print edition കേന്ദ്ര വിധേയത്വം മറച്ചുവയ്‌ക്കാതെ

മിൽജിത് രവീന്ദ്രൻ
Published on Jun 20, 2026, 03:35 AM | 1 min read
തിരുവനന്തപുരം: കേന്ദ്രബിജെപി സർക്കാരിനോടുള്ള യുഡിഎഫ് വിധേയത്വം തരിമ്പും മറച്ചുവയ്‌ക്കാതെ ബജറ്റ് പ്രസംഗം. പ്രതികാരബുദ്ധിയോടെ കേരളത്തോട് ഇടപെടുന്ന മോദി സർക്കാരിനെ വാക്കുകൊണ്ടുപോലും വിമർശിക്കാതെയുള്ള ജാഗ്രത. നെഹ്‌റുവിയൻ സോഷ്യലിസ്‌റ്റ് എന്നവകാശപ്പെടുന്ന മുഖ്യമന്ത്രി വി ഡി സതീശൻ നരേന്ദ്രമോദിയുടെ മാതൃക പിന്തുടർന്ന് ആസൂത്രണ ബോർഡ് ഇല്ലാതാക്കുകയാണ്. നിതി ആയോഗ് മാതൃകയിലാണ് ആസൂത്രണ ‘തിങ്ക് ടാങ്ക്’ പ്രഖ്യാ പനം.
എൽഡിഎഫ് സർക്കാർ കേന്ദ്രത്തിൽനിന്ന് പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റായ 14,138 കോടി രൂപ കുറയുമെന്ന പ്രഖ്യാപനം അത് വാങ്ങിയെടുക്കാനുള്ള സാധ്യത അടയ്‌ക്കുന്നു. പതിനാറാം ധനകാര്യ കമീഷന്റെ ആക്‌ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് അന്തിമമായി അംഗീകരിച്ചാലേ ഗ്രാന്റിലും തീരുമാനമാകു.
വിബി ജി ആർഎഎംജിയായി പുനർനാമകരണം ചെയ്‌ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തകർക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ, ആവശ്യമായ തുക വകയിരുത്താതെ കൂട്ടുനിൽക്കുകയാണ് യുഡിഎഫ്. പദ്ധതിക്ക് സംസ്ഥാന വിഹിതമായി 250 കോടി ചെലവഴിച്ചിരുന്ന സ്ഥാനത്ത് 2090.96 കോടിയായി ഉയർന്നിട്ടും കേന്ദ്രത്തെ വിമർശിക്കാൻ വി ഡി സതീശൻ തയ്യാറല്ല.
റവന്യൂ വരുമാനത്തിൽ 75 ശതമാനവും കേരളം സ്വന്തംനിലയിൽ കണ്ടെത്തുമ്പോൾ, ഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും വരുമാനത്തിന്റെ 50 ശതമാനത്തിലധികം കേന്ദ്രം നൽകുന്നു. സെസും സർചാർജും ഉയർത്തിയും അർഹമായ വിഹിതവും ജിഎസ്‌ടി നിരക്കും ഏകപക്ഷീയമായി വെട്ടിക്കുറച്ചും കേന്ദ്ര ആക്രമണം തുടരുന്നു. അതേക്കുറിച്ചെല്ലാം മൗനമാണ് ബജറ്റിൽ. തനതുനികുതി വരുമാന അനുപാതത്തിൽ രാജ്യത്ത് നാലാമതാണ് കേരളം എന്ന യാഥാർഥ്യം പോലും മറച്ചുവച്ചു. എന്നാൽ, സംസ്ഥാന സാമ്പത്തിക സ്ഥിതിയെ ഇകഴ്‌ത്തിക്കാട്ടി കേന്ദ്രത്തിന്റെ കൈയടി നേടാൻ സതീശന്റെ ‘പുതുയുഗ’ ബജറ്റ് മറ ന്നില്ല.










0 comments