌ക്കരിച്ച്‌ സമരം നടന്നിരുന്നു. സഞ്ജയ്‌ ഗാന്ധിയുടെ ഭാര്യ മേനക ജെഎൻയുവിൽ വിദ്യാർഥിയാണ്‌. സമരത്തെക്കുറിച്ചറിയാതെ ക്ലാസിൽ കയറാനെത്തിയ മനേകയെ വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ദേവീ പ്രസാദ്‌ ത്രിപാഠിയും മറ്റ്‌ യൂണിയൻ അംഗങ്ങളും തടഞ്ഞു. ക്ലാസിൽ കയറാതെ മേനക മടങ്ങി.

സംഭവം അറിഞ്ഞ്‌ ക്ഷുഭിതനായ സഞ്ജയ്‌, ത്രിപാഠിയെയും കൂട്ടരെയും അറസ്റ്റുചെയ്യാൻ ഡൽഹി ലെഫ്‌. ഗവർണർക്ക്‌ നിർദേശം നൽകി. ക്യാമ്പസിലെത്തിയ പൊലീസിന്‌ മുന്നിൽപ്പെട്ടത്‌ പ്രബിറാണ്‌. ത്രിപാഠിയല്ലെന്ന്‌ പറഞ്ഞിട്ടും ബലമായി കാറിൽ കയറ്റി കൊണ്ടുപോയി. ആളുമാറിയെന്ന്‌ അറിഞ്ഞിട്ടും വിട്ടയച്ചില്ല. വ്യാജരേഖകൾ അടക്കം ചമച്ച്‌ കള്ളകേസിൽ തിഹാർ ജയിലിലാക്കി. പിന്നീട്‌ ആഗ്രാ ജയിലിലേക്ക്‌ മാറ്റി. ദിവസങ്ങളോളം ഏകാന്തതടവിൽ കിടന്നു. സിപിഐ എം സമർദം ശക്തിപ്പെടുത്തിയതോടെ ഒരു വർഷത്തിന്‌ ശേഷം വിട്ടയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home