ഉയരപ്പാത നിര്‍മാണം
പരാതികള്‍ പരിഹരിക്കാന്‍ സംയുക്ത പരിശോധന

ആലപ്പുഴ
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി അരൂര്‍ മുതല്‍ തുറവൂര്‍ വരെ നിര്‍മിക്കുന്ന ഉയരപ്പാതയുടെയും അനുബന്ധ റോഡുകളുടെയും നിര്‍മാണത്തിലെ അപാകം പരിഹരിക്കാന്‍ സംയുക്ത പരിശോധന നടത്താന്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൊതുമരാമത്ത്, തദ്ദേശം, മോട്ടോര്‍ വാഹനവകുപ്പ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംയുക്ത സംഘത്തിലുണ്ടാകും. യോഗത്തിൽ ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോള്‍ ഉസ്മാൻ എംഎല്‍എ അധ്യക്ഷയായി . പരാതിക്കാരുടെ ആശങ്കകള്‍ പരിഹരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. തുറവൂര്‍ ജങ്‌ഷന് തെക്ക് ഭാഗത്ത് അണ്ടര്‍പാസ് നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്തു. തുറവൂരില്‍ 220 കെവി സബ്‌സ്റ്റേഷന്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്തുനിന്നും രണ്ടേക്കര്‍ സ്ഥലം കെഎസ്ഇബിക്ക് വിട്ടുനല്‍കുന്നതിനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാനും യോഗം തീരുമാനിച്ചു. സബ്‌സ്റ്റേഷന്റെ ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കെഎസ്ഇബി യോഗത്തില്‍ അറിയിച്ചു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് ഒഴിവാക്കാൻ വാട്ടര്‍ അതോറിറ്റി, ദേശീയപാത അതോറിറ്റി, തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘവും സംയുക്തപരിശോധന നടത്തി പരിഹാരം കാണാൻ യോഗം നിർദേശിച്ചു. അരൂര്‍ മണ്ഡലത്തിലെ തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള അഞ്ച് കോടി രൂപയുടെ ഡിപിആര്‍ ഒരാഴ്‌ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പദ്ധതിയുടെ നിര്‍മാണം സമയബന്ധിതമായി ആരംഭിക്കും. കലക്ടര്‍ ഷാജി വി നായര്‍, പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.








0 comments