ad
Deshabhimani

വിലവർധനയിൽ തട്ടി ചെങ്കൽപ്പണകൾ നിശ്‌ചലം

പ്രവർത്തനം നിലച്ച ബ്ലാത്തൂരിലെ ചെങ്കൽ ക്വാറി   ഫോട്ടോ: പി ദിലീപ് കുമാർ
വെബ് ഡെസ്ക്

Published on Apr 24, 2026, 02:30 AM | 1 min read

കണ്ണൂർ

വില വർധിപ്പിക്കാനുള്ള തീരുമാനത്തിൽ വ്യാപക പ്രതിഷേധമുയർന്നതോടെ ജില്ലയിൽ ചെങ്കൽപ്പണകൾ നിശ്‌ചലം. എട്ടു രൂപയാണ്‌ ചെങ്കല്ലിന്‌ വർധിപ്പിച്ചത്‌. വർധന നടപ്പാക്കിയാൽ ചെങ്കൽ ലോറികൾ തടയുമെന്ന്‌ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ്‌ ചെങ്കൽ വ്യവസായ അസോസിയേഷൻ പണകളുടെ പ്രവർത്തനം നിർത്തിവച്ചത്‌. എട്ടുരൂപ വർധിപ്പിക്കാനാണ്‌ ചെങ്കൽ വ്യവസായ അസോസിയേഷൻ തീരുമാനം. ചെങ്കല്ലിന്‌ അഞ്ചുരൂപയും വാഹനച്ചെലവിനത്തിൽ മൂന്നുരൂപയുമാണ്‌ കൂട്ടുക. 20 മുതൽ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. നിർമാണമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഒറ്റയടിക്ക്‌ ഇത്രയും വിലവർധന അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്‌ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകൾ. വ്യാപക പ്രതിഷേധമുയർന്നതോടെ വിലവർധന നടപ്പാക്കാനാകില്ലെന്ന്‌ അസോസിയേഷന്‌ ബോധ്യമായി. ഇതോടെയാണ്‌ പണകളിലെ പ്രവർത്തനം നിർത്തിവച്ചത്‌. സ്ഥലത്തിനുള്ള വാടക, ജെസിബി വാടക, ബ്ലേഡ്‌ അടക്കമുള്ള സ്‌പെയർ പാർട്‌സുകളുടെ വില വർധന, തൊഴിലാളികളുടെ കൂലിവർധന തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ്‌ ചെങ്കല്ലിന്‌ വിലകൂട്ടാൻ തീരുമാനിച്ചതെന്നാണ്‌ ചെങ്കൽ വ്യവസായ അസോസിയേഷന്റെ വിശദീകരണം. പണകളിലെ തൊഴിലാളികളും കൂലി വർധന ആവശ്യപ്പെട്ടിട്ടുണ്ട്‌. 30 ശതമാനം വർധനയാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഇത്രയും അനുവദിക്കാനാവില്ലെന്ന നിലപാടിലാണ്‌ ഉടമകളും. തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച്‌ ലേബർ ഓഫീസർ അടുത്ത ദിവസം തൊഴിലാളി സംഘടനകളുമായും ചെങ്കൽ വ്യവസായ അസോസിയേഷനുകളുമായും ചർച്ച നടത്തുന്നുണ്ട്‌. വിലവർധനയുടെ കാര്യത്തിൽ 27ന്‌ യുവജന സംഘടനകളുമായും ചെങ്കൽ വ്യവസായ അസോസിയേഷൻ ചർച്ച നടത്തുന്നുണ്ട്‌. ഇതരസംസ്ഥാന തൊഴിലാളികൾ തെരഞ്ഞെടുപ്പിന്‌ നാട്ടിലേക്ക്‌ മടങ്ങിയതോടെ തൊഴിലാളി ക്ഷാമവുമുണ്ട്‌. ചെങ്കൽ പണകളിൽ പതിനായിരത്തിനടുത്ത്‌ ഇതരസംസ്ഥാന തൊഴിലാളികളാണ്‌ തൊഴിലെടുക്കുന്നത്‌. ഇവർ വോട്ടുചെയ്യാനായി പോയതോടെയാണ്‌ പ്രതിസന്ധി രൂക്ഷമായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home