ad
Deshabhimani

സാഫ്‌ കൈപിടിച്ചു, 
269 കുടുംബങ്ങളുടെ

അഴീക്കോട് മീൻകുന്നിലെ മിനി സൂപ്പർമാർക്കറ്റിനുമുന്നിൽ ഗ്രൂപ്പംഗങ്ങൾ
വെബ് ഡെസ്ക്

Published on Jun 16, 2025, 03:30 AM | 1 min read

കണ്ണൂർ

ജില്ലയിൽ ഫിഷറീസ്‌ വകുപ്പിന്റെ കൈത്താങ്ങിൽ ജീവിതവഴിയൊരുങ്ങിയത്‌ 269 കുടുംബങ്ങൾക്ക്‌. ഫിഷറീസ്‌ വകുപ്പിന്റെ നേതൃത്വത്തിലുള്ള സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ) പദ്ധതി തണലിലാണ്‌ 269 കുടുംബങ്ങൾ ജീവിതം കരുപ്പിടിപ്പിക്കുന്നത്‌. 95 യൂണിറ്റുകളാണ്‌ ജില്ലയിൽ പ്രവർത്തിക്കുന്നത്‌. ചെറുകിട സംരംഭങ്ങളും സ്ഥാപനങ്ങളും തുടങ്ങാനാണ്‌ സാഫ്‌ പദ്ധതി വഴി സ്‌ത്രീകളെ സഹായിക്കുന്നത്‌. രണ്ടുമുതൽ അഞ്ചുവരെ പേരടങ്ങുന്ന മത്സ്യത്തൊഴിലാളി വനിതകളുടെ സംഘമായാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. കണ്ണൂർ കോർപറേഷൻ, തലശേരി, പയ്യന്നൂർ നഗരസഭകൾ, രാമന്തളി, മാടായി, മാട്ടൂൽ, അഴീക്കോട്‌, മുഴപ്പിലങ്ങാട്‌, ധർമടം, ന്യൂമാഹി പഞ്ചായത്തുകളിലുമാണ്‌ പദ്ധതി. ടെയ്‌ലറിങ് ആൻഡ് ഗാർമെന്റ്സ്, ഹോട്ടൽ ആൻഡ്‌ കാറ്ററിങ്, മത്സ്യസംസ്കരണം, സൂപ്പർ മാർക്കറ്റ് ആൻഡ് റീ ടെയിൽ തുടങ്ങിയ മേഖലകളിലാണ് സംരംഭങ്ങൾ. ടെയ്‌ലറിങ് ആൻഡ്‌ ഗാർമെന്റ്സ് വിഭാഗത്തിൽ 28 ഗ്രൂപ്പുകളും ഫിഷ് ആൻഡ്‌ ഫിഷ് പ്രോസസിങ്‌ വിഭാഗത്തിൽ 13 ഗ്രൂപ്പുകളും ഹോട്ടൽ ആൻഡ്‌ കാറ്ററിങ്ങ്‌ വിഭാഗത്തിൽ 15 ഗ്രൂപ്പുകളും സർവീസസ് ആൻഡ്‌ അദേഴ്‌സ് വിഭാഗത്തിൽ ഒമ്പത്‌ ഗ്രൂപ്പുകളും സൂപ്പർ മാർക്കറ്റ് ആൻഡ്‌ റീട്ടെയിൽ വിഭാഗത്തിൽ ആറ്‌ ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു. ഫ്രഷ് മീൻ, റെഡി ടു കുക്ക് ഫിഷ് ഐറ്റംസ്, പലഹാരങ്ങൾ, മധുര പലഹാരങ്ങൾ, ഉണക്ക മത്സ്യം, ചെമ്മീൻ, അച്ചാർ, റെഡിമെയ്‌ഡ് തുണിത്തരങ്ങൾ, സോപ്പുകൾ മുതലായവ ജില്ലയിലെ സാഫ് സംരംഭകർ നിർമിക്കുന്നുണ്ട്. യൂണിറ്റിലെ ഓരോ അംഗത്തിനും ഒരുലക്ഷം രൂപ വീതമാണ് ഗ്രാന്റ് അനുവദിക്കുക. പദ്ധതിത്തുകയുടെ 75 ശതമാനം സാഫിൽനിന്ന് സബ്‌സിഡി നൽകും. ബാക്കി അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവും 20 ശതമാനം ബാങ്ക് വായ്‌പയുമാണ്‌. സംരംഭത്തിനാവശ്യമായ തുടർസഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. ഒരുലക്ഷം രൂപവരെ പലിശരഹിത വായ്പ, പുതിയ ഉപകരണങ്ങൾ വാങ്ങാൻ അരലക്ഷം രൂപവരെ സബ്‌സിഡി തുടങ്ങിയവയുമുണ്ട്‌. മത്സ്യത്തൊഴിലാളി കുടുംബത്തിലെ സ്ത്രീകളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാഫ് പ്രവർത്തനം തുടങ്ങിയത്‌. സ്ത്രീകളുടെ ഉന്നമനത്തിലൂടെ കുടുംബത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ വികസനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ്‌ ആസൂത്രണംചെയ്‌തത്‌. മത്സ്യത്തൊഴിലാളി സ്ത്രീകളുൾപ്പെടുന്ന ഗ്രൂപ്പിന് പ്രാദേശികമായ പ്രത്യേകതകൾക്കനുസരിച്ചും അഭിരുചിക്കനുസരിച്ചും സംരംഭം തുടങ്ങാൻ സാധിക്കുമെന്നതാണ്‌ പദ്ധതിയുടെ പ്രത്യേകത. മാസച്ചന്തകളും നടത്താറുണ്ട്‌. മേളകളിലും പ്രദർശനങ്ങളിലും ഇവരുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home