ആയോധനകലയിൽ സെലസ്‌റ്റിനോയാണ് താരം

സെലസ്‌റ്റിനോ വർഗീസ് പരിശീലനത്തിൽ
ടി പി സുന്ദരേശൻ
ചേർത്തല
ആയോധനകലയിൽ റെക്കോഡുകൾ സ്വന്തമാക്കി. സംസ്ഥാനത്തും പുറത്തും മോഡലിങ് മത്സരങ്ങളിൽ ഒന്നാംസ്ഥാനവും. നാലുവയസുകാരൻ നാടിന്റെ അഭിമാനമായി. ചേർത്തല തെക്ക് പഞ്ചായത്ത് 12–ാം വാർഡിൽ അരീപ്പറമ്പ് വലിയവീട്ടിൽ അനിൽ പ്രശാന്ത്– ജീതു ദന്പതികളുടെ മകൻ സെലസ്‌റ്റിനോ വർഗീസാണ് സുവർണതാരം. കളരിപ്പയറ്റിൽ 30 സെക്കൻഡിൽ 93 തവണ ഉറുമി വീശിയാണ് സെലസ്‌റ്റീനോ ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയത്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് സ്‌കൂൾ റെക്കോഡ്സിലും കേരള ബുക്ക് ഓഫ് റെക്കോഡ്സിലും ഉറുമിയിൽ സെലസ്‌റ്റിനോയുണ്ട്. പട്ടണക്കാട് പബ്ലിക് സ്‌കൂൾ എൽകെജി വിദ്യാർഥിയാണ്. മൂന്നാംവയസിൽ ആലപ്പുഴ തത്തംപള്ളി ദീപാലിക കളരിപ്പയറ്റ് അക്കാദമിയിലെ ദേശീയ റഫറി യേശുദാസ് ജസ്‌റ്റിന്റെ കീഴിലാണ് കളരി അഭ്യസിക്കാൻ തുടങ്ങിയത്. കുട്ടിക്കാലത്തുതന്നെ രാജ്യത്ത് വിവിധയിടങ്ങളിൽ മോഡലിങ് മത്സരത്തിൽ ഒന്നാമനായി. മോഡലിങ് രംഗത്തെ പ്രശസ്‌ത അന്താരാഷ്‌ട്ര പരിശീലകൻ കൊച്ചിൻ അതുൽസ് അക്കാദമി ട്രെയിനർ അതുൽ സുരേഷിന്റെ ശിക്ഷണത്തിലാണ് മോഡലിങ്ങിൽ പരിശീലനം. കളരിയിൽ സംസ്ഥാന ചാമ്പ്യനായ അഡ്രിയാനോ സഹോദരനാണ്. എട്ട് മാസംമുമ്പ് മാത്രം ആരംഭിച്ച ഇൻസ്‌റ്റഗ്രാമിൽ 14,000 ഫോളോവേഴ്സ് സെലസ്‌റ്റിനോയ്‌ക്കുണ്ട്.








0 comments