വടക്കിന്റെ വിദ്യാഭ്യാസ തലസ്ഥാനം

പിണാറയി എഡ്യൂക്കേഷൻ ഹബ്ബിൽ നിർമാണം പൂർത്തിയാകുന്ന കാന്റീൻ, പിണറായി ഐഎച്ച്ആർഡി, പിണറായി ഗവ. ഐടിഐ കെട്ടിടങ്ങൾ
ടി കെ അനൂപ്
Published on Mar 28, 2026, 02:00 AM | 2 min read
പിണറായി
വടക്കൻ കേരളത്തിന്റെ വിദ്യാഭ്യാസതലസ്ഥാനമാകാൻ പിണറായി എഡ്യൂക്കേഷൻ ഹബ്ബ്. ഏതാനും മാസങ്ങൾക്കുള്ളിൽ നിർമാണ പ്രവൃത്തികൾ പൂർത്തിയാകും. പാണ്ട്യാലമുക്കിൽ 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിലാണ് അത്യാധുനികസൗകര്യങ്ങളോടെ വിദ്യാഭ്യാസഹബ് ഒരുങ്ങുന്നത്. 60 ശതമാനം പണിയാണ് നിലവിൽ പൂർത്തിയായത്. 2022-–23 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് 2024 ആഗസ്‌തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു. കിഫ്ബിയുടെ സഹായധനത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിച്ചു. രാജ്യത്തിനകത്തും വിദേശത്തുമുള്ള വിദ്യാർഥികളെ ആകർഷിക്കുന്ന പുതുതലമുറ കോഴ്സുകൾ ഒരിടത്ത് ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് സമുച്ചയം രൂപകൽപനചെയ്തത്. ഗവ. പോളിടെക്നിക് കോളേജ്, ഗവ. ഐടിഐ, ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ആൻഡ് ടെക്നോളജി, സിവിൽ സർവീസ് അക്കാദമി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (കെഐഎച്ച്എം) തുടങ്ങിയ സ്ഥാപനങ്ങൾ സമുച്ചയത്തിന്റെ ഭാഗമാകും. നാലേക്കറിൽ പോളിടെക്നിക് കോളേജ്, നാലര ഏക്കറിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഹോസ്റ്റൽ സൗകര്യത്തോടെ ടൂറിസം-ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, സിവിൽ സർവീസ് അക്കാദമി, മൂന്ന് ഏക്കർ വിസ്തൃതിയിലുള്ള ജൈവ വൈവിധ്യ പാർക്ക് എന്നിവയാണ് ഇവിടെ നിർമിക്കുന്നത്. വിദ്യാർഥികളെയും സന്ദർശകരെയും സ്വീകരിക്കാനായി വെൽകം സെന്റർ, 20 മുറികളുള്ള അതിഥിമന്ദിരം, കാന്റീൻ, 300 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, പൊതുലൈബ്രറി, നീന്തൽക്കുളം, ഹോസ്റ്റൽ, പൊതുകായിക സൗകര്യങ്ങൾ, വൈദ്യുതി സേവന കെട്ടിടങ്ങൾ, 20 കെഎൽഡി ശേഷിയുള്ള കോമൺ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം നിശാഗന്ധി മാതൃകയിൽ സമുച്ചയത്തിനോടുചേർന്ന് പിണറായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിക്കുന്ന രണ്ടായിരംപേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമാണവും പുരോഗമിക്കുന്നു. അണ്ടർഗ്രൗണ്ട് പാർക്കിങ് ഉൾപ്പെടെ ആധുനികസൗകര്യങ്ങളോടെയാണ് ആംഫി തീയറ്റർ ഒരുങ്ങുക. പദ്ധതിയുടെ ഏകോപനച്ചുമതല ഐഎച്ച്ആർഡിക്കും നിർമാണ മേൽനോട്ടം കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനുമാണ്. നിലവിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഐടിഐ, ഐഎച്ച്ആർഡി തുടങ്ങിയ സ്ഥാപനങ്ങൾ നിർമാണം പൂർത്തിയായാൽ എഡ്യുക്കേഷൻ ഹബ്ബിലേക്ക് മാറ്റും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ സർവകലാശാലയുടെകീഴിൽ മൂന്ന് വർഷത്തെ ബിഎസ്‌സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് കോഴ്സാണ് ആദ്യഘട്ടമായി തുടങ്ങിയത്. കണ്ണൂർ സർവകലാശാലയിൽ ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ ബിരുദ കോഴ്സ് ആരംഭിക്കുന്നത് ആദ്യമായാണ്. പദ്ധതി പൂർത്തിയാകുന്നതോടെ പിണറായി വിദ്യാഭ്യാസ സമുച്ചയം വടക്കൻ കേരളത്തിലെ ഏറ്റവും വലിയ സമഗ്ര വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നാകും.










0 comments