ഒന്നാംഘട്ടം പൂർത്തിയായി
കാഞ്ഞിരങ്ങാട്ടെ ജില്ലാ ജയിൽ രണ്ടാംഘട്ട നിർമാണം നാളെ തുടങ്ങും

തളിപ്പറമ്പ്
പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് ആർടിഒ ഗ്രൗണ്ടിന് സമീപം നിർമിക്കുന്ന ജില്ലാ ജയിലിന്റെ രണ്ടാംഘട്ട പ്രവൃത്തി ബുധനാഴ്ച തുടങ്ങും. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഹൈടെക് ജയിൽ നിർമാണ പ്രവൃത്തിയുടെ ഒന്നാംഘട്ടം മാസങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. രണ്ടാംഘട്ടം തുടങ്ങുന്നതിന് മുന്നോടിയായി ഉത്തര മേഖലാ ജയിൽ ഡിഐജി വി ജയകുമാറിന്റെ നേതൃത്വത്തിൽ ഉന്നത സംഘം തിങ്കളാഴ്ച സ്ഥലം സന്ദർശിച്ച് അവലോകനം നടത്തി. 8.477 ഏക്കർ സ്ഥലത്താണ് രണ്ട് നിലകളിലായി അഞ്ച് ബ്ലോക്കുകളുള്ള ‘ഒക്ടഗൺ' മാതൃകയിൽ ജയിൽ നിർമിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ജയിൽ അനുവദിച്ചത്. പ്രധാനമായും പയ്യന്നൂർ, തളിപ്പറമ്പ് കോടതി പരിധിയിലെ റിമാൻഡ് തടവുകാര പാർപ്പിക്കാനാണ് ലക്ഷ്യം. ഏഴ് മീറ്റർ ഉയരവും 400 മീറ്റർ നീളവുമുള്ള കോൺക്രീറ്റ് ചുറ്റുമതിൽ, നാല് ജയിൽ ബ്ലോക്ക്, അടുക്കള, കവാടം, ഓഫീസ് സമുച്ചയം, തടവുകാരെ പാർപ്പിക്കാനുള്ള ബ്ലോക്കുകൾ, ഇന്റർവ്യു ഹാൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ 150 ഓളം തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ടാവും. നിർമാണം പൂർത്തിയാകുന്നതോടെ 252 തടവുകാരെ പാർപ്പിക്കുന്നതിനുളള സൗകര്യം ഉണ്ടാകും. ഗ്രൗണ്ട് ഫ്ലോർ നിർമാണം പൂർത്തിയാക്കി വേഗത്തിൽ പ്രവർത്തനം തുടങ്ങാനാണ് വകുപ്പുതല തീരുമാനമെന്ന് ഉത്തര മേഖലാ ജയിൽ ഡിഐജി വി ജയകുമാർ പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വേണു, ഉത്തര മേഖല ജയിൽ സ്പെഷ്യൽ ഓഫിസർ ഇ കൃഷ്ണദാസ്, തളിപ്പറമ്പ് ജില്ലാ ജയിൽ സ്പെഷ്യൽ ഓഫിസർ പി ടി സന്തോഷ്, തുടങ്ങിയവരും സംഘത്തിലുണ്ടായി.










0 comments