ad
Deshabhimani

ഫിഫയുടെ 
കളത്തിൽ
ട്രംപിന്റെ കളി

Trump
വെബ് ഡെസ്ക്

Published on Jun 12, 2026, 04:26 AM | 1 min read

ന്യൂയോർക്ക്‌ : ന്യൂയോർക്ക്‌ കളവും കളിക്കാരും ഫിഫയുടേത്‌. കളിക്കുന്നതാകട്ടെ അമേരിക്കയും. ലോകകപ്പ്‌ ഫുട്‌ബോളിന് പന്തുരുണ്ട്‌ തുടങ്ങിയെങ്കിലും സംഘാടനത്തിലെ അമേരിക്കൻ ഇടപെടലിൽ പ്രതിഷേധം ശക്തമാണ്‌. ലോകകപ്പിനായി എത്തുന്നവർക്ക്‌ വിസ നിഷേധിക്കുന്നത്‌ തുടരുന്നു. ഇതേക്കുറിച്ച്‌ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ‘ചിൽ ആയിരിക്കൂ’ എന്നാണ്‌ ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ തലവൻ ജിയാന്നി ഇൻഫാന്റിനോ നൽകിയ മറുപടി.

രാജ്യത്തേക്ക്‌ ശരിയായ ആളുകൾ മാത്രമേ പ്രവേശിക്കാവു എന്നാണ്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വാദം. ടീമുകൾ, കളിക്കാർ‍, പരിശീലകർ, റഫറിമാർ, മാധ്യമ പ്രവർത്തകർ, ആരാധകർ തുടങ്ങി ലോകകപ്പിന്റെ ഭാഗമായെത്തുന്ന സർവവിഭാഗം ആളുകൾക്കും അമേരിക്ക വിസ നിഷേധിക്കുന്നുണ്ട്‌. ടീമുകളോട്‌ വ്യത്യസ്ത സമീപനമാണ്‌. അറബ്‌–ആഫ്രിക്കൻ ടീമുകളിലെ പലർക്കും ആദ്യം വിസ നിഷേധിച്ചു. പിന്നീട്‌ അനുമതി നൽകിയവർക്ക്‌ വിമാനത്താവളത്തിൽ കർശന പരിശോധനയും. സെനെഗൽ, ഉസ്‌ബെക്കിസ്ഥാൻ താരങ്ങളെ മണിക്കൂറുകളോളം സുരക്ഷയുടെ പേരിൽ പരിശോധിച്ചു. യൂറോപ്യൻ ടീമുകൾക്ക്‌ ഇതുണ്ടായില്ല. ആഫ്രിക്കൻ ഫുട്‌ബോളിലെ കഴിഞ്ഞ വർഷത്തെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സൊമാലിയക്കാരൻ ഒമർ അബ്‌ദുൾകാദിർ അർടാനെയെ പ്രവേശിപ്പിച്ചില്ല.

ഫിഫ- ഇതിന്‌ മ‍ൗനാനുവാദം നൽകി. സ്വിറ്റ്‌സർലൻഡ്‌ താരം ബ്ര‍ീൽ എംബോളോയ്‌ക്ക്‌ പരിശോധന നീണ്ടത്‌ കാരണം ടീമിനൊപ്പം ആദ്യദിനം ചേരാനായില്ല. ഇറാഖ്‌ താരം അയ്‌മെൻ ഹുസൈനെ ഏഴ്‌ മണിക്കൂറാണ്‌ ചോദ്യം ചെയ്‌തത്‌. ആഫ്രിക്കയിലെയും അറബ്‌ രാജ്യത്തെയും മറ്റുള്ളവർക്കും സമാന അനുഭവമാണ്‌. 11 രാജ്യങ്ങളുടെ 40 ശതമാനത്തിലധികം വിസയും നിഷേധിച്ചു. ഇറാൻ ഉൾപ്പെടെയുള്ള ടീമുകൾക്ക്‌ അനുവദിക്കുന്ന ടിക്കറ്റ്‌ വിഹിതവും കുറച്ചു. സ്‌റ്റേഡിയത്തിലെത്തുന്ന ആരാധകർക്ക്‌ പ്രത്യേക സുരക്ഷാ പരിശോധനയും ഒരുക്കിയിട്ടുണ്ട്‌. ‘ലോകത്തെ ഏറ്റവും മനോഹരമായ ടൂർണമെന്റിനെ ഇവർ നശിപ്പിച്ചു. റ-ഫറിയെ പ്രവേശിപ്പിക്കില്ല എന്നത്‌ എന്ത്‌ ധിക്കാരമാണ്‌. ഇവിടെ എല്ലാത്തിനും തീവിലയാണ്‌. ടിക്കറ്റിനും ഹോട്ടലുകൾക്കുമെല്ലാം. ഫിഫ നോക്കുകുത്തിയാണ്‌’–മുൻ ഇംഗ്ലീഷ്‌ താരം ഇയാൻ റൈറ്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home