ad
Deshabhimani

print edition ജീവനക്കാർക്ക്‌ 
ഉള്ളതും നഷ്ടമാകും; ലൈഫിന് മരണമണി

LIFE Mission Govt Officers Cartoon
avatar
ഒ വി സുരേഷ്‌

Published on Jun 20, 2026, 03:28 AM | 2 min read

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാർ വന്നാൽ ജീവനക്കാർക്ക്‌ ‘വിസ്മയ’ങ്ങളുണ്ടാകുമെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശൻ അവരുടെ നിലവിലുള്ള ആനുകൂല്യങ്ങൾപോലും പിടിച്ചുപറിക്കുമെന്ന്‌ വ്യക്തമായി. സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി അട്ടിമറിച്ച്‌ നേരത്തെ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയ യുഡിഎഫ്‌ വീണ്ടും അതേപാതയിലാണ്‌. ഉറപ്പുള്ള പെൻഷൻ പദ്ധതി എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നത്‌ അട്ടിമറിച്ച്‌ എൻപിഎസ്‌ ശക്തിപ്പെടുത്തുമെന്നാണ്‌ ബജറ്റ്‌ പ്രഖ്യാപനം. ജീവനക്കാരോടുള്ള വെല്ലുവിളിയാണ്‌ ഇ‍ൗ തീരുമാനം.


എൽഡിഎഫ്‌ സർക്കാർ നിശ്‌ചയിച്ച ശമ്പള പരിഷ്‌കരണ കമീഷൻ വൈകാതെ റിപ്പോർട്ട് നൽകുമ്പോൾ അതെങ്ങനെ നടപ്പാക്കുമെന്ന്‌ ബജറ്റിൽ പറയുന്നില്ല. ശമ്പള പരിഷ്‌കരണം പത്തുവർഷത്തിലൊരിക്കൽ മതി എന്ന്‌ ധവളപത്രത്തിൽ നിർദേശിച്ചിട്ടുണ്ട്‌.


വോട്ടുകിട്ടാൻ വാഗ്‌ദാനം നൽകുക, വിജയിച്ചപ്പോൾ ജനങ്ങളെ വഞ്ചിക്കുക എന്നതാണ്‌ സർക്കാർ നിലപാട്‌. പദ്ധതികൾ വെട്ടിച്ചുരുക്കിയും ആനുകൂല്യങ്ങൾ പിടിച്ചുവച്ചുമാണ്‌ കബളിപ്പിക്കുന്നത്‌.


‘കെഎസ്‌ആർടിസിയിൽ എവിടേയ്‌ക്കുവേണമെങ്കിലും പോകാം, തീർഥയാത്ര നടത്താം, ഒരു കാശും കൊടുക്കേണ്ട’ എന്നായിരുന്നു പ്രധാന ഗാരന്റി. നടപ്പാക്കിയപ്പോൾ സ‍ൗജന്യം ഓർഡിനറി ബസുകളിൽ മാത്രമായി. കെഎസ്‌ആർടിസി ബസുകൾ വേണ്ടത്രയില്ലാത്ത വടക്കൻ കേരളത്തിൽ സ‍ൗജന്യയാത്ര നിഷേധിക്കുന്നു. പ്രഖ്യാപിച്ച സ‍ൗജന്യത്തിന്‌ ആവശ്യമായ തുകയും ബജറ്റിൽ വകകൊള്ളിച്ചില്ല.


യുവജനങ്ങൾക്ക്‌ ബിസിനസ്‌ തുടങ്ങാൻ അഞ്ചുകോടി രൂപവരെ പലിശരഹിത വായ്‌പ എന്ന ഇന്ദിരാഗാരന്റിയെക്കുറിച്ച്‌ മ‍ൗനമാണ്‌. വിശപ്പുരഹിത കേരളത്തിനായുള്ള ഇന്ദിരാകാന്റീൻ വാഗ്‌ദാനത്തിലൊതുങ്ങി. 25 ലക്ഷം രൂപയുടെ സ‍ൗജന്യ ഉമ്മൻചാണ്ടി ചികിത്സാ ഇൻഷറുൻസിന്‌ നീക്കിവച്ചത്‌ 10 കോടി രൂപ. 90 ലക്ഷം കുടുംബങ്ങളുള്ള കേരളത്തിൽ ഒരു കുടുംബത്തിന്‌ 11 രൂപയാകും ഇതുപ്രകാരം നീക്കിവയ്‌ക്കപ്പെടുക.


ലൈഫിന് മരണമണി


അഞ്ച്‌ ലക്ഷത്തിലധികം കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയ ലൈഫ്‌ പദ്ധതി അസ്‌തമിക്കുന്നു. ബജറ്റിൽ ഇതേപ്പറ്റി പരാമർശമില്ല. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ഭവനപദ്ധതി നടപ്പാക്കുമെന്നാണ്‌ പ്രഖ്യാപനം. എന്നാൽ, തുക വകയിരുത്തിയിട്ടില്ല. ഇതോടെ ലൈഫ്‌ പദ്ധതി നിലയ്‌ക്കും. വീട്‌ നിർമാണത്തിന്‌ സഹായം ലഭ്യമാകുന്ന വഴിയടയും.


മുൻ എൽഡിഎഫ്‌ സർക്കാർ എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക്‌ ലൈഫിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ സഹായം ഉറപ്പാക്കിയിരുന്നു. ഒന്നരലക്ഷത്തോളം എസ്‌സി, എസ്‌ടി കുടുംബങ്ങൾക്ക്‌ ഇത്തരത്തിൽ വീട്‌ ലഭിച്ചു. മത്സ്യത്തൊഴിലാളികൾക്ക്‌ ‘പുനർഗേഹം’ പദ്ധതിയിൽ 3500 വീടുകൾ നിർമിച്ചുനൽകി. എൽഡിഎഫ്‌ സർക്കാരിന്റെ അവസാന ബജറ്റിൽ ലൈഫ്‌ മിഷൻ പദ്ധതിക്ക്‌ 1,497.26 കോടി വകയിരുത്തി. ലൈഫിൽ അനുമതി കിട്ടി വീട്‌ പണി തുടങ്ങിയ ഒരുലക്ഷത്തിലേറെ കുടുംബങ്ങളുണ്ട്‌. അവരെയും പട്ടികയിൽ ഉൾപ്പെട്ട്‌ അനുമതി കാക്കുന്ന ലക്ഷക്കണക്കിന്‌ കുടുംബങ്ങളെയും ആശങ്കയിലാക്കുന്നതാണ്‌ യുഡിഎഫ്‌ സർക്കാർ നീക്കം.


എൽഡിഎഫ്‌ സർക്കാർ 2017 മെയ്‌ 23നാണ്‌ ലൈഫ്‌ പദ്ധതി ആരംഭിച്ചത്‌. 72,000 രൂപ മാത്രം ലഭിക്കുന്ന കേന്ദ്ര ഭവനപദ്ധതി ഗുണഭോക്താക്കൾക്കും ഇതിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപയുടെ ആനുകൂല്യം നൽകി. മാർച്ച്‌ 31 വരെയുള്ള കണക്കനുസരിച്ച്‌ 6,08,475 വീടുകൾ അനുവദിച്ചതിൽ 5,00,962 എണ്ണം പണി പൂർത്തിയാക്കി. ആകെ 21,077.72 കോടി രൂപ ചെലവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home