ദേശീയപാതയോരത്തെ വെള്ളക്കെട്ട് ഒഴിവാക്കണം

ദേശീയപാതയോരത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ കലക്ടർക്ക് നിവേദനം നൽകുന്നു
മാരാരിക്കുളം
ദേശീയപാത വികസനത്തിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാനും അടച്ചിട്ട അടിപ്പാതകൾ ഉടൻ ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷന്റെ നേതൃത്വത്തിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ടർക്ക് നിവേദനം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയപാത ഉന്നത സംഘം വെള്ളിയാഴ്ച പ്രദേശങ്ങൾ സന്ദർശിക്കും. പൂങ്കാവ് പ്രൊവിഡന്റ്സ് ആശുപത്രി മുതൽ മാരാരിക്കുളം കളിത്തട്ട് വരെയുള്ള പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുള്ളത്. പ്രൊവിഡൻസ്, വളവനാട്, പ്രീതികുളങ്ങര എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമാണ്. കെ എസ് ഡി പി, കലവൂർ എന്നിവിടങ്ങളിൽ അടിപ്പാത തുറന്നു കൊടുക്കാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കലവൂർ സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികൾ ഇപ്പോൾ രണ്ടു കിലോമീറ്ററോളം ചുറ്റിയാണ് സ്കൂളിൽ എത്തുന്നത്. ഇത് ഒഴിവാക്കാൻ കലവൂരിലെ അടിപ്പാത തുറന്നു കൊടുക്കണമെന്നും നിവേദക സംഘം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി, ജില്ലാപഞ്ചായത്ത് അംഗം ആർ റിയാസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം എസ് അരുൺ , റിൻസി സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി സാബുമോൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.







0 comments