തീക്കളി തുടരുന്നു: ഇറാനിൽ വ്യാപക ആക്രമണവുമായി യുഎസ്

തെഹ്‌റാൻ
: പശ്‌ചിമേഷ്യയെ മുൾമുനയിൽ നിർത്തി വ്യാഴം പുലർച്ചെ ഇറാനിലെ വിവിധ നഗരങ്ങളിൽ യുഎസ് സൈന്യം വീണ്ടും ആക്രമണം നടത്തി. ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. തിരിച്ചടിയായി ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമണം നടത്തി. ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തുമെന്നും രാജ്യത്തിന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കി.
എന്നാൽ മണിക്കൂറുകൾക്കുശേഷം ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽനിന്നും പിൻമാറുന്നതായി അദ്ദേഹം അറിയിച്ചു. വെടിനിർത്തൽ കരാറിന്റെ അവസാന വട്ട വ്യവസ്ഥകൾക്ക് അംഗീകാരമായ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്നും ട്രംപ് വെളിപ്പെടുത്തി.
ഇറാന്റെ സൈനിക നിരീക്ഷണ സംവിധാനങ്ങൾ, ആശയവിനിമയ ശൃംഖലകൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കിയാണ് യുഎസ് ആക്രമണം നടത്തിയത്. ഹോർമുസിന് സമീപമുള്ള തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, ഖേഷം ദ്വീപ്, മിനാബ്, സിരീക്, തെഹ്‌റാന് സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം അതിശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. വ്യാപാര സമുച്ചയം, മിലിട്ടറി ബാരക്കുകൾ, റവല്യൂഷണറി ഗാർഡ് ബേസ് എന്നിവ തകർന്നതായി ഇറാൻ സ്ഥിരീകരിച്ചു.
ആളപായമുളളതായി വിവരമില്ല.
പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ തുടരണമോ എന്നതിൽ പുനർവിചിന്തനം നടത്തുമെന്ന് ഇറാൻ വിദേ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണമായി അടച്ചിടുകയാണെന്നും ലംഘിച്ചാൽ വെടിയുതിർക്കുമെന്നും ഇറാൻ വ്യക്തമാക്കി. യുഎസുമായി സഹകരിച്ച് സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ നയതന്ത്ര പ്രതിനിധി സംഘം വ്യാഴാഴ്ച രാവിലെ ഇറാനിൽനിന്ന് മടങ്ങി.
ഇറാൻ ചർച്ചകൾ നീട്ടിക്കൊണ്ടുപോയി തങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം മുതൽ ഹോർമുസിലൂടെ ഇറാന്റെ കണ്ണുവെട്ടിച്ച് രാത്രിയിൽ രഹസ്യമായി ലക്ഷക്കണക്കിന് ബാരൽ എണ്ണ യുഎസ് സൈന്യം കടത്തുന്നുണ്ടെന്നും ഇറാന്റെ റഡാറുകൾ തകർത്താണ് ഇത് സാധ്യമാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു. പശ്‌ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് സുരക്ഷാ കൗൺസിൽ യോഗത്തിൽ ആശങ്ക രേഖപ്പെടുത്തി.










0 comments