ad
Deshabhimani

print edition അലയടിച്ചു അസ്‌റ്റെക: മെക്‌സിക്കോ തിരമാലകളിൽപ്പെട്ട്‌ നിലച്ച് വുവുസേലകൾ

MEXICO

FIFA WORLC CUP 2026 X

വെബ് ഡെസ്ക്

Published on Jun 12, 2026, 04:20 AM | 2 min read

മെക്‌സിക്കോ: മെക്‌സിക്കോ തിരമാലകളിൽപ്പെട്ട്‌ വുവുസേലകൾ നിലച്ചു. സ്വന്തം കളത്തിൽ മേഞ്ഞുനടന്ന മെക്‌സിക്കോ രണ്ട്‌ ഗോളിന്‌ ദക്ഷിണാഫ്രിക്കയെ കീഴടക്കി. സ‍ൗദി പ്രോ ലീഗിലെ ഗോളടിക്കാരനായ യൂലിയൻ ക്വിനോനസിന്റെ കരുത്തുറ്റ വലംകാലടിയിൽ തകർന്നുപോയ ആഫ്രിക്കയെ റ‍ൗൾ ഹിമിനെസിന്റെ ഗോളിൽ മെക്‌സിക്കോ തീർത്തുകളഞ്ഞു. 80,824 ആരാധകരുടെ ആരവത്തിൽ കുലുങ്ങിയ അസ്‌റ്റെക സ്‌റ്റേഡിയത്തിൽനിന്ന്‌ രണ്ട്‌ ഗോളിന്റെ തോൽവിക്കൊപ്പം രണ്ട്‌ ചുവപ്പുകാർഡിന്റെ വേദനയുമായാണ്‌ ദക്ഷിണാഫ്രിക്ക തിരിച്ചുകയറിയത്‌. ഗ്രൂ‍പ്പ്‌ ‘എ’യിൽ ജയത്തോടെ മെക്‌സിക്കോയുടെ തുടക്കം. ആദ്യ ഗോൾ ഒന്പതാം മിനിറ്റിൽ. 2006നുശേഷം ഒരു ഉദ്‌ഘാടന മത്സരത്തിലെ വേഗമേറിയ ഗോൾ.

ആഫ്രിക്കയുടെ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട റോൺവെൻ വില്യംസിന്റെ ഏകാഗ്രതയെ തകർക്കാനുള്ള കരുത്ത്‌ ക്വിനോനെസിന്റെ കാലിൽ കൊടുങ്കാറ്റായി രൂപം കൊണ്ടു. ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ പിഴവ്‌ അതിലേക്കുള്ള വഴിയായെന്ന്‌ മാത്രം. ഒരു ബാക്ക്‌ പാസിൽനിന്നാണ്‌ ദക്ഷിണാഫ്രിക്ക അപകടം വിളിച്ചുവരുത്തിയത്‌. വില്യംസിന്റെ നിർദോഷമായ ഗോൾ കിക്കിനെ യഥാസമയം കാലിൽ കൊരുക്കാൻ ഷെഫേലേ സിതോലെ അമാന്തംകാട്ടി. ബോക്‌സിന്‌ ചുറ്റും കഴുകനെപ്പോലെ തക്കം പാർത്തിരുന്ന എറിക്‌ ലിറ, ദക്ഷിണാഫ്രിക്കൻ മധ്യനിരക്കാരന്റെ മുന്നിലേക്ക്‌ എടുത്തുചാടി. മറിഞ്ഞുവീഴുന്നതിനിടയിൽ ലിറ ഒറ്റപ്പെട്ടുനിൽക്കുകയായിരുന്ന ക്വിനോനിസിനെ കണ്ടു. ആദ്യം ഒരു നീക്കം. പിന്നാലെ രണ്ട്‌ ചുവടുകൾ. വലംകാൽകൊണ്ടൊരു പ്രഹരം. അബദ്ധം സംഭവിച്ചുപോയതിൽ അന്പരന്നുപോയ വില്യംസിനെ നിഷ്‌പ്രഭനാക്കി ക്വിനോനോസ്‌ വല ശക്തമായി കുലുക്കി.

വില്യംസിന്റെ കാലുകൾക്കിടയിലൂടെ പന്ത്‌ കുതിച്ചപ്പോൾ അസ്‌റ്റെക സ്‌റ്റേഡിയത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങി. സ‍ൗദി പ്രോ ലീഗിൽ സാക്ഷാൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെയും മറികടന്ന്‌ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാംസ്ഥാനക്കാരായി നിൽക്കുന്ന ക്വിനോനെസ്‌ രാജ്യത്തിനും അൽ ക്വാദിഷ്‌ ക്ലബിനുമായി നേടിയത്‌ 42 കളിയിൽ 38 ഗോളാണ്‌. കൊളംബിയക്കായി യൂത്ത്‌ വിഭാഗത്തിൽ പന്ത്‌ തട്ടിയ ഇരുപത്തൊന്പതുകാരൻ മൂന്ന്‌ വർഷം മുന്പാണ്‌ മെക്‌സിക്കൻ ദേശീയ കുപ്പായം സ്വയം തെരഞ്ഞെടുത്തത്‌. പതിനാറ്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം ലോകവേദിയിൽ പന്ത്‌ തട്ടാനെത്തിയ ദക്ഷിണാഫ്രിക്ക തീർത്തും അപരിചിതരായതുപോലെയായിരുന്നു.

ഒത്തിണക്കമില്ലാത്തൊരു ആൾക്കൂട്ടം അസ്‌റ്റെകയിൽ അലഞ്ഞുനടന്നു. ദക്ഷിണാഫ്രിക്കയുടെ പിഴവുകൾ മെക്‌സിക്കോയ്‌ക്ക്‌ കൃത്യമായി മുതലാക്കാനായില്ല. റ‍ൗൾ ഹിമിനെസും ബ്രിയാൻ ഗുട്ടിയെറസും നിരവധി ശ്രമങ്ങൾ നടത്തി. ഗോൾകീപ്പർ വില്യംസ്‌ ചിലപ്പോഴൊക്കെ മതിലായി ഉയർന്ന്‌ ആഫ്രിക്കയെ കാത്തു. ഇടവേളയ്‌ക്കുശേഷം ആഫ്രിക്ക പത്തിലേക്ക്‌ ചുരുങ്ങി. ഗുട്ടിയെറസിനെ ബോക്‌സിന്‌ തൊട്ടുപിന്നിൽനിന്ന്‌ തള്ളിയിട്ട സിതോലെ ചുവപ്പുകാർഡും കണ്ട്‌ മടങ്ങി. ഹിമിനെസ്‌ തൊടുത്ത ഫ്രീകിക്ക്‌ പ്രതിരോധ മതിലിൽ തട്ടിതകർന്നു. ഓബ്രു മൊഡീബയുടെ ലോങ്‌ റേഞ്ച്‌ ഷോട്ടുകളിൽ ആ-്രഫിക്ക ആശ്വാസംകണ്ടു. 67–ാം മിനിറ്റിൽ റോബർട്ടോ അൽവറാഡോയുടെ ക്രോസിൽ ഹിമിനെസ്‌ തലവച്ചതോടെ സ്‌റ്റേഡിയത്തിൽ ആവേശം നുരപൊങ്ങി. അതേസമയം, കളിയുടെ അവസാന ഘട്ടത്തിൽ അൽവറാഡോയുടെ മുഖത്തടിച്ചത്‌ തെംബ സ്വാനെ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായതോടെ ഒന്പത്‌ പേരായി ആഫ്രിക്ക. കളിയുടെ അവസാന നിമിഷം കുലിസോ മുഡാവുവിനെ വീഴ്‌ത്തിയ മെക്‌സിക്കോയുടെ സെസാർ മോണ്ടെസിനും ചുവപ്പുകാർഡ്‌ കിട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home