print edition കൺകെട്ട്, കച്ചവടം

മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരിപ്പിക്കുന്നു
നാല് മെഡിക്കൽ കോളേജുകളുടെ വികസനം, പുതുതായി പ്രഖ്യാപിച്ച ഹരിപ്പാട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളുടെ നിർമാണം ഉൾപ്പെടെ ആറ് സ്ഥാപനങ്ങൾക്ക് വകയിരുത്തൽ 100 കോടി രൂപ മാത്രം. പുതിയ മെഡിക്കൽകോളേജിന്റെ പ്രാഥമിക പ്രവൃത്തിക്കുപോലും ഈ തുക തികയില്ല.
കാരുണ്യ ഇൻഷുറൻസ് പദ്ധതി കുടിശ്ശിക ഘട്ടംഘട്ടമായി തീർക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും പണം അനുവദിച്ചില്ല. കഴിഞ്ഞ ബജറ്റിൽ 900 കോടി നീക്കിവച്ചിരുന്നു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ ചികിത്സാ സഹായം വാഗ്‌ദാനം ചെയ്യുന്ന ഉമ്മൻചാണ്ടി ഇൻഷുറൻസിന് അനുവദിച്ചത് 10 കോടി മാത്രം.
കുടുംബശ്രീക്ക് വെട്ട്
കുടുംബശ്രീയെ പൂർണമായും തകർക്കാൻ ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാർ. ബജറ്റിൽനിന്ന് പദ്ധതിയെ പൂർണമായും ഒഴിവാക്കി. പ്രത്യേക പദ്ധതികളോ ഫണ്ട് വിഹിതമോ യുഡിഎഫ് സർക്കാരിന്റെ പുതിയ ബജറ്റിലില്ല.
ഫണ്ട് അനുവദിക്കാത്തതിനാൽ പദ്ധതി മുടങ്ങുമോയെന്ന ആശങ്കയിലാണ് ജീവനക്കാർ. ജനുവരിയിൽ എൽഡിഎഫ് സർക്കാർ ബജറ്റിൽ 270 കോടി നീക്കിവച്ചിരുന്നു. പഴയ ബജറ്റിലെ വിഹിതം ഇനി കിട്ടുമോ എന്നതിലും വ്യക്തതയില്ല. മുൻ യുഡിഎഫ് സർക്കാരും കുടുംബശ്രീയെ തകർക്കാൻ ശ്രമിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങൾ വഴി ലഭിക്കേണ്ടിയിരുന്ന സർക്കാർ ഫണ്ടുകളും ബാങ്ക് വായ്‌പ ആനുകൂല്യങ്ങളും ജനശ്രീയിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ എൽഡിഎഫ് സർക്കാർ കുടുംബശ്രീ എഡിഎസുകൾക്ക് 1000രൂപ ഗ്രാന്റ് അനുവദിച്ചിരുന്നു.
വ്യവസായം, ഐടി മരവിപ്പിലേക്ക്
വ്യവസായരംഗത്തും ഐടി മേഖലയിലും കേരളം നേടിയെടുത്ത വികസനക്കുതിപ്പിന് ആക്കംകുറച്ചും സ്വകാര്യവൽക്കരണത്തിന് ഉൗന്നൽ നൽകിയും യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ്. വിഹിതത്തിൽ വലിയ വെട്ടിക്കുറവും വരുത്തി. എൽഡിഎഫ് സർക്കാർ ബജറ്റിൽ വ്യവസായ മേഖലയ്‌ക്ക് 1417.26 കോടി രൂപ വകയിരുത്തിയപ്പോൾ, പുതുക്കിയ ബജറ്റിലിത് 1115.48 കോടി മാത്രം. ഐടി മേഖലയ്‌ക്കുള്ള വിഹിതം 548.05 കോടിയിൽനിന്ന് 434 കോടിയാക്കി കുറച്ചു.
പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന്റെ മുൻകൈയിൽ റെയർ എർത്ത് ഇടനാഴിയാണ് എൽഡിഎഫ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. കെഎംഎംഎല്ലിനെ പുതിയ ബജറ്റിൽ ഒഴിവാക്കിയത് ധാതുഖനന മേഖല സ്വകാര്യ മേഖലയ്‌ക്ക് തീറെഴുതാനാണ്. കഴിഞ്ഞ അഞ്ചു വർഷത്തിൽ നാലു ലക്ഷത്തോളം എംഎസ്‌എംഇകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ഇതുവഴി 22,000 കോടിയിലധികം രൂപയുടെ നിക്ഷേപവും എട്ടു ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഉണ്ടായി. എന്നാൽ, പുതുക്കിയ ബജറ്റിൽ 10,000 പുതിയ എംഎസ്‌എംഇകൾ മാത്രമാണ് ലക്ഷ്യമിടുന്നത്. 100 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരുന്നത്. എൽഡിഎഫ് ആരംഭിച്ച മിഷൻ 10000, മിഷൻ വൺലാക്ക് പദ്ധതികൾ പുതിയ ബജറ്റിൽ ഒഴിവാക്കി.
മുഖ്യമന്ത്രി അധ്യക്ഷനും വ്യവസായ മന്ത്രി ഉപാധ്യക്ഷനുമായി ഇൻവെസ്‌റ്റ്‌മെന്റ് അഡ്വൈസറി കൗൺസിൽ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമം പാസാക്കി ഗവർണർ ഒപ്പിട്ടിരുന്നു. ഇതാണ് പുതിയതെന്ന രീതിയിൽ അവതരിപ്പിക്കുന്നത്. ഇൻവെസ്‌റ്റ് കേരള, കേരള ബ്രാന്റ് തുടങ്ങിയ എൽഡിഎഫ് സർക്കാരിന്റെ പദ്ധതികൾ പുതിയ പേരുകളിൽ ബജറ്റിൽ ഇടംപിടിച്ചു. എൽഡിഎഫ് സർക്കാർ സ്‌റ്റാർട്ടപ്പുകൾക്കു മാത്രമായി നീക്കിവച്ചതിന്റെ പകുതി തുകപോലും പുതിയ ബജറ്റിൽ വകയിരുത്തിയിട്ടില്ല. കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴി അടക്കമുള്ള പദ്ധതികളും ഇടംപിടിച്ചില്ല.
പഠനം പെടാപ്പാടാകും
പൊതുവിദ്യാഭ്യാസ മേഖലയ്‌ക്ക് ഇത്തവണ നീക്കിവച്ചത് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച തുകയുടെ പകുതിമാത്രം. പുതിയ ഗുണമേന്മാ പദ്ധതികളോ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ശക്തമാക്കുന്ന പ്രഖ്യാപനമോ ഇല്ല. എല്ലാ ഇനങ്ങളിലും തുക വെട്ടിക്കുറച്ചു. വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യ വികസനത്തിന് എൽഡിഎഫ് സർക്കാർ നീക്കിവച്ച 150 കോടി രൂപ 95 കോടിയായി കുറച്ചു. പഠന മികവുയർത്താൻ അനുവദിച്ച 56.25 കോടി 41 കോടിയാക്കി.
പാവപ്പെട്ട കുട്ടികളുടെ യൂണിഫോം വിതരണത്തിന് നിശ്ചയിച്ച 70 കോടി 56 കോടിയായും ഉച്ചഭക്ഷണപദ്ധതി വിഹിതം 26 കോടിയില്‍നിന്ന് 20 ആയും കുറച്ചു. എൽഡിഎഫ് സർക്കാർ ബജറ്റിൽ ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് അപകട ഇൻഷുറൻസിന് 15 കോടി വകയിരുത്തിയിരുന്നു. ഇത് പുതിയ ബജറ്റിലില്ല. പ്രീ-പ്രൈമറി, സ്കൂൾ തലത്തിലെ ഗുണനിലവാരം ഉയർത്തൽ, അധ്യാപക ക്ഷേമം, ഡിജിറ്റൽ വിദ്യാഭ്യാസ വിപുലീകരണം എന്നിവയും ബജറ്റിൽ ഇടംനേടിയില്ല.
വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താൻ ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെന്പർ പദ്ധതിക്ക് 25 കോടി വകയിരുത്തി.
പാലിലും മായം കലർത്തി
ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ക്ഷീരമേഖലയ്‌ക്കും സംസ്ഥാന ബജറ്റിൽ അവഗണന. ക്ഷീരകർഷക ക്ഷേമം, പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്‌തത എന്നിവയ്‌ക്ക് 128.05 കോടി രൂപ എൽഡിഎഫ് സർക്കാർ നീക്കിവച്ചിരുന്നെങ്കിൽ 102.88 കോടി മാത്രമാണ് ഇത്തവണ ബജറ്റ് വകയിരുത്തൽ.
തിരുവനന്തപുരം നെട്ടുകാൽത്തേരിയിൽ തീറ്റപ്പുൽഫാമും മാതൃകാ ക്ഷീരയൂണിറ്റും സ്ഥാപിക്കാൻ കഴിഞ്ഞ സർക്കാർ 10 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഇത് പുതിയ പദ്ധതിയാക്കി അവതരിപ്പിച്ചു. യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു കാലിത്തീറ്റ സബ്‌സിഡി വർധനവ്. എന്നാൽ ഇതിൽ വർധനവുണ്ടായില്ല. നേരത്തെയുണ്ടായിരുന്ന എട്ടുകോടിയിൽനിന്ന് ഒരുകോടി കുറച്ച് തുക ഏഴുകോടിയാക്കി. പശുവിനെ വാങ്ങാൻ പലിശരഹിത വായ്‌പ, കന്നുകാലികളെ ഇൻഷുർ ചെയ്യൽ എന്നീ വാഗ്‌ദാനങ്ങൾ വിഴുങ്ങി.
കാർഷിക ഉപദേശക സേവനത്തിനും ഗ്രാമീണ ക്ഷീര വിപുലീകരണത്തിനും കഴിഞ്ഞ സർക്കാർ 12 കോടി പ്രഖ്യാപിച്ചിടത്ത് യുഡിഎഫ് സർക്കാർ നൽകിയത് ഒന്പതുകോടി മാത്രം. മൂന്നുകോടിയുടെ കുറവ്. ക്ഷീരകർഷരുടെ ഇൻഷുറൻസ് പരിരക്ഷയ്‌ക്ക് തുകയില്ല. കഴിഞ്ഞ സർക്കാർ നാലുകോടി നൽകിയിരുന്നു.
ക്ഷീര സഹകരണസംഘങ്ങൾക്ക് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 22.55 കോടിയുടെ സഹായം 21 കോടിയാക്കി. വാണിജ്യ ക്ഷീരവികസനം, മിൽക്ക്‌ഷെഡ് പ്രവർത്തനം എന്നിവയ്‌ക്ക് 5.20കോടി കൂടി നൽകി വിഹിതം 45 കോടിയായി എൽഡിഎഫ് സർക്കാർ വർധിപ്പിച്ചിരുന്നു. ഇത് 36.37 കോടിയായി കുറച്ചു. ഗുണനിലവാരം ഉറപ്പാക്കുന്ന ലബോറട്ടറി പ്രവർത്തനത്തിനുള്ള തുകയിലും ഒരു കോടിയുടെ കുറവ്.
വന്യജീവി പ്രശ്‌നം; പരിഹാരമില്ല
വന്യജീവി ആക്രമണങ്ങളാൽ വലയുന്ന മലയോര കർഷകരെ നിരാശയിലാഴ്‌ത്തി യുഡിഎഫ് സർക്കാരിന്റെ ബജറ്റ്. യുഡിഎഫ് അധികാരത്തിലെത്തിയശേഷം കാട്ടാന ആക്രമണത്തിൽമാത്രം ഏഴുപേർ കൊല്ലപ്പെട്ടിട്ടും മനുഷ്യ–വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള ബജറ്റ് വിഹിതം കുറഞ്ഞു.
കഴിഞ്ഞ ബജറ്റിനേക്കാൾ 44.8 കോടി രൂപയുടെ കുറവാണുണ്ടായത്. വനവും വന്യജീവി സംരക്ഷണവും മേഖലയിൽ ആകെ 243.80 കോടിയാണ് നീക്കിവച്ചത്. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കർഷകആശങ്ക മുന്നിൽക്കണ്ട് 288.6 കോടി രൂപ അനുവദിച്ചിരുന്നു.
കടുവയുടെയും പുലിയുടെയും ശാസ്‌ത്രീയ സെൻസസ് നടത്തി മാറ്റിപ്പാര്‍പ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും ബജറ്റിൽ പറയുന്നു. എന്നാൽ, മൂന്നുമാസംമുന്പ് എല്ലാ സംസ്ഥാനങ്ങൾക്കുമൊപ്പം കേരളത്തിലും കടുവ സെൻസസ് പൂർത്തിയായി. മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കുമെന്ന പ്രഖ്യാപനത്തിലും വ്യക്തതയില്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയെന്നത് പ്രായോഗികമല്ല.
എവിടേയ്‌ക്കാണ് മാറ്റിപ്പാർപ്പിക്കുക എന്നത് കീറാമുട്ടിയാകും. തൃശൂർ സുവോളജിക്കൽ പാർക്ക്, കോഴിക്കോട് ബയോളജിക്കൽ പാർക്ക്, കോട്ടൂർ ആനപരിപാലനകേന്ദ്രം എന്നിവിടങ്ങളിലാണ് മൃഗങ്ങളുടെ പരിപാലനം കഴിഞ്ഞ സർക്കാർ ഉറപ്പാക്കിയത്. കൂടുതൽ പരിപാലന കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച് ബജറ്റിൽ പരാമർശവുമില്ല.
വനിതാവാദം പൊള്ള
രാജ്യത്തെ മികച്ച വനിത സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ സ്‌ത്രീകളെ പൂർണമായി അവഗണിച്ചു. പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയുടെ പേരുപറഞ്ഞ് സ്‌ത്രീകളെ വഞ്ചിച്ചതിന്റെ തുടർച്ചയാണ് ബജറ്റിലും. കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി യാത്രാസൗജന്യം ചുരുക്കിയായിരുന്നു ആദ്യ വഞ്ചന. എൽഡിഎഫ് സർക്കാറിന്റെ സ്ത്രീ സുരക്ഷ പദ്ധതിയുടെ തുക 3820 കോടിയിൽനിന്ന് 1950 കോടിയായി കുറച്ചു. 20 ലക്ഷത്തോളം ഗുണഭോക്താക്കളുള്ള പദ്ധതി തടസ്സപ്പെടുത്താനാണ് നീക്കം. ആശമാരുടെ ശമ്പളം 21,000 രൂപയായി വർധിപ്പിക്കും, സാമൂഹ്യ ക്ഷേമ സുരക്ഷ പെൻഷൻ വർധനവ്, കോളേജ് വിദ്യാർഥികൾക്ക് മാസം ആയിരം രൂപ എന്നിവയും വാഗ്‌ദാനങ്ങളായി മാത്രം തുടരും.
തൊഴിൽ ഉറപ്പില്ല
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്രശ്രമങ്ങൾക്ക് പിന്തുണനൽകി യുഡിഎഫ് സർക്കാരിന്റെ ബജറ്റ്. സംസ്ഥാന വിഹിതമായി 1422.60 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി കേന്ദ്രം വിബിജി ആർഎഎംജി എന്ന് പുനർനാമകരണം ചെയ്യുകയും സംസ്ഥാന വിഹിതം 40 ശതമാനമായി വർധിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനാൽ സംസ്ഥാനവിഹിതമായി 2090.96 കോടി രൂപയാണ് കണ്ടെത്തേണ്ടിയിരുന്നത്. ആവശ്യമായതിനേക്കാൾ 668 കോടിയിലധികം രൂപയാണ് ബജറ്റിൽ കുറച്ചത്. ഇത് സംസ്ഥാനത്ത് തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിച്ചുരുക്കാനിടയാക്കും. തൊഴിലാളികൾക്ക് കൂലി കുടിശ്ശികയാകും.
വിബി ജി ആർഎഎം ജി പദ്ധതിയിൽ 5227.4 കോടി രൂപയാണ് കേരളത്തിനുള്ളത്. 60:40 അനുപാതത്തിൽ 3136.44 കോടിരൂപ കേന്ദ്രവിഹിതമാണ്.
സംസ്ഥാന വിഹിതമായ 2090.96 കോടി മുൻകൂറായി വകയിരുത്തിയാലേ കേന്ദ്രവിഹിതം ലഭിക്കൂ.
കർഷകരെ ചതിച്ചു
യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ കർഷകരോടും ചതി. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിനുപുറമെകാർഷിക മേഖലയ്ക്കുള്ള വിഹിതവും വെട്ടിക്കുറച്ചു. ആകെ 1534.98 കോടിയാണ് വകയിരുത്തിയത്.
ജനുവരിയിൽ എൽഡിഎഫ് സർക്കാർ കാർഷിക മേഖലയ്ക്കായി 2071.95 കോടിരൂപ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് സർക്കാർ 537 കോടിയിലധികം വെട്ടിക്കുറച്ചു. റബ്ബറിന്റെ താങ്ങുവില ഉയർത്തി എന്ന് അവകാശപ്പെടുമ്പോഴും നെൽകൃഷിയെ പൂർണമായും അവഗണിച്ചു. പ്രകടന പത്രികയിൽ പറഞ്ഞ, നെല്ലിന്റെ സംഭരണവില 35 ആക്കുമെന്ന വാഗ്ദാനം നടപ്പായില്ല. കഴിഞ്ഞ ബജറ്റിൽ എൽഡിഎഫ് സർക്കാർ സംഭരണവില 30 രൂപയായി ഉയർത്തിയിരുന്നു. സഹകരണസംഘങ്ങൾവഴി സംഭരണം സുഗമമാക്കാനുള്ള പദ്ധതിയും അട്ടിമറിച്ചു. താങ്ങുവിലയിൽ കേന്ദ്രം നൽകേണ്ട കുടിശ്ശികയെക്കുറിച്ചും പരാമർശമില്ല. ലോകബാങ്ക് വായ്പയോടെ നടപ്പാക്കുന്ന കേരപദ്ധതിക്ക് കഴിഞ്ഞ സർക്കാർ 100 കോടി രൂപ മാറ്റിവെച്ചിരുന്നു. ഇതും അവഗണിച്ചു. സമഗ്ര പച്ചക്കറി വികസന പദ്ധതിക്കായി കഴിഞ്ഞ തവണ 78.45 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഒരു രൂപപോലും അനുവദിച്ചില്ല. മണ്ണ് -– ജല സംരക്ഷണ മേഖലയിലെ വിവിധ പ്രവർത്തനത്തിന് കഴിഞ്ഞ സർക്കാർ 81.24 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഇൗ മേഖലയെയും പാടേ അവഗണിച്ചു.
ഊർജ മേഖല: 25 കോടി കുറച്ചു
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ഊർജ മേഖലയ്‌ക്കുള്ള വിഹിതത്തിൽ 25.09 കോടി രൂപ വെട്ടിക്കുറച്ചു. 1284.75 കോടി രൂപയാണ് ആകെ ഊർജ മേഖലയ്‌ക്ക് വകയിരുത്തിയത്. ഇതിൽനിന്ന് കെഎസ്ഇബിക്ക് 1218.71 കോടിയും പാരന്പര്യേതര പുനരുപയോഗ ഉൗർജ പദ്ധതികൾക്കായി 66.04 കോടിയുമാണുള്ളത്.
എൽഡിഎഫ് സർക്കാരിന്റെ അവസാനബജറ്റിൽ 1309.84 കോടി ഊർജ മേഖലയ്‌ക്ക് വകയിരുത്തിയിരുന്നു. കെഎസ്ഇബിക്ക് 1238.80 കോടിയും പാരന്പര്യേതര പുനരുപയോഗ ഉൗർജ പദ്ധതികൾക്ക് 71.04 കോടിയും. ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്‌റ്റംസ്, സ്‌മാര്‍ട്ട് മീറ്ററുകള്‍, പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതി എന്നിവയ്‌ക്കും തുക വകയിരുത്തി.
മറന്നു മുണ്ടക്കൈ പുനരധിവാസം
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കും പുനരധിവാസത്തിനും ബജറ്റിൽ അവഗണന. ദുരന്തബാധിതരെക്കുറിച്ചോ, പുനരധിവാസത്തെക്കുറിച്ചോ പരാമർശമില്ല. ടൗൺഷിപ്പിന്റെ തുടർപ്രവർത്തനങ്ങളിലും മൗനം.
ഇപ്പോഴത്തെ പദ്ധതികൾ തുടരുമോ, മാറ്റം വരുത്തുമോയെന്നൊന്നും വ്യക്തമല്ല. ദിവസം കുടുംബത്തിലെ രണ്ടുപേർക്ക് നൽകുന്ന 300 രൂപയുടെ ജീവനോപാധി ജൂണിൽ അവസാനിക്കും. ഇത് തുടരുമോയെന്ന് ബജറ്റിലില്ല. വാടകയുൾപ്പെടെയുള്ള മറ്റുസഹായങ്ങളിലും ആശങ്കയാണ്.
ചൂരൽമല ടൗണിന്റെ പുനർനിർമാണം, വ്യാപാരസമുച്ചയം, ടൗൺഷിപ്പിനുള്ളിലേക്ക് മാറ്റിസ്ഥാപിക്കുന്ന കൽപ്പറ്റ ഗവ. എൽപി സ്‌കൂൾ, ടൗൺഷിപ്പിൽ സ്ഥാപിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയുടെ സ്‌ത്രീകളുടെയും കുട്ടികളുടെയും വിഭാഗം എന്നിവയ്‌ക്കും തുക വകയിരുത്തിയിട്ടില്ല.
ആരോഗ്യം ക്ഷയിക്കും
പകർച്ചവ്യാധികൾ പടരുന്പോഴും ആരോഗ്യമേഖലയ്‌ക്ക് അവഗണന. എൽഡിഎഫ് സർക്കാർ ബജറ്റിൽ നീക്കിവച്ച 2,500.31 കോടി രൂപ വെട്ടിച്ചുരുക്കി 2076.02 കോടിയാക്കി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സംസ്ഥാന വിഹിതമായി 457 കോടി അനുവദിച്ചിടത്ത് ഒരു രൂപപോലും വകയിരുത്തലില്ല. പകർച്ചവ്യാധി നിയന്ത്രണപദ്ധതിക്ക് 12 കോടിയും സാംക്രമിക രോഗ പ്രതിരോധത്തിന് 13 കോടിയും എൽഡിഎഫ് സർക്കാർ മാറ്റിവച്ചിരുന്നു. ഇൗ പദ്ധതിയെ തഴഞ്ഞു. എസ്‌എംഎ രോഗബാധിതരായ, 25 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യമരുന്ന് മുൻ സർക്കാർ ലഭ്യമാക്കിയതാണ്.
പൊതുജനാരോഗ്യരംഗത്ത് സ്വകാര്യനിക്ഷേപ സാധ്യതയും തുറക്കുന്നു. തെരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകും. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, മറ്റുകേന്ദ്രങ്ങൾ എന്നിവ സംയോജിപ്പിച്ച് കേരള ഹെൽത്ത് ആൻഡ് ലൈഫ് സിറ്റി രൂപീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്.
വിദ്യാർഥിനികളുടെ ആയിരമെവിടെ?
വിദ്യാർഥിനികളെയും ക്ഷേമപെൻഷൻ വാങ്ങുന്ന സാധാരണക്കാരെയും ആശാവർക്കർമാരെയും യുഡിഎഫ് പറഞ്ഞുപറ്റിച്ചു. പ്രകടനപത്രികയിൽ വിദ്യാർഥിനികൾക്ക് 1000 രൂപ ധനസഹായത്തെക്കുറിച്ചും ക്ഷേമ പെൻഷൻ വർധനയെക്കുറിച്ചും പറഞ്ഞിരുന്നു. എന്നാൽ, ബജറ്റിൽ പരാമർശമില്ല. അധികാരത്തിലേറിയാലുടൻ ആശമാരുടെ ഓണറേറിയം 21,000 രൂപയാക്കുമെന്ന് വാക്കുനൽകിയാണ് എസ്‌യുസിഐ നടത്തിയ സമരത്തെ പ്രോത്സാഹിപ്പിച്ചത്. ബജറ്റിൽഅവർ കാര്യമായ പരിഗണന പ്രതീക്ഷിച്ചിരുന്നെങ്കിലും ആശമാരുടെ പേരുപോലും പരാമർശിച്ചില്ല. ക്ഷേമപെൻഷൻ 3000 ആക്കുമെന്ന വാഗ്‌ദാനവും മറന്നു.
കെഎസ്ആർടിസിക്ക് "ഷോക്ക്'
സ്‌ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും പ്രിയദർശിനി പദ്ധതിയിലൂടെ സൗജന്യയാത്രയൊരുക്കിയ കെഎസ്‌ആർടിസിക്ക് വേണ്ടി ആകെ നീക്കിവച്ചത് 600 കോടി രൂപ മാത്രം. പദ്ധതിക്കായിമാത്രം 800 കോടി രൂപ അധികമായി സർക്കാർ നൽകുമെന്ന് പറഞ്ഞയിടത്താണ് 200 കോടിയുടെ കുറവ്. ജീവനക്കാരുടെ പെൻഷൻ വിതരണത്തിനും ശന്പളത്തിനുമായി 148 കോടി രൂപ പ്രതിമാസം വേണ്ടിവരും. ബസുകളുടെ അറ്റകുറ്റപ്പണിയുടെ ചെലവ് വേറെ. സൗജന്യയാത്ര നിലവിൽവന്നതോടെ സ്‌ത്രീയാത്രക്കാരുടെ എണ്ണം വർധിച്ചു. പുതിയ ബസുകൾ വാങ്ങുന്നതിനെക്കുറിച്ച് പരാമർശമില്ല.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഇപ്പോഴും ഡിപിആറിലും സാധ്യതാ പഠന ഘട്ടങ്ങളിലും ഒതുങ്ങി. രണ്ട് മെട്രോ പദ്ധതികളുടെയും പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ നീക്കിവച്ചത് 20 കോടി രൂപ മാത്രം.
നിലയ്ക്കും രജിസ്‌ട്രേഷൻ വകുപ്പ് നവീകരണം
രജിസ്‌ട്രേഷൻ വകുപ്പിന്റ നവീകരണത്തിന് എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതികളുടെ തുടർച്ചയ്‌ക്കുള്ളതൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ക്യാഷ് ലെസ്, പേപ്പർ ലെസ്, ഫേസ് ലെസ് രജിസ്ട്രേഷൻ യാഥാർഥ്യമാകക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സർക്കാർ ആവിഷ്‌കരിച്ച വിഷൻ–2031 ന് തുക വകയിരുത്തിയിട്ടില്ല.
യുഡിഎഫ് ബജറ്റിൽ രജിസ്ട്രേഷൻ വകുപ്പിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന് 27.7 കോടി രൂപയാണ് വകയിരുത്തിയത്. അണ്ടർവാല്യുവേഷൻ കേസുകളിൽ അന്തിമ ഉത്തരവിനുശേഷവും കുടിശ്ശിക വരുത്തുന്ന തുക വസ്തുവിന്മേലുള്ള ബാധ്യതയായി കണക്കാക്കാനുള്ള വ്യവസ്ഥകൾ പുതിയ ബജറ്റിലുണ്ട്. റവന്യൂ വരുമാനം വർധിപ്പിക്കാനാണ് ഇൗ നിർദേശമെന്നാണ് അവകാശവാദം.
അന്നം മുട്ടിക്കും
സപ്ലൈകോ വഴിയുള്ള സബ്‌സിഡി വിതരണവും വിപണി ഇടപെടലുംവഴി ജനങ്ങൾക്ക് ആശ്വാസമായ ഭക്ഷ്യവകുപ്പിനെ പാടെ ഉപക്ഷേിച്ച് ബജറ്റ്. വിപണി ഇടപെടലിനുള്ള പദ്ധതിയേതര വിഹിതം ഉൾപ്പെടെ 2333.64 കോടി രൂപയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റിൽ വകുപ്പിന് വകയിരുത്തിയത്. ഇത്തവണ ഒരു രൂപപോലുമില്ല. സപ്ലൈകോയ്ക്ക് കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുള്ള കുടിശ്ശിക കിട്ടാന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ സതീശന്‍ പക്ഷെ സംസ്ഥാന സഹായം പ്രഖ്യാപിച്ചില്ല.
സപ്ലൈകോ, ഹോര്‍ട്ടികോര്‍പ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് വിതരണ ശൃംഖലയിലെ പോരായ്മ പരിഹരിക്കുമെന്ന് മാത്രമാണ് പ്രഖ്യാപനത്തിലുള്ളത്. ബജറ്റില്‍ സപ്ലൈകോയെക്കുറിച്ച് പരാമര്‍ശം പോലും ഇല്ല. സഹകരണ മേഖലയ്ക്ക് കീഴിൽ കൺസ്യൂമർ ഫെഡ് വഴി 75 കോടി രൂപയും വിപണി ഇടപെടലിനായി കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നു. ഇത്തവണ അതും ഇല്ല.
ശബരിമലയ്ക്ക് പ്രത്യേക വിഹിതമില്ല
എൽഡിഎഫ് സർക്കാരിന്റെ ശബരിമല മാസ്റ്റർ പ്ലാൻ ബജറ്റിൽ അട്ടിമറിച്ചു. പ്രമുഖ ക്ഷേത്രങ്ങളെ ദേശീയ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന വാഗ്ദാനമല്ലാതെ ബജറ്റിൽ മാസ്റ്റർപ്ലാനിനെ പരാമർശിക്കുന്നില്ല. സംസ്ഥാനത്തെ ക്ഷേത്രഭരണവും സേവനങ്ങളും ഡിജിറ്റൽവൽക്കരിക്കുന്ന 70 കോടിയുടെ പദ്ധതിയും അവഗണിച്ചു. ക്ഷേത്രഭരണം സുതാര്യമാക്കുന്ന പദ്ധതിക്ക് അടുത്തിടെയാണ് ഹൈക്കോടതി അംഗീകാരം ലഭിച്ചത്.
മാധ്യമപ്രവർത്തകരെയും വഞ്ചിച്ചു
മാധ്യമപ്രവർത്തകരെയും ബജറ്റിൽ തഴഞ്ഞ് വി ഡി സതീശൻ. യുഡിഎഫിനെ അധികാരത്തിലേറ്റാൻ രാപ്പകലില്ലാതെ വ്യാജപ്രചാരം നടത്തിയ മാധ്യമങ്ങൾ വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
മാധ്യമ പ്രവർത്തകരുടെ പെൻഷൻ 15,000രൂപയാക്കണമെന്ന് പെൻഷൻകാരുടെ സംഘടനകളും പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയും മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടിരുന്നു. പെൻഷൻതുക ഉയർത്തുമെന്ന് സർക്കാർ അനുകൂല മാധ്യമങ്ങളിലുള്ളവരും പ്രചരിപ്പിച്ചു. മന്ത്രിമാരുടെ സ്‌റ്റാഫിലുള്ള ചില മാധ്യമപ്രവർത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ, ബജറ്റിൽ പരാമർശിച്ചത് പതിവ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പത്രപ്രവർത്തകയിതര പെൻഷനുമാണ്.
കഴിഞ്ഞ ബജറ്റിൽ എൽഡിഫ് സർക്കാർ 1500 രൂപ വർധിപ്പിച്ച് മാധ്യമപ്രവർത്തകരുടെ പെൻഷൻ 12,500 രൂപയാക്കിയിരുന്നു. ഇതിന്റെ ഉത്തരവ് ഇറങ്ങാൻ കാലതാമസമുണ്ടായെങ്കിലും ബജറ്റ് പ്രഖ്യാപനമായതിനാൽ കുടിശ്ശികയടക്കം കിട്ടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2026–27ലെ പുതുക്കിയ ബജറ്റ് എസ്‌റ്റിമേറ്റ് |
റവന്യൂ വരവ് 1,69,646.37 |
റവന്യൂ ചെലവ് 2,05,001.67 |
റവന്യൂ കമ്മി (–) 35,355.30 |
മൂലധനച്ചെലവ് (–) 19,651.41 |
വായ്പയും മുൻകൂറും (–) 1,398.65 |
പൊതുകടം 52,364.13 |









0 comments