Deshabhimani

കോർപറേഷന്റെ കെടുകാര്യസ്ഥത കാടുമൂടി മിനി വ്യവസായകേന്ദ്രം

മാളികപ്പറമ്പ് മിനി വ്യവസായകേന്ദ്രത്തിന്റെ മുൻവശത്തെ ഗേറ്റ് പൊളിച്ചുകൊണ്ടുപോയ നിലയിൽ
avatar
ഇ പ്രഭാകരൻ

Published on Nov 14, 2025, 03:00 AM | 1 min read

മാളികപ്പറമ്പ് ഇരുമ്പുഗേറ്റുകൾ തകർന്ന്, ചുറ്റുമതിൽ ഇടിഞ്ഞ്, കാടുകയറി കിടക്കുന്നപ്രദേശം. കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ 33–ാം ഡിവിഷനിലെ മാളികപ്പറമ്പിലെ മിനി വ്യവസായ കേന്ദ്രത്തിലേക്കെത്തുന്നവർ ആരുമൊന്ന് അമ്പരക്കും. 2010- –2015 ൽ എടക്കാട് പഞ്ചായത്ത് യുഡിഎഫ് ഭരിക്കുന്ന ഘട്ടത്തിലാണ് വനിതാസംരംഭകർക്കായി വ്യവസായകേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്. ഇതിനായി മാളികപ്പറമ്പിൽ 95 സെന്റ്‌ സ്ഥലം കണ്ടെത്തി നാലുകെട്ടിടങ്ങളും പണിത്‌ ഉദ്ഘാടനവും നടത്തി. രണ്ട് വ്യവസായ യൂണിറ്റുകൾ മാത്രമാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് ഉണ്ടായിരുന്ന അച്ചാർ നിർമാണ യൂണിറ്റ് താമസിയാതെ പൂട്ടി. വിവിധയിനം സ്വിച്ച് ബോർഡുകളും പാനൽ ബോർഡുകളും നിർമിക്കുന്ന ഡെൽ സ്വിച്ച് ഗിയറും ഫർണിച്ചർ നിർമാണ യൂണിറ്റായ കെ വി ഫർണിച്ചറുമാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. വാടക വർധിപ്പിക്കലും വാടക പിരിവുമല്ലാതെ സംരംഭകർക്ക്‌ സഹായമൊരുക്കാത്ത കോർപറേഷൻ അനാസ്ഥയാണ്‌ വ്യവസായകേന്ദ്രത്തിന്റെ ശോച്യാവസ്ഥയ്‌ക്ക്‌ കാരണം. അടിസ്ഥാന സൗകര്യങ്ങൾപോലും ഇവിടെ ഇല്ല. സ്വന്തം കൈയിൽനിന്ന് പണം മുടക്കിയാണ് സ്ഥാപനത്തിനായി ത്രീഫേസ് വൈദ്യുതി ലൈൻ വലിച്ചതെന്ന് ഡെൽ സ്വിച്ച് ഗിയർ യൂണിറ്റ് ഉടമ ബിനീഷ് പറഞ്ഞു. വ്യവസായ കേന്ദ്രത്തിനകത്ത് ഒരു വൈദ്യുതി വിളക്കുപോലും സ്ഥാപിക്കാത്തതിനാൽ രാത്രി സമൂഹവിരുദ്ധരുടെ വിഹാര കേന്ദ്രമാണിവിടം. മദ്യപിച്ചുകഴിഞ്ഞ്‌ കെട്ടിടത്തിന്റെ ചുവരുകളിൽ എറിഞ്ഞുടച്ച മദ്യക്കുപ്പികളുടെ ചില്ലുകൾ പലയിടത്തായി ചിതറികിടക്കുന്നു. വ്യവസായ കേന്ദ്രത്തിനുമുന്നിൽ സ്ഥാപിച്ചിരുന്ന ഇരുന്പ്‌ ഗേറ്റും ബോർഡും ആരോ ഇളക്കിക്കൊണ്ടുപോയി. ഖരമാലിന്യങ്ങൾ വേർതിരിക്കാനായി നേരത്തെ പണിത രണ്ട് കെട്ടിടങ്ങളിൽ, തെരുവുപട്ടികളെ പാർപ്പിക്കുന്നതിനുള്ള പുതിയ തീരുമാനത്തിലാണ് കോർപ്പറേഷൻ അധികാരികൾ. ഇതിനായി ആവശ്യമായ കൂടുകളും ഇവിടെ എത്തിച്ചിട്ടുണ്ട്. വ്യവസായകേന്ദ്രത്തിൽ പട്ടികളെ പാർപ്പിക്കാനുള്ള നീക്കത്തെ ഡിവിഷൻ കൗൺസിലർ എതിർത്തെങ്കിലും യുഡിഎഫ് ഭരണസമിതി ചെവിക്കൊണ്ടില്ല. വ്യവസായ സ‍ൗഹൃദശ്രേണിയിൽ കേരളം ഒന്നാംസ്ഥാനത്ത്‌ നിൽക്കുന്പോഴും വികസനത്തോട്‌ മുഖംതിരിഞ്ഞു നിൽക്കുന്നയാണ്‌ കോർപറേഷൻ ഭരണാധികാരികൾ. സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികൾ കോർപറേഷൻ പരിധിയിൽ നടപ്പാക്കാതിരിക്കാൻ ഗവേഷണം നടത്തുന്നവരാണ്‌ ഇവർ. കോർപറേഷൻ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരമാണ്‌ കാടുമൂടിക്കിടക്കുന്ന മാളികപ്പറമ്പിലെ മിനി വ്യവസായ കേന്ദ്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home