തുടരെത്തുടരെ കോടതിയിൽനിന്ന് തിരിച്ചടി
കെട്ടിച്ചമച്ചതൊന്നും ഏശുന്നില്ല, നാണംകെട്ട് ഇഡി


എം അഖിൽ
Published on Jun 12, 2026, 04:36 AM | 1 min read
ന്യൂഡൽഹി:
മദ്യനയകേസിൽ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനുപിന്നാലെ ന്യൂസ്‌ക്ലിക്കിനെതിരായ കേസും കോടതി റദ്ദാക്കിയതോടെ വിശ്വാസ്യത നഷ്ടപ്പെട്ട് ഇഡി. മോദി സർക്കാരിനെ തുറന്നുകാണിക്കുന്ന പ്രതിപക്ഷനേതാക്കളെയും സ്വതന്ത്രമാധ്യമങ്ങളെയും തകർക്കാനുള്ള ‘രാഷ്ട്രീയ ആയുധം’ ആയി ഇഡി അധഃപതിച്ചെന്ന വിമർശങ്ങൾ ശരിവയ്ക്കുന്നതാണ് കോടതിയിൽനിന്നുള്ള തുടർച്ചയായ തിരിച്ചടി.
കെജ്‌രിവാൾ ഉൾപ്പെടെയുള്ള 23 പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയിൽ ഇഡിയെ വിമർശിക്കാൻ 18 ഖണ്ഡികകളാണ് ജഡ്‌ജി നീക്കിവച്ചത്. മതിയായ തെളിവില്ലാതെ കേസുകൾ കെട്ടിച്ചമച്ച് ദീർഘകാലം തടവിലിടുന്നത് നീതിയെ അട്ടിമറിക്കുന്ന അധികാര ദുർവിനിയോഗമാണെന്ന് പ്രത്യേക കോടതി ജഡ്‌ജി ജിതേന്ദ്രസിങ്ങ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാധാരണ നടപടികളെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള ഗുരുതര കുറ്റകൃത്യങ്ങളായി ചിത്രീകരിക്കുന്നതിൽ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി.
പിഎംഎൽഎ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാൽ ജാമ്യത്തിനായി വലിയകടന്പകൾ കടക്കേണ്ടതുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റങ്ങൾ നിശ്ചയിക്കുന്നതിനുപകരം നേരത്തെ തീരുമാനിച്ചപ്രകാരം കുറ്റങ്ങൾക്കനുസൃതമായ തെളിവുകൾ സൃഷ്ടിക്കുന്ന നടപടി തെറ്റാണെന്നും കോടതി വിമർശിച്ചു.
കേസുകൾ കെട്ടിച്ചമയ്‌ക്കുന്നതിലുള്ള മിടുക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ ഇഡിക്കില്ല. 2026 മാർച്ച് 31 വരെ 8,851 കേസെടുത്ത് 1,187 പേരെ അറസ്‌റ്റ് ചെയ്‌തെങ്കിലും 56 പേർക്ക് മാത്രമാണ് ശിക്ഷ ഉറപ്പാക്കാനായത്. ശിക്ഷാനിരക്ക് ഒരു ശതമാനം മാത്രമാണെന്ന് നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ഉൾപ്പെട്ട കേസിൽ സുപ്രീംകോടതിയും ഇഡിയെ വിമർശിച്ചു. ‘ഇഡിയെ രാഷ്ട്രീയ യുദ്ധങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതെന്തിനാണ്?’– എന്നാണ് മുൻ ചീഫ് ജസ്‌റ്റിസ് ഭൂഷൺ ആർ ഗവായ് ചോദിച്ചത്. ‘ഇഡി എല്ലാ പരിധിയും മറികടക്കുന്നതായും ഫെഡറൽഘടനയെ ലംഘിക്കുന്നതായും’ സുപ്രീംകോടതി 2022 മാർച്ചിൽ തുറന്നടിച്ചിരുന്നു.









0 comments