കിട്ടിയത് 57 ശതമാനംപേർക്ക് മാത്രം
സ്‌കൂൾ യൂണിഫോം വിതരണം വൈകുന്നു

സ്വന്തം ലേഖിക
Published on Jun 22, 2026, 02:06 AM | 1 min read
കണ്ണൂർ
അധ്യയന വർഷം ആരംഭിച്ച് മൂന്നാഴ്‌ച പിന്നിടുന്പോഴും സ്‌കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം പാതിവഴിയിൽ. കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ യൂണിഫോം വിതരണച്ചുമതലയുള്ള കേരള സ്‌റ്റേറ്റ് ഹാൻഡ്‌ലൂം ഡവലപ്‌മെന്റ് കോർപറേഷന്റെ (ഹാൻവീവ്) റിപ്പോർട്ടനുസരിച്ച് പകുതിയോളംപേർക്ക് ഇനിയും തുണി എത്തിക്കാനായിട്ടില്ല. ആവശ്യത്തിന് കൈത്തറിത്തുണി ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇവയുടെ നിറംകൊടുക്കലിനുശേഷം മാത്രമേ വിതരണം നടക്കു. സംസ്ഥാനത്ത് യൂണിഫോം വിതരണം ശരാശരി 66.4 ശതമാനമാണ്. ജില്ലയിൽ ഇത് 57.9 ശതമാനം മാത്രം. സർക്കാർ എൽപി, യുപി സ്‌കൂളുകളിലും എയ്‌ഡഡ് എൽപി സ്‌കൂളുകളിലുമാണ് ഹാൻടെക്‌സ്, ഹാൻവീവ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ വഴി രണ്ട് സെറ്റ് യൂണിഫോമിനുള്ള തുണി നൽകുന്നത്. മറ്റു സ്‌കൂളുകളിൽ തുണിക്ക് പകരം നിശ്ചിതതുക അലവൻസ് നൽകും. റിപ്പോർട്ടനുസരിച്ച് രണ്ടുഘട്ടമായി ജില്ലയിൽ 1,87,752 യൂണിറ്റ് യൂണിഫോം തുണിയാണ് നൽകേണ്ടത്. സ്യൂട്ടിങ് 29,101, ഷർട്ടിങ്/സ്‌കർട്ടിങ് 1,58,651 എന്നിങ്ങനെയാണിത്. ഇതിൽ 57.9 ശതമാനം (1,08,720 യൂണിറ്റ്) മാത്രമാണ് കൈമാറിയത്. 42.1 ശതമാനം പേർക്ക് (79,032 യൂണിറ്റ്) ബാക്കിയുണ്ട്. 1,58,651 പേർക്കുള്ള ഷർട്ടിങ്/സ്‌കർട്ടിങ് തുണികളിൽ കൈമാറിയത് 79,619 പേർക്കാണ്. അതേസമയം സ്യൂട്ടിങ് വിഭാഗത്തിൽ വിതരണം 100 ശതമാനം പൂർത്തിയായി. സാധാരണ ഏപ്രില്‍, മെയ് മാസങ്ങളിലാണ് സ്‌കൂളുകളില്‍ യൂണിഫോം തുണികള്‍ എത്തിക്കാറുള്ളത്. ഇതിനായി തുണിയുടെ അളവും കളർകോഡും നേരത്തെ ശേഖരിക്കും. ആസൂത്രണമില്ലായ്‌മയും ഭരണമാറ്റവും ഡൈയിങ് ഏജൻസികൾക്കും നെയ്‌ത്തുകാരുടെ പ്രൈമറി സൊസൈറ്റികൾക്കും തുക നൽകാത്തതും പ്രശ്‌നമായി. ഹാൻടെക്‌സ് – ഹാൻവീവ് കന്പനി പ്രശ്‌നങ്ങളും കൈത്തറിത്തുണി ലഭ്യതയിൽ പ്രതിസന്ധി വർധിപ്പിച്ചു. യൂണിഫോം തുണി ലഭിച്ചാലും തയ്യൽ പൂർത്തിയാക്കി എപ്പോൾ ധരിക്കാനാകുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.










0 comments